SignIn
Kerala Kaumudi Online
Wednesday, 22 May 2024 5.24 AM IST

കത്തുന്ന വേനലിൽ ജലക്ഷാമം രൂക്ഷം

j

കത്തുന്ന വേനലിൽ ജലക്ഷാമം കൂടി രൂക്ഷമായതോടെ പല പ്രദേശങ്ങളിലും ജനം വലയുകയാണ്. കിലോമീറ്ററുകൾ തലച്ചുമടായും പണം മുടക്കി വാഹനങ്ങളിലും വെള്ളം എത്തിച്ചാണ് പലയിടങ്ങളിലും ആളുകൾ ഓരോ ദിവസവും തള്ളിനീക്കുന്നത്. സ്വാഭാവിക ജലസ്രോതസുകൾ മിക്കതും വറ്റിയതും ശുദ്ധജല വിതരണ പദ്ധതികൾ പലതും കാര്യക്ഷമമല്ലാത്തതുമാണ് പ്രശ്‌നത്തിന് കാരണം. ജല അതോറിട്ടിയുടെ പൈപ്പുകളെ മാത്രം ആശ്രയിച്ചു കഴിയുന്ന പ്രദേശങ്ങളിൽ പൈപ്പ് പൊട്ടിയും മറ്റും ജലവിതരണം തടസ്സപ്പെടുന്നതു വലിയ പ്രതിസന്ധിയാണ്. ജലക്ഷാമം കാർഷിക മേഖലയിലും കടുത്ത ആശങ്ക സൃഷ്ടിക്കുന്നു. വെള്ളമില്ലാതെ എങ്ങനെ കൃഷി മുന്നോട്ടു കൊണ്ടുപോകുമെന്നത് കർഷകർക്കു മുന്നിൽ ചോദ്യ ചിഹ്നമാകുകയാണ്.

മുന്നിൽ

മൂന്നാർ

വേനൽ കടുത്തതോടെ മൂന്നാർ മേഖലയിൽ ശുദ്ധജലക്ഷാമം കൂടുതൽ രൂക്ഷമായിരിക്കുന്നത്. മൂന്നാർ കോളനികൾ, വട്ടവട, കുണ്ടള സാൻഡോസ് എസ്ടി കോളനി എന്നിവിടങ്ങളിലാണ്. മൂന്നാറിലെ വിവിധ കോളനികൾ, ടൗൺ, ഇക്കാ നഗർ, പഴയ മൂന്നാർ, നല്ല തണ്ണി റോഡ് എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ ജലവിതരണ വകുപ്പ് പൈപ്പുകൾ വഴി ശുദ്ധജലം വിതരണം ചെയ്യുന്നുണ്ട്. എന്നാൽ ജനവാസ മേഖലകളായ ഉയർന്ന പ്രദേശത്തെ വീടുകളിൽ എസ്റ്റേറ്റുകളിലെ ചോലകളിൽ നിന്ന് പൈപ്പുകളിട്ടാണ് സ്വകാര്യ വ്യക്തികൾ ജലമെത്തിച്ചു കൊടുക്കുന്നത്. 400 മുതൽ 1000 രൂപ വരെയാണ് ഓരോ കുടുംബവും മാസം തോറും ജലമെത്തിക്കുന്നതിനായി നൽകുന്നത്.

വേനൽ കടുത്തതോടെ എസ്റ്റേറ്റുകളിലെ ചോലകൾ വറ്റിവരളാൻ തുടങ്ങിയതിനാൽ കോളനികളിൽ താമസിക്കുന്നവർക്ക് നിലവിൽ വല്ലപ്പോഴും മാത്രമാണ് വെള്ളം ലഭിക്കുന്നത്. ആദിവാസി വിഭാഗത്തിൽപ്പെട്ടവർ താമസിക്കുന്ന കുണ്ടള സാൻഡോസ് കോളനിയിൽ കിലോമീറ്ററുകൾ ദൂരത്തുള്ള വനത്തിലെ നീരുറവകളിൽ നിന്നായിരുന്നു പൈപ്പ് വഴി ശുദ്ധജലമെത്തിച്ചിരുന്നത്. നീരുറവകൾ വറ്റിയതോടെ നാട്ടുകാർ കിലോമീറ്ററുകൾ ദൂരത്തുള്ള കുണ്ടള ഡാമിൽ നിന്ന് തലച്ചുമടായാണ് വെള്ളം എത്തിക്കുന്നത്. വട്ടവട പഞ്ചായത്തിലെ കോവിലൂർ, ചിലന്തിയാർ, കൊട്ടാക്കമ്പൂർ മേഖലകളിലും സമാനമായ അവസ്ഥയാണ്.

മന്ത്രി മണ്ഡലത്തിലും

വെള്ളമില്ല

വേനൽ കടുത്തതോടെ ജില്ലാ ആസ്ഥാന മേഖലയിലെ വിവിധ പഞ്ചായത്തുകളിൽ ശുദ്ധജലക്ഷാമം രൂക്ഷമായി. ജലവിഭവ മന്ത്രിയുടെ മണ്ഡലത്തിലെ കഞ്ഞിക്കുഴി പഞ്ചായത്തിലെ മൈലപ്പുഴ, വിയറ്റ്‌നാം കോളനി, പഴയരിക്കണ്ടം കുരിശുപാറ, മഴുവടി തുടങ്ങിയ സ്ഥലങ്ങളിൽ വേനൽ ആരംഭത്തിൽ തന്നെ നാട്ടുകാർ ശുദ്ധജലത്തിനായി നെട്ടോട്ടം ഓടിത്തുടങ്ങി. മരിയാപുരം പഞ്ചായത്തിലെ പല മേഖലകളിലും കിണറുകളും ജലസ്രോതസ്സുകളും വറ്റി.
ഉയർന്ന പ്രദേശങ്ങളിലാണ് സ്ഥിതിഗതികൾ രൂക്ഷം. വാത്തിക്കുടി പഞ്ചായത്തിലും സ്ഥിതി വ്യത്യസ്തമല്ല. ഒരിക്കലും വറ്റാത്ത കിണറുകളും ഓലികളുമെല്ലാം കാലിയായി കഴിഞ്ഞെന്നു നാട്ടുകാർ പറയുന്നു. വാഴത്തോപ്പ് പഞ്ചായത്തിലെ മുളകുവള്ളി, ഭൂമിയാംകുളം, മണിയാറൻകുടി, പെരുങ്കാല, പകിട്ടാൻ താന്നിക്കണ്ടം മേഖലകളും വറുതിയിലാണ്.

കാണാമറയത്ത്

ശുദ്ധജലം


മറയൂർ പഞ്ചായത്തിലെ പല വാർഡുകളിലും ശുദ്ധജലക്ഷാമം രൂക്ഷമാണ്. മറയൂർ മലനിരകളിൽ വേനൽക്കാലത്ത് പോലും നീരുറവകൾ പൂർണമായും വറ്റാറില്ല. എന്നിട്ടും ജലക്ഷാമം നേരിടുന്നതിനു കാരണം ജലനിധി പദ്ധതിയിലെ അശാസ്ത്രീയതയാണെന്ന് ആക്ഷേപമുണ്ട്. 2013- 14 കാലഘട്ടത്തിൽ ജലനിധി പദ്ധതി വന്നതോടെയാണ് പല വാർഡുകളിലും ജലവിതരണം താറുമാറായത്.

മുമ്പ് സർക്കാരിന്റെ വിവിധ പദ്ധതികൾ വഴി പൈപ്പുകൾ സ്ഥാപിക്കുകയും തുടർന്നു ശുദ്ധജലം ലഭിക്കുകയും ചെയ്തിരുന്നു. ഇതിൽനിന്ന് മാറ്റി ജലനിധി പദ്ധതിയിൽ എട്ടര കോടിയോളം മുടക്കി നിർമ്മാണം നടത്തിയ ശേഷമാണ് പ്രശ്‌നം രൂക്ഷമായത്. അശാസ്ത്രീയമായ പൈപ്പിടീൽ, സംഭരണ ശേഷി കുറഞ്ഞ ജലസംഭരണി എന്നിവയൊക്കെയാണ് ജലക്ഷാമത്തിനു കാരണമായി പറയുന്നത്.

മാസംതോറും പണപ്പിരിവ് മുടങ്ങാതെ നടക്കുന്നുണ്ടെങ്കിലും വല്ലപ്പോഴും മാത്രമാണ് പൈപ്പിലൂടെ ശുദ്ധജലം എത്തുന്നത്. ജലജീവൻ പദ്ധതി ഇപ്പോൾ നടപ്പാക്കുന്നുണ്ടെങ്കിലും ഇതും എത്രത്തോളം പരിഹാരമാകുമെന്ന് പറയാനാകാത്ത സ്ഥിതിയാണ്.

ദാഹിച്ച് തളർന്ന്

തേക്കടിയുടെ കവാടം


വേനൽ കടുത്തതോടെ കുമളി പഞ്ചായത്തിലെ പല പ്രദേശങ്ങളിലും ശുദ്ധജലക്ഷാമം രൂക്ഷമായി. ജലജീവൻ പദ്ധതിയിൽ പൈപ്പുകൾ സ്ഥാപിച്ചിട്ട് മാസങ്ങൾ കഴിഞ്ഞ പ്രദേശങ്ങളിൽ അവ വെറും നോക്കുകുത്തികളായി. പഞ്ചായത്തിലെ ഏഴാം വാർഡിൽ ഉൾപ്പെട്ട അമാവാസിമേട്ടിൽ ജലക്ഷാമം രൂക്ഷമാണ്. കൂലിപ്പണിക്ക് പോകുന്ന സാധാരണക്കാരായ ജനങ്ങൾ കൂടുതലായി പാർക്കുന്ന ഈ മേഖലയിലെ ജലക്ഷാമം പരിഹരിക്കാൻ ശാശ്വതമായ ഒരു പരിഹാരവും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല.

ഭൂമി വാങ്ങി നൽകിയാൽ ജല അതോറിട്ടി ഉടൻ ടാങ്ക് നിർമ്മിച്ച് വെള്ളം നൽകും എന്ന വാഗ്ദാനവുമായി ഒരു വർഷം മുമ്പ് ഓരോ കുടുംബത്തിൽ നിന്നും ആയിരം രൂപ വീതം പിരിവെടുത്തെങ്കിലും ഇതുവരെ ടാങ്ക് നിർമ്മാണം നടന്നില്ല. അമരാവതി വാർഡിൽ ഉൾപ്പെട്ട പ്രദേശമാണ് കോക്കാട്ടുമേട്. ഇവിടെയുള്ള മുപ്പതിലധികം വീട്ടുകാർ വെള്ളത്തിനായി ഏറെ ബുദ്ധിമുട്ടുകയാണ്.

മൂന്ന് മാസം മുൻപ് ജലജീവൻ പദ്ധതിയുടെ ഭാഗമായി ജല അതോറിട്ടി എല്ലാ വീടുകളിലും ഹൗസ് കണക്ഷനുകൾ എത്തിച്ചിരുന്നു. അതോടെ ശുദ്ധജലത്തിനായുള്ള തങ്ങളുടെ ദുരിതം അവസാനിച്ചു എന്നാണ് പ്രദേശവാസികൾ കരുതിയത്. എന്നാൽ പൈപ്പിൽ വെള്ളം എത്തുന്നതും കാത്തിരിക്കാനാണ് ഇവരുടെ വിധി. കോക്കാട്ടുമേട്ടിൽ കണക്ഷനുകൾ നൽകി ഒരു മാസത്തിനു ശേഷം കണക്ഷൻ ലഭിച്ച സമീപപ്രദേശമായ കാരക്കണ്ടത്ത് വെള്ളം എത്തുന്നുണ്ട്. വാൽവ് മാറ്റി സ്ഥാപിക്കുന്നതിന്റെ പേരിലുള്ള കാലതാമസമാണ് കോക്കാട്ടുമേട്ടിൽ വെള്ളം എത്താൻ തടസമായി ജല അതോറിട്ടി ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നത്.

പൈപ്പ് മാറ്റിയാൽ

പ്രശ്‌നം തീരും


18 വർഷങ്ങളായി പാമ്പാടുംപാറ പഞ്ചായത്തിലെ 2, 3 വാർഡുകളിൽ ഉൾപ്പെട്ട നൂറിലധികം കുടുംബങ്ങളുടെ ആശ്രയമായിരുന്നു ഗാന്ധിനഗർ ശുദ്ധജല പദ്ധതി. എന്നാൽ മൂന്ന് വർഷം മുമ്പ് പ്രധാന പൈപ്പുകൾ നശിച്ചു പോയതോടെ നാട്ടുകാരുടെ കുടിനീർ നിലച്ചു. പദ്ധതിയുടെ ഭാഗമായ കുളത്തിൽ സുലഭമായി ശുദ്ധജലമുണ്ട്. പമ്പ് സെറ്റുകളും ടാങ്കും ഇപ്പോഴും പൂർണസജ്ജവുമാണ്. നശിച്ചുപോയ പ്രധാന പൈപ്പുകളുടെ അറ്റകുറ്റപ്പണി നടത്തിയാൽ ഗാന്ധിനഗർ, പത്തിനിപ്പാറ, കുളമാങ്കൂട്ടം കോളനി തുടങ്ങിയ മേഖലകളിലെ ജനങ്ങൾക്ക് ഇനിയും പദ്ധതിയുടെ പ്രയോജനം ലഭിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: WATER SCARCITY
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.