കൽപ്പറ്റ: വയനാട് ലോക്സഭ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഉച്ചയ്ക്ക് 12ഓടെ കളക്ടറേറ്റിലെത്തിയാണ് വരണാധികാരി ജില്ല കളക്ടർ ഡോ. രേണു രാജ് മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും സുരേന്ദ്രനോടൊപ്പമുണ്ടായിരുന്നു. വരണാധികാരി അനുവദിച്ച സമയത്ത് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനായി റോഡ് ഷോ വെട്ടിചുരുക്കിയാണ് കെ.സുരേന്ദ്രൻ കളക്ടറേറ്റിൽ എത്തിയത്.
കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്തു നിന്നാണ് റോഡ് ഷോ ആരംഭിച്ചത്. പ്രധാനമന്ത്രിയുടെ ചിത്രങ്ങളും ബി.ജെ.പി പതാകയും അണിഞ്ഞെത്തിയ പ്രവർത്തകർ നേരത്തെ സ്ഥലം പിടിച്ചിരുന്നു. പത്തരയോടെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും കെ.സുരേന്ദ്രനും എത്തിയതോടെ പൂക്കൾ വിതറി പ്രവർത്തകർ സ്വീകരിച്ചു. മുതിർന്ന നേതാവ് പള്ളിയറ രാമൻ അമ്പും വില്ലും നൽകിയാണ് സ്മൃതി ഇറാനിയെ സ്വീകരിച്ചത്. സ്ഥാനാർത്ഥിയെ കിരീടമണിയിച്ച് സ്മൃതി ഇറാനി അഭിവാദ്യം ചെയ്തു. വാദ്യമേളങ്ങളുടെ അകമ്പടിയോടെയായിരുന്നു റോഡ് ഷോ.
എൻ.ഡി.എ നേതാവ് സി.കെ.ജാനു, ടി.പി.ജയചന്ദ്രൻ, പ്രശാന്ത് മലവയൽ, കെ.സദാനന്ദൻ, സജി ശങ്കർ, സന്ദീപ് വാര്യർ, കെ.ശ്രീനിവാസൻ, പി.എം.അരവിന്ദാക്ഷൻ, പി.ജി.ആനന്ദ് കുമാർ, അശോക് കുമാർ, കെ.സി.വേലായുധൻ, മുകുന്ദൻ പള്ളിയറ, കെ.മോഹൻദാസ്, കെ.പി.മാത്യു, ബാബുരാജ്, അജി തോമസ്, ഗീത കുമാരി, സുനിൽ ബോസ്, വിജയൻ കൂവണ, മനോമോഹൻ എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |