SignIn
Kerala Kaumudi Online
Tuesday, 21 May 2024 4.44 PM IST

ഉരുകിയൊലിച്ച് പാലക്കാട്

j

ഓരോ ദിവസം പിന്നിടുന്തോറും വേനൽച്ചൂടിൽ വെന്തുരുകുകയാണ് പാലക്കാട്. ചൂട് 40ഡിഗ്രി സെൽഷ്യസും കടന്ന് കുതിക്കാൻ ഇനി അധികനാളില്ല. കഴിഞ്ഞ ബുധനാഴ്ച മുണ്ടൂർ ഐ.ആർ.ടി.സി.യിൽ രേഖപ്പെടുത്തിയത് 39.5 ഡിഗ്രി ചൂടാണ്. ഈ വർഷം ഇതുവരെ രേഖപ്പെടുത്തിയ ഉയർന്ന ചൂടാണിത്. കുറഞ്ഞ ചൂട് 28 ഡിഗ്രിയാണ്. മലമ്പുഴയിൽ വ്യാഴാഴ്ച 36.7 ഡിഗ്രിയും പട്ടാമ്പിയിൽ 37 ഡിഗ്രിയും രേഖപ്പെടുത്തി. മലമ്പുഴയിൽ കുറഞ്ഞചൂട് 29ഡിഗ്രിയാണ്. പട്ടാമ്പിയിൽ 28 ഡിഗ്രിയും. കഴിഞ്ഞ കുറച്ചുവർഷങ്ങളായി ഫെബ്രുവരി അവസാനത്തോടെതന്നെ പാലക്കാട്ട് ചൂട് 39 ഡിഗ്രിയിൽ എത്താറുണ്ടെന്ന് ഐ.ആർ.ടി.സി.യിലെ ശാസ്ത്രജ്ഞർ പറയുന്നു.

കണക്കനുസരിച്ച് വേനലെത്തിയതേയുള്ളൂ.​ പക്ഷേ, കനത്ത ചൂടിൽ ഉരുകിയൊലിക്കുകയാണ് ദൈവത്തിന്റെ സ്വന്തം നാട്. മുൻവർഷത്തെക്കാൾ ചൂടു കൂടുതലാണ് ഇത്തവണ. സംസ്ഥാനത്ത് പല സ്ഥലത്തും 37 ഡിഗ്രി സെൽഷ്യസ് വരെ താപനില അനുഭവപ്പെടുന്നുണ്ടെന്നത് ആശങ്കപ്പെടുത്തുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് രണ്ട് ഡിഗ്രി സെൽഷ്യസ് വരെ ശരാശരി താപനിലയിൽ വർദ്ധനയുണ്ട്.

ആഗോളതലത്തിൽ ചൂട് ഒരു വലിയ പ്രശ്നം തന്നെയാണ്. ഇതിന് മുമ്പ് റെക്കാർഡ് താപനില രേഖപ്പെടുത്തിയ വർഷം 2016ആയിരുന്നു. 2023 ആ റെക്കാർഡ് ഭേദിക്കുകയും ചെയ്തു. ആഗോളതലത്തിൽ തന്നെ ശരാശരി താപനിലയിൽ വലിയ വർദ്ധനവുണ്ട്. അത് കേരളത്തെയും ബാധിക്കുന്നു. എൽനിനോ പ്രതിഭാസം മൂലം 2024 ചൂട് കുത്തനെ കൂടുമെന്ന് വിദഗ്ദ്ധർ നേരത്തെ തന്നെ അഭിപ്രായപ്പെട്ടിരുന്നു. കഴിഞ്ഞവർഷം രൂപംകൊണ്ട എൽനിനോയുടെ സാന്നിദ്ധ്യം നമുക്ക് എത്രമാത്രം വെല്ലുവിളിയാകും എന്നത് സംബന്ധിച്ച് പഠനങ്ങൾ ആവശ്യമാണ്.


വേനൽ മഴയിൽ

കുറവ്

കേരളത്തിൽ പൊതുവേ നല്ല അളവിൽ വേനൽമഴ ലഭിക്കാറുണ്ട്. പക്ഷേ, കഴിഞ്ഞ സീസണിൽ 33 ശതമാനം കുറവാണ് അനുഭവപ്പെട്ടത്. അതിനാൽ തന്നെ ജലലഭ്യത കുറഞ്ഞു. തെക്കുപടിഞ്ഞാറൻ കാലവർഷം കുറഞ്ഞതിനാൽ റിസർവോയറുകളിലുൾപ്പെടെ ജലനിരപ്പ് താഴ്ന്നു. ഈ വർഷം ഏപ്രിൽ, മേയ് മാസത്തിൽ അത്യാവശ്യം മഴ ലഭിച്ചാൽ മാത്രമേ വെള്ളത്തിന്റെ ദൗർലഭ്യം നമുക്ക് പരിഹരിക്കാൻ സാധിക്കുകയുള്ളൂ. കേരളത്തിന്റെ കാര്യത്തിൽ 350 മില്ലീ മീറ്റർ മഴ മാർച്ച് മുതൽ മേയ് വരെയുള്ള കാലത്ത് ലഭിക്കാറുണ്ട്. ആ മഴ ലഭിച്ചാൽ മാത്രമേ വെള്ളത്തിന്റെ പ്രശ്നം നമുക്ക് അതിജീവിക്കാൻ സാധിക്കൂ. നമ്മൾ പ്രതീക്ഷിച്ചതിലും അധികമാണ് ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ചൂട് അനുഭവപ്പെടുന്നത്. മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലും കൂടുതൽ ചൂട് തന്നെയാണ് തുടരുന്നതെങ്കിൽ വെള്ളത്തിന്റെ പ്രതിസന്ധി രൂക്ഷമാകും.

രാത്രിയിലും

ചൂട്

ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങൾ തണുപ്പ് കാലമായിരുന്നു. പക്ഷേ ഇപ്പോൾ സ്ഥിതി അങ്ങനെയല്ല. ആഗോളതലത്തിൽ തന്നെ സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണിത്. ചൂടായാലും തണുപ്പായാലും അതിന്റെ ഏറ്റവും പരമാവധി അനുഭവപ്പെടുന്നു എന്നതാണ് ഇപ്പോഴത്തെ പ്രശ്നം. കേരളത്തെ സംബന്ധിച്ച് ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിലെല്ലാം വലിയ ചൂടാണ് അനുഭവപ്പെടുന്നത്. ജനുവരി മുതൽ കാലാവസ്ഥ വകുപ്പിന്റെ സ്റ്റേഷനുകളിലെല്ലാം തന്നെ രേഖപ്പെടുത്തിയ കുറഞ്ഞ താപനില, അവിടുത്തെ ദീർഘകാല ശരാശരിയേക്കാൾ വളരെക്കൂടുതലാണ്. പത്തനംതിട്ട, കണ്ണൂർ, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോട്ടയം ജില്ലകളിലും ഉയർന്ന താപനിലയാണ് രേഖപ്പെടുത്തുന്നത്. ഇവിടെങ്ങളിൽ രാത്രിയിലും താപനില വലിയ തോതിൽ കുറവ് അനുഭവപ്പെടുന്നില്ല. 27 - 30 ഡിഗ്രി സെൽഷ്യസിന് ഇടയിൽ പലയിടത്തും രാത്രിയിലും താപനില ഉയർന്നു തന്നെ നിൽക്കുന്നു. അതായത് രാത്രിയിലെ താപനില രണ്ട് മുതൽ മൂന്ന് ഡിഗ്രിവരെ കൂടുതലാണ്.

ചൂടും തണുപ്പും

ഒരുപോലെ അല്ല

കേരളത്തിലെ ഭൂപ്രകൃതിയുടെ പ്രത്യേകതയുടെ അടിസ്ഥാനത്തിൽ എല്ലാ പ്രദേശങ്ങളിലും ചൂടും തണുപ്പും ഒരുപോലെയല്ല. ആലപ്പുഴ ജില്ലയിൽ ചൂട് 37 ഡിഗ്രിയിൽ എത്തിയാൽ തന്നെ ഗൗരവമായി കാണേണ്ടിവരും. കാരണം ആലപ്പുഴ എന്നത് തീരദേശ ജില്ലയാണ്. അവിടെ ഈർപ്പമുണ്ടാകും. അതുകൊണ്ട് അവിടെ 37 ഡിഗ്രി തന്നെ ഗുരുതരമായ പ്രശ്നങ്ങളുണ്ടാക്കും. മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളിലും ഇത് ബാധകമാണ്. മലയോര മേഖലയിൽ 33 ഡിഗ്രി തന്നെ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കിയേക്കാം.

മുൻവർഷങ്ങളിൽ 40 ഡിഗ്രി സ്വാഭാവികമായി എത്തുന്ന സ്ഥലമായി നമ്മൾ പരിഗണിച്ചിരുന്നത് പാലക്കാടും കൊല്ലം ജില്ലയിലെ പുനലൂരും ആയിരുന്നു. പശ്ചിമഘട്ടത്തിന്റെ വിടവുള്ള പ്രദേശങ്ങളായതിനാൽ തന്നെ അവിടെ ചൂട് കൂടുതലാണ്. പക്ഷേ, പാലക്കാട്ടെ ഒരാൾക്ക് അത് പ്രശ്നമായി തോന്നില്ല, കാരണം അയാൾ ആ ചൂടുമായി പരിചിതനാണ്. കൃഷിയുൾപ്പെടെ അവരുടെ ജീവിതത്തിന്റെ രീതി അതുമായി ബന്ധപ്പെട്ടാണ് ക്രമീകരിച്ചിരിക്കുന്നത്. ചൂട് അതിൽ നിന്ന് കൂടുമ്പോൾ അവരെ ബാധിക്കും.

എന്നാൽ, സാധാരണ ചൂട് ഇല്ലാതിരുന്ന പ്രദേശത്ത് രണ്ട് ഡിഗ്രിയോ മൂന്ന് ഡിഗ്രിയോ ചൂട് കൂടുമ്പോൾ അതേപോലെ ആയിരിക്കില്ല കാര്യങ്ങൾ. പ്രത്യേകിച്ച് തീരപ്രദേശത്ത്. ഈർപ്പം ഉള്ളതിനാൽ ചൂട് ഉണ്ടാക്കുന്ന ഇംപാക്ട് വളരെ കൂടുതലാണ്.

ചൂട് കൂടുമ്പോൾ

താപനില ഉയരുന്നത് നമ്മുടെ എല്ലാ മേഖലകളേയും ബാധിക്കുമെന്നതിൽ സംശയമില്ല. എങ്കിലും നമ്മുടെയെല്ലാം പ്രഥമ ആശങ്ക ആരോഗ്യകാര്യത്തിൽ തന്നെയാണ്. നമ്മുടെ ആരോഗ്യത്തെ ഇത് വലിയരീതിയിൽ ബാധിക്കും. സൂര്യാഘാതവും സൂര്യതപവും ഉണ്ടാകാം. സൂര്യാഘാതം ആളുകളെ മരണത്തിലേക്ക് നയിക്കുന്ന വളരെ ഗൗരവമായ പ്രശ്നമാണ്. അടുത്തകാലം വരെ നമ്മൾ ഗൗരവമായി അതിനെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. യൂറോപ്പിൽ ഉഷ്ണതാപം കാരണം പതിനായിരക്കണക്കിനാളുകൾ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ഇന്ത്യയിൽ തന്നെ മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പല തരത്തിലുള്ള ചൂടുമായി ബന്ധപ്പെട്ട മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.

സൂര്യാതപം മൂലം പൊള്ളലേൽക്കാൻ സാദ്ധ്യതയുണ്ട്. അതിന്റെ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഇത് മറ്റ് പല തരത്തിലും കോ മോർബിഡിറ്റിയായി സംഭവിക്കാൻ സാദ്ധ്യതയുണ്ട്. ചൂട് എല്ലാ മേഖലയിലുമുള്ള നമ്മുടെ ഉത്പാദനക്ഷമതയെ വലിയ തോതിൽ ബാധിക്കാം. നമ്മുടെ ശരീരത്തെയും ആരോഗ്യത്തേയും മാനസികാരോര്യത്തേയും ബാധിക്കാം. നമ്മുടെ കാർഷിക മേഖലയെ വലിയ തോതിൽ ബാധിക്കും. ലോകത്ത് എല്ലായിടത്തും കാർഷിക മേഖയിൽ പ്രശ്നങ്ങളുണ്ട് പക്ഷേ നമുക്ക് മുൻപരിചയമില്ലാത്തതിനാൽ നമ്മളെ ഇത് വേഗത്തിൽ ബാധിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: TEMPERATURE
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.