SignIn
Kerala Kaumudi Online
Monday, 23 February 2026 5.03 AM IST

നിയമനക്കോഴക്കേസിൽ ബാസിത്  അറസ്റ്റിൽ; ഗൂഢാലോചന  വെളിപ്പെടുത്തി  പൊലീസ്

Increase Font Size Decrease Font Size Print Page
arrest

തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരെ ഉയർന്ന നിയമന കോഴ ആരോപണത്തിൽ ഗൂഢാലോചനയുണ്ടെന്ന് പൊലീസ് . ഈ കുറ്റത്തിന് മലപ്പുറം സ്വദേശിയും മുൻ എ.ഐ.എസ്.എഫ് നേതാവുമായ കെ.പി. ബാസിതിനെ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. ആരോപണമുന്നയിക്കാൻ ഹരിദാസനെ പ്രേരിപ്പിച്ചതും മാദ്ധ്യമങ്ങളിൽ വാർത്തയാക്കിയതും ബാസിതാണെന്ന്‌ പൊലീസ് പറഞ്ഞു. മഞ്ചേരിയിൽ നിന്ന് ഇന്ന് തിരുവനന്തപുരത്തെത്തിക്കുന്ന ബാസിതിനെയും ഹരിദാസനെയും കസ്റ്റഡിയിലുള്ള റയീസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും.

രണ്ടുദിവസം നീണ്ട ചോദ്യം ചെയ്യലിൽ കുറ്റസമ്മതം നടത്തിയ ഹരിദാസന്റെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും. ഇതിനായി കന്റോൺമെന്റ്‌ പൊലീസ്‌ തിരുവനന്തപുരം സി.ജെ.എം കോടതിയിൽ അപേക്ഷ നൽകി. ഹരിദാസനെയും പ്രതിചേർത്ത്‌ അന്വേഷണവുമായി മുന്നോട്ട്‌ പോകാനാണ്‌ പൊലീസ്‌ ആലോചിക്കുന്നത്‌.

കൈക്കൂലി ആരോപണം ഉന്നയിക്കാൻ തീരുമാനിച്ച ശേഷമാണ്‌ ബാസിത്‌ സെക്രട്ടറിയേറ്റിലെത്തി മന്ത്രിയുടെ പ്രൈവറ്റ്‌ സെക്രട്ടറിയോട്‌ പരാതി പറഞ്ഞതെന്ന് പൊലീസ്. ഇതിന്‌ രണ്ടാഴ്‌ച മുമ്പായിരുന്നു ഗൂഢാലോചന. ബാസിതും ഹരിദാസനും റയീസുമടക്കമുള്ളവർ ഈ ഗൂഢാലോചനയിൽ പങ്കാളികളായെന്നും പൊലീസ് പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ അഭിഭാഷകനായ നൗഫൽ പരാതി തയ്യാറാക്കിയതും സ്വകാര്യ ചാനലിൽ ഹരിദാസൻ അഭിമുഖം നൽകിയതും. ഗൂഢാലോചനയിൽ മാദ്ധ്യമ പ്രവർത്തകൻ പങ്കാളിയായിരുന്നോ എന്നതും പൊലീസ് ചികയുന്നുണ്ട്.

ബാസിത്ത് ഭീഷണിപ്പെടുത്തിയാണ് മന്ത്രിയുടെ ഓഫീസിനെതിരെ മൊഴി പറയിപ്പിച്ചതെന്ന് ഹരിദാസൻ പൊലീസിനോട് പറഞ്ഞു. മരുമകൾക്കായി അപേക്ഷ നൽകിയപ്പോൾ തന്നെ ബാസിത്തിനോട് പറഞ്ഞിരുന്നുവെന്നും ഒരു ലക്ഷം രൂപ ബാസിത്തിന് നൽകിയെന്നും മൊഴി നൽകി. മന്ത്രിയുടെ ഓഫീസിൽ നൽകാൻ തയ്യാറാക്കിയ പരാതിയിൽ ഒപ്പ് രേഖപ്പെടുത്തിയത് ബാസിതിന്റെ സമ്മർദ്ദത്തെ തുടർന്നാണ്. മന്ത്രിയുടെ ഓഫീസിൽ ലിസ്റ്റുണ്ടെന്ന് പറഞ്ഞാണ് തന്നെ സെക്രട്ടേറിയേറ്റിലേക്ക് കൊണ്ടുവന്നത്. പിന്നീട് മന്ത്രി ഓഫീസിൽ പ്രവേശനം ഇല്ലെന്ന് പറഞ്ഞ് മടക്കി കൊണ്ടുപോയി. തനിക്കെതിരായ ഭൂമിക്കേസിൽ സഹായിക്കാമെന്ന് പറഞ്ഞാണ് ബാസിത് സ്വാധീനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതെന്നും ഹരിദാസൻ പൊലീസിനോട് പറഞ്ഞു.

നിയമന തട്ടിപ്പിന് ആയുഷ്‌ മിഷന്റെ പേരിൽ വ്യാജ മെയിൽ ഐ.ഡി നിർമിച്ചത് റയീസാണെന്ന് പൊലീസ് കരുതുന്നു.കഴിഞ്ഞ ദിവസം അറസ്റ്റിലായ മൂന്നാം പ്രതി റയീസിനെ തിരുവനന്തപുരം സി.ജെ.എം കോടതി മൂന്നുദിവസത്തെ കസ്റ്റഡിയിൽ വിട്ടു.

റയീസിന്റെ ഫോണിൽ നിർണായക വിവരങ്ങളുണ്ടെന്ന്‌ റിമാൻഡ്‌ റിപ്പോർട്ടിൽ പറയുന്നു. ഈ ഫോൺ ഒന്നാംപ്രതി അഖിൽ സജീവും ഉപയോഗിച്ചിരുന്നു. ഹരിദാസ്‌, അഖിൽ സജീവ്‌, ബാസിത്‌ എന്നിവരെ ഇതിൽനിന്ന്‌ നിരന്തരം വിളിച്ചിട്ടുമുണ്ട്.

` അന്വേഷണം കഴിഞ്ഞശേഷം എനിക്ക് പറയാനുള്ളത് പറയാം. മന്ത്രിയുടെ ബന്ധു കൈക്കൂലി വാങ്ങിയെന്ന് പറഞ്ഞവർ ഉണ്ടല്ലോ, അവർ ആദ്യം പറയട്ടെ'

- വീണാ ജോർജ്,

ആരോഗ്യമന്ത്രി

TAGS: ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.