SignIn
Kerala Kaumudi Online
Monday, 23 February 2026 5.06 AM IST

അഴിമതിയെന്ന് കേട്ടാൽ തിളയ്ക്കണം

Increase Font Size Decrease Font Size Print Page
g

നഗ്നനായി നടക്കുന്നത് രാജാവാണെങ്കിലും വിളിച്ചുപറയുകയെന്നതാണ് യഥാർത്ഥ ചങ്കൂറ്റം, രാജ്യത്തോടും രാജാവിനോടുമുള്ള സത്യസന്ധമായ പ്രതിബദ്ധതയും അതാണ്. പക്ഷെ ആധുനിക കാലത്ത് യാഥാർത്ഥ്യങ്ങൾ തുറന്നു പറയുന്നവരുടെ എണ്ണം നന്നേ കുറഞ്ഞുവരുന്നു. പ്രത്യേകിച്ച് രാഷ്ട്രീയത്തിൽ ഇത്തരക്കാർ കടുത്ത വംശനാശമാണ് നേരിടുന്നത്.

തനിക്ക് മുകളിലുള്ളവരെ സ്തുതിച്ചും സുഖിപ്പിച്ചും അത്യാവശ്യം സ്പൈവർക്ക് ചെയ്തുമൊക്കെ സ്വന്തം സ്ഥാനവും പദവിയും ഭദ്രമാക്കുന്നവരും കൊച്ചുകൊച്ചു സാമ്രാജ്യങ്ങൾ വെട്ടിപ്പിടിക്കുന്നവരുമൊക്കെ അത്രവിരളമല്ല. ഉൾപ്പാർട്ടി ജനാധിപത്യം വഴിഞ്ഞൊഴുകിയിരുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളിലായിരുന്നു ഇത്തരക്കാരുടെ എണ്ണമധികവും. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ ഇത്തരക്കാരെ അത്രയങ്ങു വാഴിച്ചിരുന്നില്ല,​ എന്നാൽ ഇതിന് ചില അപവാദങ്ങൾ ഇല്ലാതിരുന്നിട്ടുമില്ല. എങ്കിലും പൊതുവെ സംഘടനാ പ്രവർത്തനത്തിന്റെയും ത്യാഗത്തിന്റെയും സ്വയംസമർപ്പണത്തിന്റെയുമൊക്കെ പടവുകൾ താണ്ടി ഉന്നതങ്ങളിലെത്തിയവരാണ് മുതിർന്ന മിക്ക കമ്മ്യൂണിസ്റ്റ് നേതാക്കളും.

അവരുടെ ചുവടുകൾക്ക് പിന്നാലെ ഗമിച്ചവർക്ക് അത്രത്തോളം ത്യാഗവും ദുരിതവും നേരിടേണ്ടി വരാത്തതിനാലാവും വഴിയരികിലെ ചക്കരക്കുടം കാണുമ്പോൾ ഒന്നു കൈയ്യിടാനും ഒത്താൽ അതൊന്നു നക്കിനോക്കാനുമൊക്കെ പലർക്കും പോകെപ്പോകെ തോന്നിത്തുടങ്ങിയത്.

വംശനാശം നേരിടുന്ന വിഭാഗത്തിൽപ്പെട്ടുപോയതിനാലാണോ ആവോ നമ്മുടെ പഴയമന്ത്രി ജി.സുധാകരൻ കഴിഞ്ഞ ദിവസം ഒന്നു വാ തുറന്നു.

കവിത്വം വേണ്ടുവോളമുള്ളതിനാൽ മിതത്വത്തോടെയും ആ മിതത്വത്തിൽ ആവശ്യാനുസരണം കാഠിന്യം കലർത്തിയും നല്ല നാല് വാക്കുകൾ അദ്ദേഹം ഉരുവിട്ടു. ഏതായാലും അദ്ദേഹം അന്തരീക്ഷത്തിലേക്ക് ബഹിർഗമിപ്പിച്ച വാക്കുകൾ ഏറെക്കുറെ മർമ്മത്ത് കൊണ്ടെന്നു വേണം കരുതാൻ. കാരണം,​ ജീവകാരുണ്യത്തിൽ മുങ്ങി,​ സംശുദ്ധരാഷ്ട്രീയത്തിന്റെ ഉത്തമ പ്രതീകമാവാനൊരുങ്ങുന്ന ആലപ്പുഴയിലെ മന്ത്രിപുണ്യാളൻ സുധാകരസ്തുതിയുമായി തൊട്ടുപിന്നാലെ ഇറങ്ങിയത്,​ മർമ്മത്തേറ്റ ദണ്ഡത്തിന്റെ പ്രതിഫലനമാണ്.

ജി.സുധാകരന് എല്ലാ പരിഗണനയും ബഹുമാനവും പാർട്ടി നൽകുമെന്ന് അർത്ഥശങ്കയ്ക്ക് ഇടയില്ലാത്തവിധമാണ് അദ്ദേഹം പ്രഖ്യാപിച്ചത്. അദ്ദേഹത്തിന്റെ മഹാമനസ്കതയ്ക്ക് സല്യൂട്ട്.

ആലപ്പുഴ ജില്ലയുടെ തെക്കേയറ്റത്തുള്ള താമരക്കുളം പഞ്ചായത്തിനോട് ചേർന്നുകിടക്കുന്ന വേടരപ്ളാവ് എന്ന ഉൾനാട്ടിൽ നിന്ന് തലയിൽ ആൾപാർപ്പുള്ള കമ്മ്യൂണിസ്റ്റ് നേതാവായും അഴിമതി ആക്ഷേപത്തിന്റെ കറതെറിക്കാത്ത മന്ത്രിയായും സാധാരണക്കാരന്റെ ഇടയിലേക്ക് ഇറങ്ങി സംഘടനയുടെ ഉത്തരം ബലപ്പിക്കുന്ന സംഘാടകനുമായൊക്കെ ജി.സുധാകരൻ വളർന്നത് സമർപ്പണത്തോടെയും ത്യാഗത്തോടെയുമുള്ള പ്രവർത്തനം കൊണ്ടാണ്.

രക്തദാഹം ആവേശിച്ച വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ ഇരയായി പിടഞ്ഞുമരിച്ച ജി.ഭുവനേശ്വരൻ എന്ന രക്തസാക്ഷിയും സുധാകരന്റെ കുടുംബത്തിൽ നിന്നാണ്. കേരളത്തിലെ കമ്മ്യൂണിസ്റ്രുകാരും സഹയാത്രികരും പെട്ടെന്ന് വിസ്മരിക്കാത്ത ചരിത്രമാണ് ഇതെല്ലാം.

തന്റെകൂടി വിയർപ്പ് ഇറ്റിച്ച് കരുത്തേകിയ പ്രസ്ഥാനത്തിന് ഏതെങ്കിലും വിധത്തിലുള്ള കളങ്കമേൽക്കുന്നതായി തോന്നിയാൽ ഒരു തിരുത്തൽ നിർദ്ദേശിക്കാൻ അദ്ദേഹത്തിനുമുണ്ട് ബാദ്ധ്യത.

പാർട്ടിയുടെ പുറംമതിലിന്റെ കനം നോക്കി പതുങ്ങുകയല്ല,​ തലയുയർത്തി നോക്കുകയും പറയേണ്ടത് പറയുകയും ചെയ്യുക എന്ന ദൗത്യമാണ് അദ്ദേഹം നിറവേറ്റിയത്. മുഖത്ത് ചായമിട്ട്,​ ചാനൽമൈക്കുകൾക്ക് മുന്നിൽ ചതുരവടിവിൽ ദേശീയവും അന്തർദേശീയവും വിളമ്പി പാണ്ഡിത്യത്തിന്റെ വമ്പുകാട്ടുന്നവരുടെ ശൈലിയല്ല അദ്ദേഹത്തിന്റേത്.

ഒരു ചാനൽ അഭിമുഖത്തിൽ കരുവന്നൂർ സഹകരണബാങ്ക് അഴിമതിയുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ ചില നിരീക്ഷണങ്ങളാണ് ഇപ്പോൾ സജീവ ചർച്ചയാവുന്നത്. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനും ആർ.എസ്.പി നേതാവ് എൻ.കെ.പ്രേമചന്ദ്രൻ എം.പിയുമൊക്കെ ജി.സുധാകരനെ സ്തുതിച്ചും അദ്ദേഹത്തിന്റെ അഭിപ്രായത്തെ സ്വാഗതം ചെയ്തുമൊക്കെ രംഗത്ത് വന്നിട്ടുണ്ട്.

ശത്രുവിന്റെ ശത്രുവിനെ മിത്രമായി കാണണമെന്ന ചൊല്ലിന്റെ ലഘുതത്വശാസ്ത്രം പോലെ കണ്ടാൽമതി ഇക്കൂട്ടരുടെ അഭിപ്രായപ്രകടനം. പക്ഷെ ശരാശരി ബൗദ്ധിക നിലവാരമുള്ള കേരളീയർ സുധാകരന്റെ വാക്കുകളെ മുഖവിലയ്ക്കെടുത്തിട്ടുണ്ട്. തെറ്റു ചെയ്തത് ഏത് കൊലകൊമ്പനായാലും കർശന നടപടിയെടുക്കണമെന്നും തെറ്രുകൾ മുളയിലേ നുള്ളണമെന്നും അദ്ദേഹം പറഞ്ഞത് അക്ഷരാർത്ഥത്തിൽ ശരിയല്ലേ?

കേരളത്തിലെ നല്ലൊരു ശതമാനം ജനങ്ങളുടെ നിത്യേനയുള്ള ആവശ്യങ്ങൾക്ക് തുണയാവുന്നതാണ് നമ്മുടെ സഹകരണ പ്രസ്ഥാനം. പാവപ്പെട്ടവനും കൂലിവേലക്കാരനുമൊക്കെ നിത്യേന കിട്ടുന്ന വരുമാനത്തിൽ അല്പം മിച്ചംവച്ച് അത് നിക്ഷേപമാക്കുന്നത് സഹകരണ ബാങ്കുകളിലാണ്. അത്യാവശ്യം വരുമ്പോൾ ഉപകാരപ്പെടുമെന്ന വിശ്വാസമാണ് അതിന് കാരണം.

മൊബൈലിൽ ഒന്നു ക്ളിക്ക് ചെയ്താൽ വായ്പ വാരിക്കോരി നൽകുന്ന നിരവധി അത്യാധുനിക ബാങ്കിംഗ് സ്ഥാപനങ്ങൾ ഇവിടെയുണ്ട്. വായ്പയുടെ ഒരു ഗഡു മുടങ്ങിയാൽ,​ വീടിന്റെ കഴുക്കോൽ വരെ ഊരിയെടുത്ത് കുടിശികക്കാരനെ വഴിയാധാരമാക്കുന്ന ഇത്തരം കൊള്ള സ്ഥാപനങ്ങളുടെ വായിൽപ്പെടാതെ സാധാരണക്കാരനെ പിടിച്ചു നിർത്തുന്നത് സഹകരണ പ്രസ്ഥാനങ്ങളാണ്. അതിനാൽത്തന്നെ ആ പ്രസ്ഥാനത്തെ ഒരുകോട്ടവും വരാതെ കാത്തുസൂക്ഷിക്കാനുള്ള ബാദ്ധ്യതയും എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കുമുണ്ട്. പ്രത്യേകിച്ച് ഉൾക്കരുത്ത് കൂടുതലുള്ള കമ്മ്യൂണിസ്റ്ര് പ്രസ്ഥാനത്തിന്.

ലോകത്തിന്റെ ഏതു കോണിൽച്ചെന്നാലും കാണും ഇരിക്കുന്നിടം കുഴിക്കുന്ന ചിലർ. അമ്മയ്ക്ക് മിന്ന് പണിതാലും കടുകോളം ചോർത്തുന്നത് ഇക്കൂട്ടരുടെ സ്വഭാവമാണ്. അങ്ങനെയുള്ളവർക്ക് സഹകരണ മേഖലയെ ഒന്നാകെ വിട്ടുകൊടുക്കുകയാണോ വേണ്ടത്.

പുഴുക്കുത്തുകളെ കണ്ടെത്തണം. തെറ്റു ചെയ്താൽ മുഖം നോക്കാതെ,​ ജി.സുധാകരൻ പറഞ്ഞ പോലെ കർശന നടപടി സ്വീകരിക്കണം. മേലിൽ മറ്റുള്ളവർ തെറ്രിന്റെ കുഴിയിലേക്ക് കൂപ്പുകുത്താതിരിക്കാൻ ജാഗ്രത കാട്ടണം. പുരോഗമന പന്ഥാവിലെ മുന്നോട്ടുള്ള കുതിപ്പിന് വഴിമുടക്കാൻ നിൽക്കുന്ന ശകുനികളെ പിഴുതെറിയേണ്ടത് അത്യാവശ്യമാണ്. അതിനുള്ള ആർജ്ജവമാണ് നേതൃസ്ഥാനത്തുള്ളവർ കാട്ടേണ്ടത്. കൊച്ചുകൊച്ചു തെറ്റുകൾ കണ്ടില്ലെന്നു നടിക്കാം,​ പക്ഷെ അത് തുടർച്ചയാവുമ്പോഴോ. വിത്ത് നനഞ്ഞാൽ മാറ്റാം,​ പക്ഷെ പത്തായം വെള്ളത്തിലായാലോ?​

TAGS: OPINION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.