കണ്ണൂർ: യു.ഡി.എഫ് സ്ഥാനാർത്ഥി കെ. സുധാകരന്റെ കൈവശം പണമായുള്ളത് 8100 രൂപ. എൽ.ഡി.എഫ് സ്ഥാനാർത്ഥി എം. വി. ജയരാജന്റെ കൈവശമാകട്ടെ 5000 രൂപ മാത്രവും.
സുധാകരന്റെ ഭാര്യ സ്മിതയുടെ കൈവശം 6300 രൂപയും. വിവിധ ബാങ്കുകളിലും ട്രഷറിയിലുമായി സുധാകരന് 2,09,861.41 രൂപയും ഭാര്യയ്ക്ക് 7,07,800.83 രൂപയുമുണ്ട്. കണ്ണൂർ എഡ്യു പാർക്ക് പ്രൈവറ്റ് ലിമിറ്റഡിൽ 10 രൂപയുടെ 4995 ഓഹരികളും സുധാകരനുണ്ട്. ഭാര്യയുടെ പേരിൽ 1,45,308 രൂപയുടെ ഇൻഷ്വറൻസ് പോളിസിയും 14 ലക്ഷം രൂപ വിലവരുന്ന കാറുമുണ്ട്. ഇരുവർക്കുമായി 248 ഗ്രാം സ്വർണമുണ്ട്. സുധാകരന്റെ പേരിൽ 22,464 സ്ക്വയർ ഫീറ്റ് കാർഷികേതര ഭൂമിയുണ്ട്. 5,77,81,141 രൂപമൂല്യമുള്ളജംഗമവസ്തുക്കളും 36,00,000 രൂപ മൂല്യമുള്ള സ്ഥാവര വസ്തുക്കളുമുണ്ട്. ഭാര്യയുടെ പേരിൽ എടക്കാട്, കടമ്പൂർ എന്നിവിടങ്ങളിലായി103.01 സെന്റ് ഭൂമിയുണ്ട്. വിവിധ പൊലീസ് സ്റ്റേഷനുകളിലായി 12 കേസുകളുണ്ട്. രണ്ടു കേസുകളിൽ കോടതിയുടെ പിഴ ശിക്ഷയ്ക്ക് വിധേയനായിട്ടുണ്ട്.
എം.വി. ജയരാജന് ബാങ്ക് അക്കൗണ്ടിൽ 2,81,387 രൂപയുണ്ട്. ജയരാജന്റെയും ഭാര്യ ലീനയുടെയും പേരിൽ 30 ലക്ഷം രൂപയുടെ വീടുണ്ട്. രണ്ട് പേരുടെയും പേരിലായി 25,64,250 രൂപ വിലമതിക്കുന്ന 12 സെന്റ് ഭൂമിയുണ്ട്. 11,000 രൂപയുടെ ഓഹരി മലയാളം കമ്മ്യൂണിക്കേഷനിലും 1500 രൂപയുടെ ഓഹരി റെയ്ഡ്കോയിലുമുണ്ട്. 5 പേർക്ക് വീതംവയ്ക്കുന്ന 40 സെന്റ് ഭൂമി കുടുംബസ്വത്തായുണ്ട്. കേരള ബാങ്ക് ജീവനക്കാരിയായ ഭാര്യ ലീനയുടെ പേരിൽ മാരുതി സ്വിഫ്റ്റ് കാറുണ്ട്.
ഉണ്ണിത്താന് 19.58 ലക്ഷത്തിന്റെ ഇന്നോവ ക്രിസ്റ്റ,
ഭാര്യയുടെ പേരിൽ ബലോന കാർ
കാസർകോട്: കാസർകോട് ലോക്സഭാ മണ്ഡലത്തിൽ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താന് സ്വന്തമായുള്ളത് 19,58,382 രൂപയുടെ ഇന്നോവ ക്രിസ്റ്റ കാർ. ഐ.ഡി.ബി.ഐ ബാങ്കിൽ നിന്ന് കാറിന് 14 ലക്ഷത്തിന്റെ വായ്പയെടുത്തിട്ടുണ്ട്. ഈ വായ്പയിൽ 3,59,658 രൂപ ഇ.എം.ഐ കുടിശ്ശിക ബാക്കിയുണ്ട്. ഭാര്യ സുഗതകുമാരിയുടെ പേരിലുള്ള 2019 മോഡൽ ബലോന കാറിന് 7,29,706 രൂപയാണ് വില. ഉണ്ണിത്താന്റെ കൈവശം പണമായുള്ളത് 20,000 രൂപയും ഭാര്യയുടെ കൈവശമുള്ള തുക 10,000 രൂപയാണ്. ഉണ്ണിത്താന് നാഷണൽ സേവിംഗ്സ് സ്കീമും പോസ്റ്റൽ സേവിംഗ്സ് സ്കീമും എൽ.ഐ.സി ഇൻഷൂറൻസ് പോളിസിയുമുണ്ട്. എൽ.ഐ.സിയിൽ 28,801 രൂപയാണ് വാർഷിക പ്രീമിയം. മറ്റൊരു എൽ.ഐ.സി പൊളിസിയിൽ 28,591 രൂപ വാർഷിക പ്രീമിയം അടക്കുന്നുണ്ട്. എൽ.ഐ.സിയിൽ ഭാര്യയുടെ പേരിൽ 15,126 രൂപയുടെ വാർഷിക പ്രീമിയം അടക്കുന്ന പൊളിസിയുമുണ്ട്. കാനറാ ബാങ്കിൽ എച്ച്.എസ്.ബി.സിയിൽ രണ്ട് ലക്ഷത്തിന്റെ പ്രീമിയം അടക്കുന്ന പൊളിസിയുമുണ്ട്. ഉണ്ണിത്താന്റെ ഭാര്യയുടെ പേരിൽ 800 ഗ്രാം സ്വർണ്ണമുണ്ട്. സുഗതകുമാരിക്ക് കാനറാ ബാങ്കിന്റെ പൂജപ്പുര ശാഖയിൽ 4 ലക്ഷത്തിന്റെ വാഹന ലോണുണ്ട്. കെ.എസ്.എഫ്.ഇ. പൂജപുര ശാഖയിലിൽ 1,60,000 ലോണടക്കാനുണ്ട്. ആകെ 3,19,171 രൂപയുടെ കടബാധ്യതയാണ് ഉള്ളത്. ഉണ്ണിത്താന്റെ പേരിൽ കൊല്ലം കിളിക്കൊല്ലൂരിൽ കുടുംബ സ്വത്തിൽ നിന്ന് ലഭിച്ച 3.64 ഏക്കർ കൃഷിഭൂമിയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |