മലപ്പുറം: ഒഴുകിയെത്തിയ പകുതി വേർപ്പെട്ട മനുഷ്യ ശരീരങ്ങൾ, ചലനമില്ലാത്ത കുഞ്ഞുടലുകൾ... ചാലിയാറിന്റെ കുത്തൊഴുക്കുകളിൽ ഹൃദയം തകരുന്ന കാഴ്ചകൾ ഒഴുകി നിലച്ചിട്ട് നാളേക്ക് ഒരുവർഷം പൂർത്തിയാവുന്നു. പച്ചപ്പറുദ്ദീസയായിരുന്ന വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ഗ്രാമങ്ങളെ ഒറ്റരാത്രി കൊണ്ട് ശൂന്യമാക്കി തരിശാക്കിയ ഉരുൾപൊട്ടൽ ചാലിയാറിന്റെ വിവിധ കടവുകളിലും മരണം വിതറി കടന്നുപോയ നടുക്കുന്ന ഓർമ്മകൾ. ചിതറിത്തെറിച്ച മൃതദേഹങ്ങളുമായി മരണപ്പുഴയായി നിറഞ്ഞൊഴുകിയ ചാലിയാർ പോത്തുകല്ല്, ഇരുട്ടുകുത്തി, അമ്പുട്ടാൻപൊട്ടി, കുനിപ്പാല, മച്ചിക്കൈ, ഭൂദാനം, വെള്ളിലമാട്, മുണ്ടേരി കമ്പിപ്പാലം, പനങ്കയം തുടങ്ങി വിവിധ കടവുകളിലാണ് ചിതറിത്തെറിച്ച മൃതദേഹങ്ങളുമായെത്തിയത്. മുണ്ടക്കൈയിൽ ആദ്യം ഉരുൾപൊട്ടി രണ്ടര കിലോമീറ്റർ അകലെയുള്ള ചൂരൽമലയിലൂടെ ഒഴുകിയ മൃതശരീരങ്ങൾ സൂചിപ്പാറ വെള്ളച്ചാട്ടം വഴി ചാലിയാർ പുഴയുടെ കൈവഴികളിലൂടെ ഒഴുകിയെത്തുകയായിരുന്നു. ദുരന്തത്തിന്റെ വ്യാപ്തി പലരും മനസ്സിലാക്കിയത് ചാലിയാർ പുഴയിലൂടെ ഒഴുകിയെത്തിയ മൃതദേഹങ്ങളിൽ നിന്നായിരുന്നു. പിന്നീട് കണ്ടത് രക്ഷാപ്രവർത്തനത്തിന്റെ നീണ്ട ദിനങ്ങളായിരുന്നു.
കരൾ പിളർക്കും കാഴ്ചകൾ. ശരീരഭാഗങ്ങൾ രക്ഷാപ്രവർത്തകർ എടുത്തുയർത്തുമ്പോൾ കൂടിനിന്നവരുടെ കണ്ണുകൾ നിറഞ്ഞൊഴുകിയ ദിവസങ്ങൾ. മരക്കൂട്ടങ്ങൾക്കിടയിലും മണൽക്കൂനകൾക്കിടയിലും മൃതദേഹങ്ങൾ. ഇത്രയേറെ മൃതദേഹങ്ങൾ കണ്ടെടുത്ത മറ്റൊരു നദി കേരളത്തിലില്ല. ചാലിയാറിൽ ഇപ്പോഴും മരണത്തിന്റെ ഗന്ധമാണ്...മരണം മണക്കുന്ന നദി.
ആദ്യമെത്തിയത് മൂന്ന് വയസുകാരി
മൂന്ന് വയസുള്ള കുട്ടിയുടെ മൃതദേഹമാണ് ചാലിയാറിലൂടെ ആദ്യം ഒഴുകിയെത്തിയത്. പിന്നാലെ ഏഴ് വയസുകാരിയുടെ മൃതദേഹവും ലഭിച്ചു. പാതി തലയുള്ള നാല് വയസുകാരൻ, അരയ്ക്ക് താഴേക്ക് വേർപ്പെട്ട 50കാരൻ, തല വേർപ്പെട്ട ഏഴ് വയസുകാരൻ, കാലില്ലാത്ത 50കാരൻ...ചോര മരവിപ്പിക്കുന്ന കാഴ്ചകൾ ഒഴുകിയെത്തി. മഴ മാറി ചാലിയാറിലെ ജലനിരപ്പ് താഴ്ന്നതോടെ കൂടുതൽ മൃതദേഹങ്ങൾ കരയ്ക്കടിയുകയായിരുന്നു. പ്ലാസ്റ്റിക് കവറുകളിലും തുണികളിലും കെട്ടിക്കൊണ്ടുവന്ന പകുതി വേർപ്പെട്ട ശരീരഭാഗങ്ങളിലും തങ്ങളുടെ ഉറ്റവരുണ്ടോ എന്നറിയാൻ നിർജീവമായി നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തിയവർ. എങ്ങും ആംബുലൻസുകളുടെ ശബ്ദം. തുടർന്ന്, പോസ്റ്റ്‌മോർട്ടത്തിന് ശേഷം ചേതനയറ്റ ശരീരങ്ങൾ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ നിന്നും മേപ്പാടി സി.എച്ച്.സിയിലേക്ക്. ഡി.എൻ.എ പരിശോധനയ്ക്ക് ശേഷം തിരികെ കാത്തിരിക്കാൻ ആരുമില്ലാത്ത ദുരന്തഭൂമിയിലേക്ക്.
നന്മയുടെ കാഴ്ച
കാട്ടാനശല്യം ഉൾപ്പെടെ അഭിമുഖീകരിക്കേണ്ടി വരുന്ന വനമേഖലയായിരുന്നിട്ടും അതൊന്നും വകവയ്ക്കാതെ ജനങ്ങളും അധികൃതരും രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയ നന്മയുടെ കാഴ്ചകൾക്കാണ് അന്ന് സാക്ഷ്യം വഹിച്ചത്. പൊന്തക്കാടുകളിൽ ഉടക്കി നിന്നവ വലിച്ചെടുത്തും മണ്ണിൽ ആണ്ടുകിടക്കുന്നവ കുഴിച്ചെടുത്തുമാണ് ആരുടേതെന്നറിയാത്ത ശരീരഭാഗങ്ങൾ കരയ്‌ക്കെത്തിച്ചത്. വർഷങ്ങൾക്ക് മുമ്പ് തങ്ങളുടെ നാട് അനുഭവിച്ച കവളപ്പാറ ദുരന്തത്തിന്റെ വേദനയിലൂടെ കടന്നുപോകുന്ന ഇവർക്ക് വയനാടിന് വേണ്ടി നദിയിലിറങ്ങാൻ മറ്റൊന്ന് ആലോചിക്കേണ്ടി വന്നിരുന്നില്ല. പ്രകൃതി ദുരന്തത്തിൽ ഉറ്റവരെ നഷ്ടപ്പെടുന്ന കുടുംബങ്ങളുടെ വേദന ഇവരേക്കാൾ കൂടുതൽ മറ്റാർക്കും മനസ്സിലാവില്ല.
കനത്ത മഴയേയും കര കവിഞ്ഞൊഴുകുന്ന ചാലിയാറിനെയും അവഗണിച്ച് മൃതദേഹങ്ങൾ ഓരോന്നായി കരയിലേക്കെത്തിച്ചു. ഉടുമുണ്ട് അഴിച്ച് മൃതദേഹങ്ങൾ പൊതിഞ്ഞ് തോളിലേറ്റി കിലോമീറ്ററുകൾ വനത്തിലൂടെ സഞ്ചരിച്ചും പുഴ മുറിച്ച് കടക്കാനായി ചങ്ങാടം തുഴഞ്ഞും മറുകരയിൽ എത്തിച്ചു. മൺകൂനകൾക്ക് മുകളിൽ മണ്ണുമാന്തി യന്ത്രക്കൈ പതിച്ചപ്പോൾ ഉള്ളിൽ ഒരു ജീവന്റെ തുടിപ്പ് പ്രതീക്ഷിച്ചാണ് ഇവർ ചുറ്റും നോക്കിയിരുന്നത്. കവളപ്പാറ ദുരന്ത സമയത്ത് വെളിച്ചത്തിലും പാതി ഇരുട്ടായ കണ്ണുകൾ കൊണ്ട് ഉറ്റവർക്കായി തെരച്ചിൽ നടത്തിയവർ മറ്റൊരിടത്ത് ഇതേ വേദന അനുഭവിക്കുന്ന ഒരു കൂട്ടം ആളുകൾക്ക് വേണ്ടിയും അക്ഷീണം പ്രവർത്തിക്കുകയായിരുന്നു.
ഫയർഫോഴ്സ്, വനം വകുപ്പ്, എൻ.ഡി.ആർ.എഫ്, പൊലീസ്, എമർജൻസി റെസ്‌പോൺസ് ടീം, വിവിധ സംഘടനകൾ, നാട്ടുകാർ എന്നിങ്ങനെ എല്ലാവരും തങ്ങളുടെ ഉറ്റവർ ചാലിയാറിൽ പുതഞ്ഞെന്ന പേലെ പരിശോധനയിൽ പങ്കുചേർന്നു.
മരണപ്പുഴയായി ചാലിയാർ
ഇനിയും ചാലിയാർ പുഴയിൽ വീണ്ടെടുക്കാനാകാതെ മൃതദേഹങ്ങൾ ചിലപ്പോൾ അവശേഷിക്കുന്നുണ്ടാവാം. എത്ര മൃതദേഹങ്ങളാണ് ചാലിയാറിൽ പുതഞ്ഞത് എന്നതിന് ഇന്നും കൃത്യമായ കണക്കില്ല. പാറക്കല്ലുകളിൽ അടിച്ചും കുത്തൊഴുക്കിൽ അലയടിച്ചും ഛിന്നഭിന്നമായവ എത്രയെന്ന് കണ്ടെത്തുക അസാദ്ധ്യം.
മൃതദേഹവും അടയാളങ്ങൾ പോലുമില്ലാത്ത ശരീരാവശിഷ്ടവും ഏറ്റുവാങ്ങേണ്ടി വന്നതോടെ ചാലിയാർ പുഴ ദുരന്തത്തിന്റെ ദൃക്‌സാക്ഷിയെന്നോണം കലങ്ങിയ മനസ്സോടെയാവാം ഇന്നും ഒഴുകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |