SignIn
Kerala Kaumudi Online
Sunday, 28 April 2024 4.45 PM IST

ടി.എം.ജേക്കബിനോട് യുദ്ധം ചെയ്യാൻ സഭയിലെത്തിയ നബീസ

nabeesa-ummal

തിരുവനന്തപുരം: 'ഞാൻ ആരുടെയും മുമ്പിൽ കരഞ്ഞിട്ടില്ല, കരയുന്ന പ്രകൃതക്കാരിയുമല്ല." 1987 ഏപ്രിൽ ഒന്നിന് എട്ടാം നിയമസഭയുടെ ഒന്നാം സമ്മേളനത്തിൽ കഴക്കൂട്ടം എം.എൽ.എ എ.നബീസാ ഉമ്മാൾ സ്‌പീക്കറുടെ പ്രത്യേക അനുമതിയോടെ നടത്തിയ വിശദീകരണത്തിലെ വാക്കുകളാണിത്. യൂണിവേഴ്സിറ്റി കോളേജ് മുൻ പ്രിൻസിപ്പൽ മുൻ വിദ്യാഭ്യാസ മന്ത്രിക്കെതിരെ സംസാരിക്കാൻ ചോദിച്ചു വാങ്ങിയ അപൂർവ അവസരത്തിന് ഒരു പശ്ചാത്തലമുണ്ടായിരുന്നു. തൊട്ടുമുമ്പത്തെ വർഷം നബീസ ഉമ്മാൾ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് പ്രിൻസിപ്പൽ. ടി.എം.ജേക്കബ് കെ.കരുണാകരൻ മന്ത്രിസഭയിൽ വിദ്യാഭ്യാസ മന്ത്രി. പ്രീഡിഗ്രി ബോർഡ് രൂപീകരണ നീക്കത്തിനെതിരായ സമരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികളെ പൊലീസ് തല്ലിച്ചതയ്‌ക്കുന്നതിൽ പ്രിൻസിപ്പൽ മന്ത്രിയെ പ്രതിഷേധം അറിയിച്ചു. പൊലീസിനെ കാമ്പസിനകത്ത് കയറാൻ അവർ അനുവദിച്ചുമില്ല. തൊട്ടുപിന്നാലെ സെനറ്ര് തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയെ വിജയിപ്പിക്കണമെന്ന മന്ത്രിയുടെ നിർദ്ദേശവും സ്ഥലംമാറ്റ ഭീഷണിയും തളളി. വിരമിച്ച പിറ്റേവർഷം നബീസ ഉമ്മാൾ എം.എൽ.എ ആയപ്പോൾ പ്രതിപക്ഷത്തായിരുന്നു ജേക്കബ്. വിദ്യാർത്ഥി പ്രക്ഷോഭം സഹിക്കാനാകാതെ നബീസ ഉമ്മാൾ കരഞ്ഞുവെന്നും തങ്ങളുടെ സർക്കാർ അവർക്ക് പൊലീസ് സംരക്ഷണം നൽകിയാണ് രക്ഷിച്ചതെന്നും അദ്ദേഹം സഭയിൽ പറഞ്ഞു. അതിന് നവാഗത വനിത എം.എൽ.എ നൽകിയ മറുപടി സഭാരേഖകളിലെ തിളക്കമുള്ള ഏടായി. അന്ന് നബീസ പ്രസംഗം അവസാനിപ്പിക്കുമ്പോൾ മുഖ്യമന്ത്രിയുടെ സീറ്റിലിരുന്ന് ഇ.കെ.നായനാർ അഭിനന്ദിച്ച് ഡെസ്‌കിലടിച്ചു. ടി.എം.ജേക്കബുമായി യുദ്ധം ചെയ്യാനാണ് താൻ എം.എൽ.എ ആയതെന്ന് നബീസ ഉമ്മാൾ പിന്നീട് തമാശയായി പറയുമായിരുന്നു.

തീപ്പൊരി പ്രാസംഗികയായിരുന്നു നബീസ ഉമ്മാൾ. എൽ.ഡി.എഫ് സ്വതന്ത്രയായി മത്സരിച്ച ആദ്യ തിരഞ്ഞെടുപ്പിൽ 14,​080 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയം. അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നത്തിൽ പാർട്ടി സ്ഥാനാർത്ഥിയായ രണ്ടാം മത്സരത്തിൽ 689 വോട്ടിനാണ് എം.വി.രാഘവനോട് പരാജയപ്പെട്ടത്. പത്താം ക്ലാസിൽ മൂന്ന് നഫീസമാർ ഉണ്ടായിരുന്നതുകൊണ്ട് തിരിച്ചറിയാൻ അദ്ധ്യാപകരാണ് ഒരാളെ നബീസ ബീവിയും ഒരാളെ നബീസ ഉമ്മാളും ഒരാളെ വെറും നഫീസയുമാക്കിയത്. നബീസയുടെ ഉമ്മയുടെ പേര് അസനുമ്മാൾ എന്നായിരുന്നു. വേഗം ജോലി കിട്ടാനാണ് മലയാളം എം.എ എടുത്തത്. പൊലീസുകാരനായിരുന്ന എം.ഖാദർ മൊയ്തീന്റെ അഞ്ചു മക്കളിൽ ബാക്കി നാലു പേരും പത്താം ക്ലാസ് വരെയേ പഠിച്ചുള്ളൂ. കോളേജ് വിദ്യാഭ്യാസം വേണം,ജോലി വേണം,ശമ്പളം വേണം എന്നത് മക്കളിൽ മൂന്നാമത്തെയാളായ നബീസയുടെ വാശിയായിരുന്നു. മലയാളത്തിൽ ബിരുദാനന്തര ബിരുദമെടുത്ത ആദ്യ മുസ്ലിം വനിതയാണ്. അത് പൂർത്തിയാക്കാൻ ഭർത്താവ് എം.ഹുസൈൻ കുഞ്ഞ് കൂടെനിന്നു.

യൂണിവേഴ്‌സിറ്റി കോളേജ് മാഗസിനിൽ വൈരുദ്ധ്യാധിഷ്‌ഠിത ഭൗതിക വാദത്തെ അനുകൂലിച്ച് ലേഖനം എഴുതിയതിന് ശ്രീനിവാസ അയ്യർ എന്ന പ്രിൻസിപ്പലിൽ നിന്ന് താക്കീത് കിട്ടിയ വിദ്യാർത്ഥിനി അതേ കോളേജിൽ പ്രിൻസിപ്പലായി വിരമിച്ച് അതേ രാഷ്ട്രീയ ആദർശങ്ങളുടെ പ്രചാരകയായി മാറി. യൂണിവേഴ്സിറ്റി കോളേജിൽ മലയാളഭാഷ പഠിച്ച് അവിടെ അദ്ധ്യാപികയും വകുപ്പ് മേധാവിയുമാവുകയും തുടർന്ന് അവിടെത്തന്നെ പ്രിൻസിപ്പലാവുകയുംചെയ്തു നബീസ ഉമ്മാൾ. ഈ സവിശേഷത അതിനുമുമ്പ് എ.ആർ.രാജരാജ വർമ്മയ്‌ക്കാണ് ഉണ്ടായിരുന്നത്. തിരുവനന്തപുരത്തെ രാഷ്‌ട്രീയ - സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ വലിയൊരു നിരതന്നെ നബീസ ഉമ്മാളിന്റെ ശിഷ്യഗണത്തിൽ ഉൾപ്പെട്ടവരാണ്. എം.എൽ.എ പെൻഷൻ മുഴുവനായും അനാഥാലയങ്ങൾക്കും അനാഥക്കുട്ടികൾക്കും നൽകിയ നബീസയുടെ സ്ത്രീശാക്തീകരണ പ്രവർത്തനങ്ങളെ അംഗീകരിച്ച് 2000ത്തിൽ രാഷ്ട്രപതിയുടെ പുരസ്‌കാരവും ലഭിച്ചിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NABEESA UMMAL
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.