മലപ്പുറം: അഴിമതി ആരോപണം നേരിടുന്ന ജില്ലാ പഞ്ചായത്ത് മക്കരപ്പറമ്പ് ഡിവിഷൻ അംഗം ടി.പി.ഹാരിസ് ജില്ലാ പഞ്ചായത്ത് അംഗത്വം രാജിവയ്ക്കണമെന്നും ഹാരിസിനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ ജില്ലാ പഞ്ചായത്ത് ഭരണ സമിതി യോഗം ഉപരോധിച്ചു. നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് വഞ്ചിതരായവർ പരാതി നൽകിയതോടെയാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ ജില്ലാ പഞ്ചായത്തിലെത്തി ഭരണസമിതി യോഗം ഉപരോധിച്ചത്. മുദ്രാവാക്യം വിളിച്ച് പ്രവർത്തകർ ജില്ലാ പഞ്ചായത്ത് ഓഫീസിലേക്ക് കയറുന്ന മുൻഭാഗത്ത് തന്നെ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പിന്നീട് പൊലിസെത്തി പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.ഉപരോധ സമരത്തിന് ജില്ലാ ജോയിന്റ് സെക്രട്ടറി സി.ഇല്യാസ്, സി.വിബീഷ്, എം.രജീഷ്, വി.കെ.ഹരികൃഷ്ണപാൽ, കെ.പി.ശ്രീജിത്, കെ.വി.ഫൈസൽ എന്നിവർ നേതൃത്വം നൽകി. ഹാരിസിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഇടതുക്ഷ അംഗങ്ങൾ ജില്ലാ പഞ്ചായത്ത് യോഗം നടക്കുന്ന കൗൺസിൽ ഹാളിനകത്തും പ്രതിഷേധിച്ചു. പ്രതിപക്ഷ അംഗങ്ങളായ പി.പി.മോഹൻദാസ്, ഇ.അഫ്സൽ, ആരിഫ നാസിർ, എ.കെ.സുബൈർ എന്നിവരാണ് ഹാരിസിനെതിരെയുള്ള പരാതി ഉയർത്തിക്കാട്ടി യോഗം നടക്കുമ്പോൾ പ്രതിഷേധിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |