SignIn
Kerala Kaumudi Online
Wednesday, 22 May 2024 7.20 PM IST

നാളെ ആഗോള അപസ്മാര ദിനം,​ ആ ഒന്നുരണ്ട് നിമിഷങ്ങളിൽ എന്തു സംഭവിക്കുന്നു?​

h

പുരാതന കാലം മുതൽ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള രോഗാവസ്ഥയാണ് അപസ്മാരം. ഈ രോഗത്തെ ഒരു ആത്മീയ അവസ്ഥയായിപ്പോലും രേഖപ്പെടുത്തിയിട്ടുണ്ട്. ജൂലിയസ് സീസർ, ഹെർക്കുലീസ് തുടങ്ങിയ പ്രമുഖർക്ക് അപസ്മാര രോഗമുണ്ടായിരുന്നെന്നാണ് ഗ്രീക്കുകാർ കരുതിയിരുന്നത്. എന്നാൽ ബി.സി അഞ്ചാം നൂറ്റാണ്ടിൽ വൈദ്യശാസ്ത്ര പിതാവായ ഹിപ്പോക്രാറ്റസ്,​ അതുവരെയുണ്ടായിരുന്ന മിഥ്യാധാരണകളായ ഭൂത- പ്രേതബാധ, ദൈവത്തിന്റെ സന്നിവേശം, ഉന്മാദാവസ്ഥ എന്നിവയൊന്നുമല്ല അപസ്മാരമെന്നും,​ അത് തലച്ചോറിൽ ഉണ്ടാവുന്ന ഒരു രോഗാവസ്ഥയാണെന്നും ആദ്യമായി രേഖപ്പെടുത്തി.

കുട്ടികളിലെ

അഭാവ സന്നി

2020-ലെ കണക്കനുസരിച്ച് ലോകത്ത് 50 മില്യൺ പേർ അപസ്മാര രോഗികളായുണ്ട്. ഇന്ത്യ ഉൾപ്പെടെയുള്ള വികസ്വര രാജ്യങ്ങളിലാണ് കൂടുതൽ പേർ. കുട്ടികളിലും 60 വയസ്സിന് മുകളിലുള്ളവരിലുമാണ് അപസ്മാരം കൂടുതലായി കാണപ്പെടുന്നത്. കുഞ്ഞുങ്ങളിൽ സാധാരണയായി കാണുന്നത് 'അഭാവസന്നി' (absence seizures) എന്ന ഇനം അപസ്മാരമാണ്. കുറച്ചു നിമിഷങ്ങളോ,​ ഒന്നോ രണ്ടോ മിനിറ്റ് നേരമോ ചലനമില്ലാതെ തുറിച്ചു നോക്കി നിൽക്കുന്നതായി കാണുന്ന അവസ്ഥയാണ് ഇത്. ക്ളാസ് മുറികളിൽ അദ്ധ്യാപകർ പഠിപ്പിക്കുന്ന സമയത്തും മറ്റും ഇവ‌ർ കുറച്ചു സമയത്തേക്ക് സ്ഥലകാല ബോധമില്ലാത്ത ഒരു അവസ്ഥയിലായതുകൊണ്ട്, പതിയെ ഇവർ പഠനത്തിൽ പിന്നാക്കം പോകുന്നതായി കാണാം.

ചികിത്സയും മരുന്നും തുടങ്ങുന്നതോടെ ഇത് പൂർണമായും നിയന്ത്രണത്തിൽ കൊണ്ടുവരാനാകും. രണ്ടു മൂന്നു വർഷത്തെ ചികിത്സയ്ക്കു ശേഷം ഭൂരിഭാഗം പേരിലും മരുന്ന് പൂർണ്ണമായി നിറുത്താനുമാകും. കുട്ടിക്കാലത്തു കാണുന്ന പല അപസ്മാരങ്ങളും കൃത്യസമയത്ത് രോഗനിർണയം നടത്തുകയാണെങ്കിൽ മുഴുവനായും ചികിത്സിച്ചു ഭേദമാക്കാം. അതേസമയം,​ ബുദ്ധിമാന്ദ്യം,​ ഓട്ടിസം, ജനിതക വൈകല്യങ്ങൾ, തലച്ചോറിലെ ചിലയിനം മുഴകൾ എന്നിവ കൊണ്ടുണ്ടാകുന്ന ജന്നി എളുപ്പത്തിൽ ചികിത്സിച്ചു മാറ്റാൻ പറ്റണമെന്നില്ല. എന്നാൽ പുതിയ തരം മരുന്നുകളും,​ശസ്ത്രക്രിയ പോലുള്ള ചികിത്സാരീതികളും പ്രയോഗത്തിൽ വന്നതിനു ശേഷം ഇവരിലെ അപസ്മാരം മാറ്റുന്നതിന് അവ സഹായകമായി കാണുന്നുണ്ട്.

മുതിർന്നവരിലെ

അപസ്മാരം

മുതിർന്നവരിലാകട്ടെ,​ പക്ഷാഘാതം (stroke) മേധാക്ഷയം (dementia) ലവണങ്ങളിലെ ഏറ്റക്കുറച്ചിൽ (metabolic) മുഴകൾ (brain tunmors), വൃക്ക ക്ഷയിക്കൽ (renal failure) ഇങ്ങനെ വിവിധതരം കാരണങ്ങൾ കൊണ്ടാണ് അപസ്മാരം വരുന്നത്. കുട്ടികളിൽ നിന്ന് വിഭിന്നമായി,​ മറ്റു രോഗങ്ങളുടെ പാർശ്വഫലം മാത്രമായിട്ടായിരിക്കും ഇതെന്ന് അർത്ഥം. അപസ്മാരത്തിനു നൽകുന്ന പല മരുന്നുകളും ചെറിയ അളവുകളിൽ നിയന്ത്രിച്ചു മാത്രമേ പ്രായമുള്ളവർക്ക് കൊടുക്കാനാവൂ.

മറ്റുള്ള പ്രായക്കാരിൽ ടെമ്പറൽ ലോബ് എപ്പിലെപ്പ്സി (Temporal lobe epilepsy), ഫ്രോണ്ടൽ ലോബ് എപ്പിലെപ്പ്സി (Frontal lobe epilepsy) എന്നിങ്ങനെ ചില പ്രത്യേക തരം അപസ്മാരങ്ങൾ കാണപ്പെടാറുണ്ട്. ഇവരിൽ നല്ലൊരു വിഭാഗത്തിനും ജെന്നിയുടെ ആരംഭത്തിൽത്തന്നെ ചില സൂചനകൾ ലഭിക്കാറുണ്ട്. ഭയം വരിക, വയറ്റിൽ ആളൽ അനുഭവപ്പെടുക, പണ്ടു നടന്ന സംഭവങ്ങൾ മിന്നായം പോലെ മനസ്സിലൂടെ മിന്നിമറയുക, ചില മണങ്ങൾ ഉള്ളതായി തോന്നുക.... ഇതെല്ലാം ചേർന്ന അവസ്ഥയെയാണ് 'ഓറ' (aura) എന്നു പറയുന്നത്.

പിന്നീട് ചെയ്യുന്ന പ്രവൃത്തികൾ ഇവർക്ക് ഓർമ്മയുണ്ടാകില്ല. തുറിച്ചു നോക്കുക, ചവയ്ക്കുക, കൈകൾ കൊണ്ട് അവിടെയും ഇവിടെയും ആവശ്യമില്ലാതെ പിടിക്കുക, ഗതിമാറി നടക്കുക, പിച്ചും പേയും പറയുക എന്നിവയാണ് ഇവയിൽ ചിലത്. ഒരു ചെറിയ ശതമാനം പേരിൽ,​ കൈകാലുകളിട്ട് അടിക്കുക, വായിൽ നിന്ന് നുരയും പതയും വരിക, നാവു കടിക്കുക, നിലത്തേക്കു വീഴുക എന്നിവ സംഭവിക്കാം.

ഗർഭിണികളിലെ

അപസ്മാരം

ഇനി ഗർഭാവസ്ഥയിൽ വരുന്ന അപസ്മാരം. അപസ്മാരമുള്ള സ്ത്രീകൾക്ക് വിവാഹം കഴിക്കുന്നതിനോ ഗർഭം ധരിക്കുന്നതിനോ കുഴപ്പമില്ല. ക്രമമായി മരുന്നുകൾ കഴിക്കുകയും,​ ഒരു ന്യൂറോളജിസ്റ്റിന്റെയും ഗൈനക്കോളജിസ്റ്റിന്റെയും കൃത്യമായ പരിചരണത്തിലും പ്രത്യേക സംരക്ഷണയിലും ആരോഗ്യമുള്ള കുഞ്ഞുങ്ങളെ പ്രസവിക്കാനും മുലയൂട്ടാനും കഴിയും.

International League Against Epilepsy (ILAE) എന്ന ആഗോള സംഘടന, എല്ലാ വർഷവും മാർച്ച് 26 അന്താരാഷ്ട്ര അപസ്മാര ദിനമായി ആചരിക്കാൻ ആഹ്വാനം ചെയ്യുന്നു. പർപ്പിൾ ഡേ എന്നാണ് ഈ ദിനത്തെ വിളിക്കുക. അപസ്മാരത്തിന്റെ പുഷ്പമായി ലോകം അംഗീകരിച്ചിരിക്കുന്ന ലാവണ്ടർ പുഷ്പത്തിന്റെ നിറം പർപ്പിളായതുകൊണ്ടും, അത് മനസ്സിന് സന്തോഷം നൽകുന്ന പുഷ്പമായി അറിയപ്പെടുന്നതുകൊണ്ടുമാണ് ഇത് അപസ്മാരത്തിന്റെ പ്രതീകമായി മാറിയത്.

ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച അപസ്മാര കേന്ദ്രമായ,​ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആന്റ് ടെക്നോളജിയുടെ (ശ്രീചിത്ര)​ ഭാഗമായ ആർ. മാധവൻ നായർ സെന്റർ ഫോർ കോമ്പ്രിഹെൻസീവ് എപ്പിലെപ്പ്സി കെയർ ലോക അപസ്മാര ദിനാചരണ സംരംഭത്തിൽ പങ്കാളികളാകുന്നു. അപസ്മാരം ചികിത്സിച്ചു മാറ്റാവുന്ന രോഗമാണെന്നും, ഇത് തലമുറകളായി ഒരു കുടുംബത്തേയും ബാധിക്കുന്നതല്ലെന്നും,​ ഇത് അനുഭവപ്പെടുന്ന ഒന്നോ രണ്ടോ മിനിറ്റുകൾ ഒഴിച്ചാൽ ഇവർക്ക് സാധാരണ ജീവിതം നയിക്കാനാകുമെന്നും മനസിലാക്കുക. സമൂഹത്തിൽ,​ അപസ്മാരത്തിന്റെ പേരു പറഞ്ഞ് ഇവരെ അകറ്റി നിറുത്താതിരിക്കുക.

(തിരുവനന്തപുരം ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ടിലെ എപ്പിലെപ്‌സി വിഭാഗം മേധാവിയും ന്യൂറോളജി പ്രൊഫസറുമാണ് ലേഖിക)​

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EPLISEPY
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.