SignIn
Kerala Kaumudi Online
Wednesday, 22 May 2024 4.49 AM IST

ഹോസ്റ്റൽ ആക്രമണങ്ങൾ ഓർമ്മിപ്പിക്കുന്ന ചിലത്

u

കലാലയങ്ങളും, ദൂരസ്ഥലങ്ങളിൽ നിന്ന് ഉന്നതവിദ്യാഭ്യാസം കാംക്ഷിച്ചെത്തുന്ന വിദ്യാ‌ർത്ഥികൾക്ക് ക്യാമ്പസിൽത്തന്നെ താമസമൊരുക്കുന്ന 'കലാലയഗൃഹ"ങ്ങളായ ഹോസ്റ്റലുകളും അവർക്കു മുന്നിൽ തുറന്നിടേണ്ടത് സൗഹൃദങ്ങളുടെയും സംഘജീവിതത്തിന്റെയും പുതുലോകത്തേക്കുള്ള വാതിലുകളാണ്. ഹോസ്റ്റൽ ജീവിതമെന്നത് തീക്ഷ്ണ യൗവനത്തിൽ,​ പിൽക്കാലത്ത് ആരൊക്കെയായിത്തീരണമെന്ന് ഓരോരുത്തരെയും രൂപപ്പെടുത്തുന്ന മൂശകൾ കൂടിയാണ്. ക്ളാസ് മുറികളിൽ നിന്നിറങ്ങി,​ ലോകവിശാലതയിലേക്ക് നടക്കാനിരിക്കുന്ന വിദ്യാർത്ഥികളുടെ ചിന്തകളെയും മനോഭാവങ്ങളെയും സ്വാധീനിക്കാൻ പാഠങ്ങൾക്കുള്ളതിനേക്കാൾ കെല്പുണ്ട്, ഹോസ്റ്റൽ ജീവിതകാലത്തെ അനുഭവങ്ങൾക്കും അതു നൽകുന്ന പഠിപ്പുകൾക്കും! നിർഭാഗ്യവശാൽ,​ നമ്മുടെ കോളേജ് ഹോസ്റ്റലുകളും സർവകലാശാലാ ഹോസ്റ്റലുകളും ഇങ്ങനെയൊന്നും ആല്ലാതായിത്തീർന്നിരിക്കുന്നതിന്റെ കെട്ട വാർത്തകളാണ് മിക്കവാറും കേൾക്കേണ്ടിവരുന്നത്.

വയനാട്ടിലെ പൂക്കോട് വെറ്ററിനറി സർവകലാശാലാ ഹോസ്റ്റലിൽ ആൾക്കൂട്ട വിചാരണയ്ക്കും കൊടിയ മർദ്ദനങ്ങൾക്കും വിധേയനാവുകയും,​ ഒടുവിൽ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കാണപ്പെടുകയും ചെയ്ത സിദ്ധാർത്ഥ് എന്ന ചെറുപ്പക്കാരന്റെ അനുഭവം ബാക്കിവയ്ക്കുന്ന ദുരൂഹതകളുടെ കുരുക്ക് അഴിയാനിരിക്കുന്നതേയുള്ളൂ. ഗുജറാത്ത് സർവകലാശാലാ ക്യാമ്പസിലെ ഹോസ്റ്റലിൽ മതപരമായ നമസ്കാരം അനുഷ്ഠിച്ചതിന്റെ പേരിൽ വിദേശ വിദ്യാർത്ഥികൾക്കു നേരെ പുറത്തുനിന്നുള്ള ആൾക്കൂട്ടത്തിന്റെ സംഘടിത ആക്രമണമുണ്ടായത് കഴിഞ്ഞ ദിവസമാണ്. അഫ്ഗാനിസ്ഥാൻ,​ ഉസ്ബക്കിസ്ഥാൻ,​ ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള അഞ്ചു വിദ്യാർത്ഥികൾ പരിക്കേറ്റ് ആശുപത്രിയിലാണ്. മുദ്രാവാക്യം വിളികളുമായി കുട്ടികളെ ആക്രമിച്ച സംഘം,​ മുറികളിൽ കടന്നുകയറി അവരുടെ ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും മറ്റും അടിച്ചുതകർക്കുകയും ചെയ്തു. അരമണിക്കൂറിനു ശേഷം പൊലീസ് എത്തുമ്പോഴേക്കും അക്രമിസംഘം,​ അഴിഞ്ഞാട്ടം കഴിഞ്ഞ് കടന്നുകളഞ്ഞിരുന്നു.

അക്രമിസംഘത്തിൽപ്പെട്ട അഞ്ചു പേരെ പൊലീസ് അറസ്റ്റു ചെയ്തെന്നാണ് റിപ്പോർട്ട്. കൂടുതൽ പേരെ പിടികൂടാൻ പൊലീസ് ഒമ്പതു സംഘങ്ങളായി തിരിഞ്ഞ് തെരച്ചിൽ നടത്തുന്നുണ്ട്. പുറത്തുനിന്നുള്ളവരുടെ അക്രമത്തിന്റെ പശ്ചാത്തലത്തിൽ,​ വിദേശ വിദ്യാർത്ഥികളെ കൂടുതൽ സുരക്ഷയുള്ള മറ്റൊരു ഹോസ്റ്റലിലേക്ക് മാറ്റാനാണ് സർവകലാശാലാ അധികൃതരുടെ തീരുമാനം. അക്രമം നടന്ന ഹോസ്റ്റലിലും സെക്യൂരിറ്റി ജീവനക്കാരനുണ്ടായിരുന്നു. ഇയാളെ മർദ്ദിച്ചു വീഴ്ത്തിയിട്ടായിരുന്നു അക്രമികളുടെ പരാക്രമം. റംസാൻ നമസ്കാരത്തിനു നേരെയാണ് ആക്രമണമുണ്ടായത് എന്നതുകൊണ്ട്,​ അതിനു പിന്നിൽ മതപരമായ കാരണങ്ങളാണെന്ന് സ്വാഭാവികമായും കരുതണം. മറ്റു രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിൽ താമസിച്ചു പഠിക്കാനെത്തിയ വിദ്യാർത്ഥികളുടെ മനസിൽ ഈ സംഭവം എന്തു ചിത്രമായിരിക്കും ബാക്കിവയ്ക്കുക. അവരുടെ മനസിനേറ്റ മുറിവുണക്കാൻ പൊലീസ് അന്വേഷണത്തിനോ സർവകലാശാലാ നടപടികൾക്കോ കഴിയുമോ?​

ആദ്യമേ പറഞ്ഞതു പോലെ,​ സർവകലാശാലാ ക്യാമ്പസ് ഹോസ്റ്റലുകൾ സാംസ്കാരിക പാഠശാലകൾ കൂടിയായിത്തീരേണ്ടതാണ്. രാജ്യത്തെ മിക്ക സർവകലാശാലകളിലുമുണ്ട്,​ ഇതര രാജ്യങ്ങളിൽ നിന്നെത്തി താമസിച്ചു പഠിക്കുന്നവർ. കേരളത്തിലുമുണ്ട്. അവർ ഇന്ത്യയെ അറിയുന്നതും അനുഭവിക്കുന്നതും ഈ ഹോസ്റ്റൽ മുറികളിൽ നിന്നുകൂടിയാണ്. പൂക്കോട് സർവകലാശാലയിലെ സംഭവവികാസങ്ങളാണ്, വാർഡനോ സർവകലാശാലാ അധികൃതർക്കോ അവിടത്തെ ഹോസ്റ്റലുമായി ബന്ധപ്പെട്ട് എന്തെങ്കിലും നിയന്ത്രണമോ ഉത്തരവാദിത്വമോ ഇല്ലെന്ന ഞെട്ടിക്കുന്ന സത്യം പുറത്തുകൊണ്ടുവന്നത്. മുതിർന്ന കുട്ടികളല്ലേ,​ അവർ സ്വയം ജീവിച്ചു പഠിക്കട്ടെ എന്ന ഉദാരമനോഭാവം ഇപ്പോഴത്തെ കാലഘട്ടത്തിൽ അപകടകരമായ സാഹചര്യങ്ങൾക്ക് വഴിയൊരുക്കുകയേയുള്ളൂ. കുട്ടികളെ പഠിക്കാനയയ്ക്കുന്ന ഏതു രക്ഷിതാവിന്റെയും മനസിലെ ആദ്യ ഉത്കണ്ഠ,​ മക്കളുടെ സുരക്ഷിതത്വമാണ്. അത് ഉറപ്പാക്കേണ്ടത് ഹോസ്റ്റലിന്റെയും,​ കോളേജിന്റെയും സർവകലാശാലയുടെയും അധികാരികളാണ്. രാജ്യത്ത്,​ ക്യാമ്പസ് ഹോസ്റ്റലുകളുടെ നടത്തിപ്പിനും മേൽനോട്ടത്തിനും പ്രത്യേക മാർഗരേഖയൊന്നും നിലവിലില്ല. അതുണ്ടാകാൻ വൈകിയെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നതാണ് ഗുജറാത്ത് സർവകലാശാലാ ഹോസ്റ്റലിലെ അക്രമ സംഭവവും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HOSTEL ATTACK
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.