കൊണ്ടോട്ടി: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസന പ്രവർത്തനങ്ങൾക്കും റെസാ നിർമ്മാണ പ്രവർത്തനങ്ങൾക്കും ഇനി വേഗം കൂടും. നിർമ്മാണ പ്രവൃത്തികൾക്കാവശ്യമായ മണ്ണ് ഖനനത്തിന് കൂടുതൽ പ്രദേശങ്ങൾക്ക് എൻവയോൺമെന്റൽ ക്ലിയറൻസ് ലഭിച്ചു. അടുത്ത മാർച്ച് അവസാനത്തോടെ റെസാ നിർമ്മാണത്തിന്റെ 82 ശതമാനം പ്രവൃത്തികൾ പൂർത്തിയാക്കാൻ സാധിക്കുമെന്ന് കരാർ കമ്പനി അറിയിച്ചിട്ടുണ്ട്.
നിലവിൽ പരിസ്ഥിതി മന്ത്രാലയത്തിന്റെയും റവന്യൂ, ജിയോളജി വകുപ്പിന്റെയും അനുമതി ലഭിച്ച ഏഴോളം ഇടങ്ങളിൽ നിന്നാണ് മണ്ണിട്ടുയർത്തൽ പ്രവൃത്തികൾക്ക് ആവശ്യമായ മണ്ണ് ഖനനം ചെയ്ത് എത്തിക്കുന്നത്.
നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കുന്നതിനും ഏറ്റെടുത്ത സമയത്തിനുള്ളിൽ തന്നെ റെസ ദീർഘിപ്പിക്കൽ പൂർത്തിയാക്കുന്നതിനും ഖനനാനുമതിക്കായി കൂടുതൽ പ്രദേശങ്ങൾ കണ്ടെത്തിയിരുന്നു. ഇവിടങ്ങളിൽ പാരിസ്ഥിതികാഘാത പഠനങ്ങൾക്ക് ശേഷം കൂടുതൽ പ്രദേശങ്ങൾക്കും എൻവയോൺമെന്റ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിച്ചതായി എയർപോർട്ട് ഡയറക്ടർ പറഞ്ഞു. ഈ പ്രദേശങ്ങൾക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതിനാൽ ഇനി റവന്യൂ, ജിയോളജി വകുപ്പുകളുടെ അനുമതി ലഭിച്ചാൽ മതിയാവും. മഴ മാറുന്നതോടെ മണ്ണിട്ടുയർത്തൽ പ്രവർത്തനങ്ങൾക്കാവശ്യമായ ഖനന പ്രവർത്തനങ്ങൾ ഇവിടെ ആരംഭിക്കും.
നിലവിൽ കരിപ്പൂർ വിമാനത്താവള റൺവേയുടെ റെസ ഏരിയ 90 മീറ്ററാണ്. ഏറ്റെടുത്ത ഭൂമിയിലെ 150 മീറ്റർ പ്രവൃത്തികൾ പൂർത്തിയായാൽ 240 മീറ്ററായി വർദ്ധിക്കും. ടേബിൾ ടോപ്പ് റൺവേയ്ക്ക് ഇത് കൂടുതൽ സുരക്ഷ നൽകും. നടന്നു വരുന്ന പ്രവൃത്തികൾക്ക് 35 ലക്ഷത്തിലധികം ക്യൂബിക്ക് മീറ്റർ മണ്ണ് ആവശ്യമാണ്.
വേഗം കൂടും
അടുത്ത് നടന്ന എംപിമാരുടെയും കരാറുകാരുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും യോഗത്തിൽ മാർച്ചിൽ 82 ശതമാനം പ്രവൃത്തികൾ പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് കരാറുകാർ അറിയിച്ചിട്ടുള്ളത്.
മുനീർ മാടമ്പാട്ട്, എയർപോർട്ട് ഡയറക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |