SignIn
Kerala Kaumudi Online
Sunday, 30 June 2024 8.38 PM IST

സർവീസ് മേഖലയിൽ സമാധാനത്തിന്റെ 8 വർഷങ്ങൾ

salary

കേരളത്തിലെ അഞ്ചരലക്ഷത്തോളം വരുന്ന സർക്കാർ ജീവനക്കാരും അദ്ധ്യാപകരും ഇപ്പോൾ നിശബ്ദതയിലാണ്. സമരമില്ല, പ്രതിഷേധമില്ല, അവകാശപോരാട്ടങ്ങളില്ല. ഖജനാവിൽ പണമില്ലാത്തതിനാൽ സർക്കാർ ഉദ്യോഗസ്ഥർക്ക് ചരിത്രത്തിലാദ്യമായി ശമ്പളം മുടങ്ങിയ സംഭവം പോലുമുണ്ടായി. തങ്ങൾക്ക് ന്യായമായും ലഭിക്കേണ്ട ശമ്പള പരിഷ്ക്കരണം, ഡി.എ കുടിശ്ശിക, ലീവ് സറണ്ടർ തുടങ്ങിയ വിഷയങ്ങളിൽ ഒന്ന് മുരടനക്കാൻ പോലുമാകാതെ മൗനത്തിലാണ് സർവീസ് സംഘടനകൾ. അംഗബലത്തിൽ മുന്നിൽ നിൽക്കുന്നത് ഇടത് സംഘടനകളാണെങ്കിലും സർക്കാരിനെതിരെ ഒന്നും ഉരിയാടാനാകാത്ത സ്ഥിതിയിലാണവരും. താരതമ്യേന അംഗബലം കുറഞ്ഞ പ്രതിപക്ഷ സംഘടനകളാകട്ടെ, പ്രതിഷേധം വല്ലപ്പോഴുമുള്ള പ്രസ്താവനകളിൽ മാത്രമായി ഒതുക്കുകയാണ്. മുൻകാലങ്ങളിൽ നടത്തിയ സമരപോരാട്ടങ്ങളുടെയും പണിമുടക്കുകളുടെയും'മധുരസ്മരണകൾ' അയവിറക്കി പ്രതിഷേധം ഉള്ളിലൊതുക്കി കഴിയുകയാണവർ. ചുരുക്കത്തിൽ സർക്കാർ സർവീസാകെ പുറമെ നിന്ന് നോക്കിയാൽ പ്രകടമായ വികാരവിക്ഷോഭങ്ങളൊന്നുമില്ലാതെ, എന്നാൽ പുകയുന്ന അഗ്നിപർവതം പോലെയാണ്. സമാധാനത്തിന്റെ വെള്ളരിപ്രാവുകൾ പാറിപ്പറക്കുന്ന ഒരേ ഒരിടം ഇപ്പോൾ കേരളത്തിലെ സർവീസ് മേഖലയാണെന്ന് തോന്നാം. സർവീസിൽ നിന്ന് വിരമിച്ചവരും ഇനി വിരമിക്കാൻ പോകുന്നവരും അങ്കലാപ്പിലാണ്. വിരമിക്കുമ്പോൾ ലഭിക്കേണ്ട ആനുകൂല്യങ്ങൾ എന്ന് ലഭിക്കുമെന്നോ, ലഭിച്ചാലും ഗഡുക്കളാക്കി മുറിച്ചുകിട്ടുമോ എന്നതും ആശങ്കയാണ്. മക്കളുടെ വിവാഹം നടത്തേണ്ടവർ, മറ്റ് അത്യാവശ്യമായ കാര്യങ്ങൾക്ക് തുക വിനിയോഗിക്കേണ്ടവർ തുടങ്ങിയവരൊക്കെ ആശങ്കയുടെ മുൾമുനയിൽ നിൽക്കുമ്പോഴും സർവീസ് സംഘടനകൾ ഇതൊന്നും അറിഞ്ഞഭാവം പോലും കാട്ടുന്നില്ല.

ഇടത് സർക്കാരിന്റെ ഭരണം 96 മാസങ്ങൾ പിന്നിടുമ്പോൾ ജീവിതത്തിന്റെ സമസ്തമേഖലകളിലും മാന്ദ്യവും അസംതൃപ്തിയും വികസന മുരടിപ്പും അതിന്റെ പാരമ്യത്തിലെത്തിയതായാണ് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നത്. വിലക്കയറ്റവും തൊഴിലില്ലായ്മയും രൂക്ഷമാകുമ്പോഴും സർക്കാരിനെതിരായ അഴിമതി ആരോപണങ്ങളും ഉയരുകയാണ്. സാമൂഹിക പെൻഷൻ കൃത്യസമയത്ത് ലഭിക്കാത്തതിനാൽ വയോജനങ്ങളും ബുദ്ധിമുട്ടിലാണ്. ഇങ്ങനെ സമസ്തമേഖലയിലെ ജനവിഭാഗങ്ങളും അസംതൃപ്തിയിലാണ്ടു കിടക്കുമ്പോൾ അഞ്ചര ലക്ഷത്തോളം വരുന്ന സംസ്ഥാന സർക്കാർ ജീവനക്കാരിലും പെൻഷൻകാരിലും അസംതൃപ്തിയും ആശങ്കയും പടരുന്നത് സ്വാഭാവികം.

ജീവനക്കാർക്ക് പ്രശ്നങ്ങളേറെ

8 വർഷത്തെ ഇടത് ഭരണത്തിൽ സംസ്ഥാന ജീവനക്കാർക്കും അദ്ധ്യാപകർക്കും ഇതുവരെ 15 മാസത്തെ ശമ്പളത്തിന് തുല്യമായ തുക നഷ്ടപ്പെട്ടെന്നാണ് പ്രതിപക്ഷ സംഘടനകൾ ആരോപിക്കുന്നത്. ഇപ്പോഴത്തെ ഇടത് ഭരണവും തൊട്ട് മുമ്പുള്ള യു.ഡി.എഫ് ഭരണവും താരതമ്യം ചെയ്തുള്ള കണക്കുകളാണവർ നിരത്തുന്നത്. അർഹമായ അവസാനത്തെ ക്ഷാമബത്തയും അനുവദിച്ച ശേഷമാണ് 2017 ൽ ഉമ്മൻചാണ്ടി സർക്കാർ പടിയിറങ്ങിയത്. ജീവനക്കാർക്ക് ഒരു ഗഡു ഡി.എ പോലും കുടിശ്ശികയുണ്ടായിരുന്നില്ല. എന്നാൽ കഴിഞ്ഞ 8 വർഷത്തിനിടെ 16 ഗഡു ഡി.എ അനുവദിക്കേണ്ടിടത്ത് 10 ഗഡു മാത്രമാണ് അനുവദിച്ചത്. 2019 ജനുവരി 1 മുതൽ 2020 ഡിസംബർ 31 വരെയുള്ള ഡി.എ ലഭിക്കാത്തതിനാൽ രണ്ട് മാസത്തെയും 21 ദിവസത്തെയും ശമ്പളം നഷ്ടമായി. ശമ്പള പരിഷ്ക്കരണ കുടിശ്ശിക പി.എഫിൽ ലയിപ്പിക്കുമെന്ന ഉത്തരവ് പാലിക്കാത്തതിനാൽ 57 ദിവസത്തെ ശമ്പളം കിട്ടാക്കനിയായി. ലീവ് സറണ്ടർ നിഷേധിച്ചതിലൂടെ നിഷേധിക്കപ്പെട്ടത് 5 മാസത്തെ പൂർണ ശമ്പളമാണ്. കൊവിഡ് കാലത്തെ സാലറി ചലഞ്ചിലൂടെ ഒരു മാസത്തെ ശമ്പളം നഷ്ടമായി. 39 മാസത്തെ ഡി.എ കുടിശ്ശിക കാര്യത്തിൽ മൗനം പാലിച്ചതിനാൽ 4 മാസത്തെയും 10 ദിവസത്തെയും ശമ്പളം നഷ്ടമായി. അങ്ങനെയാണ് ആകെ 15 മാസത്തെ ശമ്പളം ജീവനക്കാരിൽ നിന്ന് സർക്കാർ കവർന്നെടുത്തതായി പ്രതിപക്ഷ സംഘടനകൾ കണക്ക് നിരത്തി ആരോപിക്കുന്നത്. അതേസമയം ഇടത് സംഘടനകളാകട്ടെ, സർക്കാരിനെതിരെ ഒന്ന് പ്രതിഷേധിക്കാൻ പോലുമാകാത്ത ഗതികേടിലുമാണ്. യു.ഡി.എഫ് ഭരണകാലത്തെങ്ങാനുമായിരുന്നു ഇത് സംഭവിച്ചിരുന്നതെങ്കിൽ സമരവേലിയേറ്റങ്ങളും അക്രമങ്ങളുമൊക്കെയായി കേരളം കലുഷിതമായി മാറിയേനെയെന്ന് പറയുന്നവരിൽ പ്രതിപക്ഷത്തെ ജീവനക്കാർ മാത്രമല്ല ഉള്ളത്.

കാര്യം നിസാരം, മിണ്ടരുത്...

ജീവനക്കാർക്കെതിരായ സ‌ർക്കാരിന്റെ സമീപനം സംബന്ധിച്ച് ഇടത് സർവീസ് സംഘടനകളുടെ യോഗങ്ങളിൽ ഒറ്റപ്പെട്ട പ്രതിഷേധങ്ങൾ ഉയരാറുണ്ടെങ്കിലും നേതാക്കൾ ഇടപെട്ട് പ്രശ്നം ഒതുക്കി തീർക്കുന്നതാണ് രീതി. ആരും പരസ്യപ്രതികരണത്തിനും മുതിരാറില്ല. ശമ്പള പരിഷ്ക്കരണവും ഡി.എ കുടിശ്ശികയും പോലുള്ള വിഷയങ്ങൾ ഉന്നയിക്കുന്നവരോട് ഇത്തരം 'നിസ്സാര കാര്യങ്ങൾ' പറയാതെ അടുത്ത തവണയും നമ്മുടെ സർക്കാരിനെ അധികാരത്തിലെത്തിക്കാൻ എന്ത് ചെയ്യാനാകുമെന്നതിനെക്കുറിച്ചാണ് ചർച്ചചെയ്യേണ്ടതെന്നാണ് നേതാക്കൾ പറയുന്നത്. സർക്കാർ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി അണികളുടെ വായടപ്പിക്കുന്ന നേതാക്കൾ കുറ്റമെല്ലാം കേന്ദ്രസർക്കാരിന്റെ തലയിൽ കെട്ടിവച്ച് കുറ്റപ്പെടുത്തുന്നതാണിപ്പോഴത്തെ പതിവ് രീതി.

തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമോ ?

സർക്കാരിനെതിരെ പരസ്യമായി പ്രതിഷേധിക്കാൻ മടിക്കുന്ന ജീവനക്കാർ പാർലമെന്റ് തിരഞ്ഞെടുപ്പിൽ തങ്ങളുടെ വികാരം പ്രതിഫലിപ്പിച്ചോ എന്നറിയാൻ ജൂൺ 4 വരെ കാത്തിരിക്കേണ്ടി വരും. പോസ്റ്റൽ വോട്ടുകൾ എണ്ണുമ്പോഴാകും ഇത് കൂടുതൽ വ്യക്തമാകുക. മുൻ തിരഞ്ഞെടുപ്പുകളിലെല്ലാം മലപ്പുറത്തടക്കം പോസ്റ്റൽ വോട്ടുകൾ ഏറ്റവുമധികം ലഭിക്കുന്നത് ഇടത് സ്ഥാനാർത്ഥികൾക്കായിരിക്കും. ജീവനക്കാരുടെ പോസ്റ്റൽ വോട്ടുകൾ നേതാക്കൾ തന്നെ സമാഹരിച്ച് എത്തിക്കുന്ന രീതിയായിരുന്നു ഇതുവരെ തുടർന്നു വന്നത്. എന്നാൽ ഏപ്രിൽ 26 ന് നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ പോസ്റ്റൽ വോട്ടുകൾ നേതാക്കൾ സമാഹരിക്കുന്ന രീതിക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ തടയിട്ടു. പോസ്റ്റൽ വോട്ട് ചെയ്യേണ്ട ജീവനക്കാ‌ർ അതിനായുള്ള ഫെസിലിറ്റേഷൻ സെന്ററിലെത്തി വോട്ട് ചെയ്യണമെന്നതായിരുന്നു പുതിയ രീതി.

ഐതിഹാസിക സമരങ്ങൾ

ജീവനക്കാരുടെ ആനുകൂല്യങ്ങൾ നിഷേധിച്ചതിനെതിരെ 1974 ലും 2004 ലും സംസ്ഥാനത്ത് നടന്ന ഐതിഹാസികസമരങ്ങൾ ഇന്നും ജീവനക്കാരിൽ പലരുടെയും ഓർമ്മകളിലുണ്ടാകും. 1974 ൽ സി.അച്യുതമേനോൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ ജീവനക്കാരും അദ്ധ്യാപകരും നടത്തിയ സമരം 52 ദിവസമാണ് നീണ്ടത്. സർക്കാരാഫീസുകളുടെയും സ്കൂളുകളുടെയും പ്രവർത്തനം സ്തംഭിച്ചു. 2004 ൽ 32 ദിവസം നീണ്ട സമരം സർവീസ് മേഖലയെ സ്തംഭിപ്പിച്ചു. രണ്ട് സമരങ്ങൾക്കും നേതൃത്വം നൽകിയത് ഭരണപക്ഷ സംഘടനകളാണെന്നതാണ് വിചിത്രം. ഇടത് സംഘടനകളും പിന്തുണ നൽകിയെങ്കിലും കാര്യമായ ഒന്നും നേടാതെയാണ് രണ്ട് സമരങ്ങളും അവസാനിച്ചത്. 2004 ൽ എ.കെ ആന്റണി മുഖ്യമന്ത്രിയായിരിക്കെ നടന്ന സമരത്തിനാധാരം ഡി.എ കുടിശ്ശികയും ശമ്പള പരിഷ്ക്കരണ കുടിശ്ശികയും നൽകാൻ സമയം നീട്ടി ചോദിച്ചതാണ്. കോൺഗ്രസ് നേതൃത്വത്തിലുള്ള സംഘടനകൾ നയിച്ച സമരത്തിന് എൽ.ഡി.എഫ് സംഘടനകളും പിന്തുണ നൽകിയെങ്കിലും 32 ദിവസത്തിനു ശേഷം ഒന്നും നേടാതെ സമരം പിൻവലിക്കേണ്ടി വന്നു. അന്ന് സമരത്തിന് പിന്തുണ പ്രഖ്യാപിച്ചവരിൽ സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനും ഉണ്ടായിരുന്നു. സമരം പൊളിഞ്ഞെങ്കിലും ഒരാഴ്ച പിന്നിട്ടപ്പോൾ എ.കെ ആന്റണിക്ക് മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടി വന്നത് മറ്റൊരു ചരിത്രം. ജീവനക്കാരുടെ ആവശ്യങ്ങൾക്കായി സർക്കാരിനോട് വിലപേശാനും നേടിയെടുക്കാനും ആർജ്ജവവും തന്റേടവുമുള്ള നേതാക്കളുടെ അഭാവമാണ് ഇന്ന് സർവീസ് സംഘടനകൾ നേരിടുന്ന ദുരന്തമെന്ന് കോൺഗ്രസ് അനുകൂല അദ്ധ്യാപകസംഘടനയുടെ മുൻ നേതാവും പെൻഷണേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടേറിയറ്റംഗവുമായ എസ്. സുജയ് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OPINION
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.