SignIn
Kerala Kaumudi Online
Wednesday, 22 May 2024 12.14 AM IST

പ്രാർത്ഥനകളിലെ രാമരാജ്യം

d

അയോദ്ധ്യയിലെ ശ്രീരാമക്ഷേത്ര നിർമ്മാണവും പ്രതിഷ്ഠയും സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങൾ കേൾക്കുന്നുണ്ടല്ലോ. വിമർശന സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവുമാെക്കെ ജനാധിപത്യ പ്രക്രിയയുടെ അവിഭാജ്യ ഘടകങ്ങളാണ്. ജനത്തിന് പ്രയോജനമുള്ള യുക്തിസഹമായ വിമർശനങ്ങൾ അഭികാമ്യമാണ്. എന്നാൽ സ്വാർത്ഥ ചിന്തയോടെയുള്ള ജാതി, മത, രാഷ്ട്രീയ വിമർശനങ്ങൾ പുരോഗതിയെ പിന്നാക്കം വലിക്കുമെന്നുള്ളത് നിസ്തർക്കമാണ്.

രാമക്ഷേത്ര നിർമ്മാണത്തോടെ അയോദ്ധ്യയുടെ സർവ്വതോമുഖമായ വളർച്ചയും ഉയർച്ചയും വർണ്ണനാതീതമായിരിക്കുകയാണ് എന്ന സത്യം മനസ്സിലാക്കണം. രാമക്ഷേത്ര സമുച്ചയത്തിൽ നിന്ന് ഏകദേശം 25 കി.മീ. അകലെയുള്ള ധന്നിപൂരിൽ നിർമ്മിക്കാൻ പോകുന്ന പള്ളി ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പള്ളി ആയിരിക്കുമെന്നാണ് അറിയുന്നത്. അതോടെ ഭക്തരുടെയും വിനോദസഞ്ചാരികളുടെയും പറുദീസയാകുവാൻ പോവുകയാണ് അയോദ്ധ്യ. അവിടെയുണ്ടാകുന്ന തൊഴിലവസരങ്ങൾ, ഉത്തർപ്രദേശിലെ സാമ്പത്തികാവസ്ഥ തുടങ്ങിയവയെല്ലാം അദ്ഭുതകരമായി വളർന്നുകൊണ്ടേയിരിക്കും. യു.പിക്ക് ഈ വർഷം 45 ലക്ഷം കോടിയുടെ അധികവരുമാനം ഉണ്ടാകുമെന്നാണ് അനുമാനിക്കുന്നത്.

ഇപ്പോഴത്തെ അനൗദ്യോഗിക കണക്കുപ്രകാരം രാമക്ഷേത്രത്തിലേക്ക് ദിനംപ്രതി കുറഞ്ഞത് ഒരു ലക്ഷത്തിലധികം തീർത്ഥാടകർ വരും. അവധി ദിവസങ്ങളിൽ ഇത് രണ്ടോ അതിലധികമോ ലക്ഷം വരെ എത്തിയേക്കാം. പള്ളിയുടെ നിർമ്മാണം കൂടി പൂർത്തിയാകുമ്പോൾ അയോദ്ധ്യയുടെ ഭൗതിക വളർച്ചയും ആത്മീയ വളർച്ചയും തുടർന്നുള്ള സന്ദർശക പ്രവാഹവും നിർണ്ണയാതീതമായിരിക്കും. രാമക്ഷേത്രവും നിർമ്മിക്കാനിരിക്കുന്ന പള്ളിയും അയോദ്ധ്യയെ ഒരു ആത്മീയ സാംസ്കാരിക കേന്ദ്രമാക്കുന്നതിനോടൊപ്പം,​ അത് നമ്മുടെ സംസ്കാരത്തിന്റെ എന്നത്തെയും പ്രത്യക്ഷ പ്രതിഫലനങ്ങളാവുകയും ചെയ്യും.

ശ്രീരാമക്ഷേത്രം പണികഴിപ്പിച്ച സ്ഥലം നൂറ്റാണ്ടുകളായി തർക്കഭൂമിയായിരുന്നു. 2019ൽ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവാണ് ആ തർക്കം അവസാനിപ്പിച്ചത്. ഇനിയും ആ സ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തെപ്പറ്റി ശങ്കിക്കുന്നവർ സങ്കുചിത മത,​ രാഷ്ട്രീയ മുതലെടുപ്പുകാരും നിയമത്തെ പുച്ഛിക്കുന്നവരുമാണ്. നമ്മുടെ ഭരണഘടന അനുസരിച്ച് ഒരു പൗരന് അയാൾ ഇഷ്ടപ്പെടുന്ന മതത്തിൽ വിശ്വസിക്കാനും അത് പ്രചരിപ്പിക്കാനും അയാൾ ഇഷ്ടപ്പെടുന്ന ദൈവത്തെ ആരാധിക്കാനും അവകാശമുണ്ട്. ഹിന്ദുമത വിശ്വാസികളെ സംബന്ധിച്ചിടത്തോളം രാമായണത്തിലെ പ്രധാന കഥാപാത്രമായ ശ്രീരാമൻ, മഹാവിഷ്ണുവിന്റെ ഏഴാമത്തെ അവതാരമായാണ് സങ്കല്പം. അതുകൊണ്ടാണ് അവർ ശ്രീരാമനെ ദൈവമായി കാണുന്നതും ആരാധിക്കുന്നതും.

അവതാരവും

ഭരണാധിപനും

രാമന്റെ 'അയനം ' അതായത് 'രാമന്റെ വഴി ' പിൻതുടരാൻ ഭൂരിപക്ഷം ഹിന്ദുക്കളും ആഗ്രഹിക്കുന്നു. അനുഭവിക്കേണ്ടിവന്ന ദുഃഖങ്ങളെയും ക്ളേശകരമായ ജീവിത സാഹചര്യങ്ങളെയും അതിജീവിച്ച് ജനസേവനത്തിനായി ജീവിതം ഉഴിഞ്ഞുവച്ച ഭരണാധികാരിയായാണ് ശ്രീരാമൻ സങ്കല്പിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെയാണ് ശ്രീരാമൻ ഇന്നും ആരാധിക്കപ്പെടുന്നത്. രാമായണം രചിക്കപ്പെട്ടത് ഏകദേശം 4000 വർഷങ്ങൾക്കു മുമ്പായിരിക്കണമെന്ന് ഗവേഷകർ അവകാശപ്പെടുന്നു. അതുപോലെ,​ ശ്രീരാമൻ ത്രേതായുഗത്തിന്റെ അവസാന ഘട്ടത്തിൽ ജീവിച്ചിരുന്നതായും,​ നാല്പതാം വയസിൽ രാജ്യഭരണം ഏറ്റെടുത്ത അദ്ദേഹം 11000 വർഷം രാജ്യം ഭരിച്ചിരുന്നതായും സങ്കല്പിക്കപ്പെടുന്നു.

വൈവിദ്ധ്യങ്ങൾ നിറഞ്ഞതാണ് നമ്മുടെ രാജ്യം. ഭൗതികതയുടെയും ആത്മീയതയുടെയും സമ്മിശ്ര സംസ്കാരമാണ് നമ്മുടേത്. ഭക്തി, ആചാരാനുഷ്ഠാനങ്ങൾ, മൂല്യസംരക്ഷണം, നീതി, ധർമ്മം മുതലായവയിൽ അധിഷ്ഠിതമായ ഒരു ജീവിതരീതിയാണ് നാം പിൻതുടരുന്നത്. അത്തരമൊരു ജീവിതരീതി, അശാന്തിയിൽനിന്ന് ശാന്തിയിലേക്കും അസമാധാനത്തിൽനിന്ന് സമാധാനത്തിലേക്കും അസംതൃപ്തിയിൽനിന്നും സംതൃപ്തിയിലേക്കും സന്താപത്തിൽനിന്ന് സന്തോഷത്തിലേക്കും നമ്മെ നയിക്കുകയും,​ നമ്മളിലുള്ള പ്രതികൂല ഊർജ്ജം പോയ്മറഞ്ഞ്, അനുകൂല ഊർജ്ജം ആർജിച്ച് സദാ സന്തുഷ്ടരാകുകയും ചെയ്യുമെന്ന് സങ്കല്പിക്കപ്പെടുന്നു.

ക്ഷേത്രങ്ങളും

വിഗ്രഹങ്ങളും

ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം ബഹുദൈവാരാധന വളരെ പാവനമാണ്. ഓരോരുത്തർക്കും അവർക്കിഷ്ടമുള്ള ദേവതയെ ഭക്തിയോടെ പ്രാർത്ഥിച്ച് നിർവൃതി പ്രാപിക്കാം. ഭക്തിയെന്നാൽ തനിക്കിഷ്ടമുള്ള ഈശ്വരനോടുള്ള പരമ പ്രേമമാണെന്ന് ഋഷിമാർ പറയുന്നു. ഭക്തി മനസിനെ ശുദ്ധീകരിക്കും. അതുകൊണ്ടാണ് ഹിന്ദുക്കൾ സന്ധ്യാദീപത്തിനു മുന്നിലിരുന്ന് രാമനാമം ജപിച്ച് ശുദ്ധീകരണം നേടുന്നത്. രൂപഭാവങ്ങളില്ലാത്ത ഒന്നിനെ സങ്കല്പിക്കുകയും അതിൽ ആരാധന നടത്തി സായുജ്യമടയുകയും ചെയ്യുക എന്നത് ഒരു സാധാരണ ഹിന്ദുവിന് അസാദ്ധ്യമാണ്. അതുകൊണ്ടാണ്,​ അരൂപിയായ, സർവവ്യാപിയായ, സർവശക്തമായ ഈശ്വര ചൈതന്യത്തെ ഒരു പ്രതിമയിലേക്കോ ഒരു കരിങ്കല്ലിൻ കഷണത്തിലേക്കോ ആവാഹിച്ച് ചില മൂലമന്ത്രങ്ങൾ സങ്കല്പിച്ച്, അംഗപ്രത്യംഗ ഭാവന നിശ്ചയിച്ച്,​ നിഗ്രഹാനുഗ്രഹശക്തി വരുത്തി,​ ആചാരക്രമങ്ങൾ നിശ്ചയിച്ച് ആചാരനിഷ്ഠയോടെ പ്രതിഷ്ഠിക്കുന്ന പ്രതിമയിലേക്കോ കരിങ്കല്ലിലേക്കോ ഈശ്വരനെ ദർശിക്കുന്ന സാധാരണ മനുഷ്യർക്ക് സംതൃപ്തിയും സായുജ്യവും ലഭിക്കുന്നത്. 'ക്ഷതാൽ ത്രായതേ ഇതി ക്ഷേത്രം.' ക്ഷതങ്ങളിൽ (വേദനകളിൽ) നിന്ന് മോചിപ്പിക്കുന്ന ഈശ്വര ചൈതന്യം നിറഞ്ഞുനിൽക്കുന്ന സ്ഥലമാണ് ക്ഷേത്രമെന്ന് സാരം.

പ്രജാഹിതത്തിന് മുൻതൂക്കം കൊടുക്കുന്ന ഭരണാധികാരി, ധർമ്മരക്ഷകൻ, നീതിപാലകൻ, ഏകപത്നീവ്രതത്തിലുറച്ച ആദർശശാലിയായ ഭർത്താവ് തുടങ്ങി നിരവധി സദ്ഗുണങ്ങളാൽ പ്രശോഭിതനാണ് ശ്രീരാമനെന്ന് കണക്കാക്കപ്പെടുന്നു. അങ്ങനെയുള്ള ശ്രീരാമന്റെ അയോദ്ധ്യയിലുള്ള ദിവ്യപ്രതിഷ്ഠ വിശ്വാസികൾക്ക് സായുജ്യവും സംതൃപ്തിയും നൽകുന്നതിനോടൊപ്പം ആദർശാനുകൂല ഊർജ്ജവും നൽകുന്നു. ജനം രാമരാജ്യം ആഗ്രഹിക്കുന്നത്,​രാമന്റെ ഭരണം പ്രജകൾക്കുവേണ്ടി ആയിരുന്നതുകൊണ്ടാകാം. സത്യമോ, അസത്യമോ, ഐതിഹ്യമോ എന്തുമാകട്ടെ,​ ഇങ്ങനെയൊരു ഭരണസംവിധാനം രാജ്യത്ത് നിലനിന്നിരുന്നു എന്നു കേൾക്കുമ്പോൾ വിശ്വാസികളുടെ മനസിൽ ഒരു ദിവ്യാനുഭൂതി അനുഭവപ്പെടുന്നുവെങ്കിൽ അത് സ്വാഭാവികം,​

(ലേഖകന്റെ ഫോൺ: 94472 46699)​

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RAMA MANDIR
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.