
'പത്മാവതി', 'ബാജിറാവു മസ്താനി' 'രാം ലീല' അടക്കമുള്ള ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ബൈജു ബാവ്റ'. അദ്ദേഹം ദീർഘനാളുകളായി മനസിൽ കൊണ്ടുനടക്കുന്ന ചിത്രമാണ്'ബൈജു ബാവ്റ'.
സഞ്ജയ് ലീല ബൻസാലിയുടെ സിനിമാ ജീവിതത്തിലെ ഏറ്റവും മികച്ച പ്രൊജക്ടുകളിലൊന്നായിരിക്കും ഇതെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ രണ്ട് വർഷങ്ങളായി സിനിമയിലെ കാസ്റ്റിംഗിനെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല.
ഈ ഇതിഹാസ ചരിത്ര ചിത്രത്തിൽ നായകനായി രൺവീർ സിംഗിനെയും നായികയായി ആലിയ ഭട്ടിനെയുമാണ് തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം. ആദ്യം ദീപിക പദുക്കോണിനെ നായികയാക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ ഭർത്താവും സഹതാരവുമായ രൺവീർ സിംഗിന് കൊടുക്കുന്ന പ്രതിഫലം വേണമെന്ന് ആവശ്യപ്പെട്ടതോടെ നിർമാതാക്കൾ വിസമ്മതിക്കുകയായിരുന്നു. ഇതോടെയാണ് ദീപികയ്ക്ക് പകരം ആലിയ ഭട്ടിനെ നായികയാക്കിയത്.

സഞ്ജയ് ലീല ബൻസാലിയുടെ 'രാം ലീല', 'പത്മാവതി' അടക്കമുള്ള ചിത്രങ്ങളിൽ ദീപിക നായികയായിരുന്നു. അദ്ദേഹത്തിന്റെ കാമാത്തിപുരത്തെ കഥ പറഞ്ഞ ഗംഗുബായ് കത്തിയവാഡി എന്ന ചിത്രത്തിൽ ആലിയയായിരുന്നു നായിക. അതേസമയം, 'ബൈജു ബാവ്റ'യിൽ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയേയും ഒരു പ്രധാന കഥാപാത്രത്തിനായി പരിഗണിക്കുന്നുണ്ടെന്നാണ് ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നത്.
ഷാരൂഖ് ഖാന്റെ 'ജവാനിലൂടെ' നയൻതാര ഇതിനോടകം തന്നെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചുകഴിഞ്ഞു. രൺവീറിനും ആലിയയ്ക്കുമൊപ്പം നയൻതാര കൂടി എത്തുമ്പോൾ ചിത്രം 'വേറെ ലെവൽ' ആയിരിക്കുമെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. നയൻതാര ഇതുവരെ കരാറിൽ ഒപ്പിട്ടിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. എന്നിരുന്നാലും ഈ റോൾ അവരുടെ പരിഗണനയിലുണ്ടെന്നും പറയപ്പെടുന്നു. വിഷയത്തിൽ അന്തിമ തീരുമാനം ഉടൻ ഉണ്ടാകുമെന്നാണ് സൂചന.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |