SignIn
Kerala Kaumudi Online
Wednesday, 22 May 2024 11.25 AM IST

പ്രവൃത്തിയിലില്ലാത്ത സ്ത്രീ സുരക്ഷ

df

ആണധികാരത്തിന്റെ മേൽക്കോയ്മയിൽ നിന്ന് സ്ത്രീകൾ സമസ്ത മേഖലകളിലും തുല്യത നേടിയിട്ടും ഭരണതലത്തിൽ നിന്ന് പോലും പീഡനവും തമസ്ക്കരണവും ഏറ്റുവാങ്ങേണ്ടി വരുന്നുവെന്നതാണ് സ്ത്രീ സമൂഹം ഇന്ന് നേരിടുന്ന വെല്ലുവിളി. സ്ത്രീ സൗഹൃദവും സ്ത്രീ സുരക്ഷയും നേരിടുന്ന വെല്ലുവിളികളോട് സന്ധിചെയ്യില്ലെന്ന് വീമ്പ് പറയുന്ന ഇടത്പക്ഷവും സ്ത്രീകളെ തിരഞ്ഞുപിടിച്ച് ബുദ്ധിമുട്ടിക്കാൻ നടത്തുന്ന പരസ്യമായ നീക്കങ്ങൾ ഈ തിരഞ്ഞെടുപ്പ് കാലത്തും കാണാന്നതാണ് ആശ്ചര്യകരം. കോഴിക്കോട് മെഡിക്കൽ കോളേജിലെ സീനിയർ നഴ്സിംഗ് ഓഫീസർ പി.ബി അനിതക്കെതിരെ സംസ്ഥാന ആരോഗ്യവകുപ്പും വകുപ്പിന്റെ വനിതാ മന്ത്രിയും സ്വീകരിച്ച നിലപാടുകൾ പരിഷ്കൃതസമൂഹത്തിന് ചേരുന്നതായിരുന്നില്ല.

ഹൈക്കോടതിയിൽ നിന്ന് അനിത നേടിയെടുത്ത അനുകൂല വിധിയെപ്പോലും തള്ളിക്കളഞ്ഞാണ് അവരെ പ്രതിഷേധ സമരത്തിലേക്ക് തള്ളിവിട്ടത്. ഒടുവിൽ പൊതുസമൂഹവും മാദ്ധ്യമങ്ങളും സ്വീകരിച്ച ശക്തമായ നിലപാടിൽ അധികൃതർക്ക് മനംമാറ്റം ഉണ്ടായെങ്കിലും ഏത്‌ സമയത്തും അനിതക്കെതിരായ പ്രതികാര നടപടികൾ ഇനിയും ഉണ്ടാകാം. ഇപ്പോഴത്തെ അവസ്ഥയ്ക്ക് പാർലമെന്റ് തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം വരെ മാത്രമാകും ആയുസ്സെന്ന് കരുതുന്നവരുമുണ്ട്.

കഴിഞ്ഞ വർഷം കോഴിക്കോട് മെഡിക്കൽ കോളേജിലെ ഐ.സി യൂണിറ്റിൽ ശസ്ത്രക്രിയ കഴിഞ്ഞ് അർദ്ധബോധാവസ്ഥയിൽ കഴിഞ്ഞ രോഗിയെ അറ്റൻഡർ എം.എം ശശീന്ദ്രൻ പീഡിപ്പിച്ചുവെന്ന വാർത്ത കേരളത്തെ ഞെട്ടിച്ച സംഭവമായിരുന്നു. പീഡനത്തിനിരയായ വനിത ബന്ധുക്കളോട് വിവരം പറഞ്ഞപ്പോഴാണ് പുറംലോകം അറിഞ്ഞത്. പരാതിയെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്ത ശശീന്ദ്രൻ സസ്പെൻഷനിലുമായി. പിന്നീടുണ്ടായ സംഭവങ്ങൾ പ്രബുദ്ധ കേരളത്തെ നാണിപ്പിക്കുന്നതായിരുന്നു. പീഡനക്കേസ് പിൻവലിപ്പിച്ച് എൻ.ജി.ഒ യൂണിയൻ നേതാവായ ശശീന്ദ്രനെ രക്ഷിക്കാൻ വേണ്ടി അതിജീവിതയെ ഭീഷണിപ്പെടുത്താനുള്ള ശ്രമങ്ങൾ അരങ്ങേറി. നഴ്സുമാരുൾപ്പെടെ ആറുപേരാണ് ഇതിനു മുന്നിട്ടിറങ്ങിയത്. എന്നാൽ അതിജീവിതയ്ക്കൊപ്പം നിന്നതാണ് പി.ബി അനിത ചെയ്ത മഹാപരാധം.

അതിജീവിത ആരോഗ്യ മന്ത്രി വീണ ജോർജിനോട് പരാതി പറഞ്ഞതിനെ തുടർന്ന് 6 ജീവനക്കാരെയും സസ്പെൻഡ് ചെയ്തു. എന്നാൽ പിന്നീട് പ്രതിയ്ക്കൊപ്പം നിന്ന് അതിജീവിതയെ ഭീഷണിപ്പെടുത്തിയവരെ രക്ഷിക്കാൻ നടത്തിയ നാണംകെട്ട ശ്രമങ്ങളാണ് ഇടത് സർവ്വീസ് സംഘടനകളുടെ നേതൃത്വത്തിൽ നടന്നത്. ശശീന്ദ്രൻ ഒഴികെയുള്ളവരുടെ സസ്പെൻഷൻ പിന്നീട് പിൻവലിച്ച് സ്ഥലം മാറ്റത്തിലൊതുക്കി. അതിജീവിതയ്ക്കനുകൂല നിലപാട് സ്വീകരിച്ച പി.ബി അനിത അന്നുമുതലേ പലരുടെയും ശത്രുവായി. സത്യത്തിനും നീതിക്കും വേണ്ടി നിർഭയയായി നിലകൊണ്ട അനിത പിന്നീട് സർക്കാരിന്റെ കണ്ണിലെ കരടായി മാറുന്ന വിചിത്രമായ കാഴ്ചയാണ് കണ്ടത്.

പ്രതികാര നടപടിയുടെ ഭാഗമായി കഴിഞ്ഞ നവംബറിൽ അനിതയെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റി. ഇതിനെതിരെ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ച അനിത സ്ഥലം മാറ്റത്തിന് രണ്ട് മാസത്തെ സ്റ്റേ വാങ്ങി. ഈ സമയത്തിനകം പരാതി പരിശോധിച്ച് നടപടി സ്വീകരിക്കാൻ സർക്കാരിന് ട്രൈബ്യൂണൽ നിർദ്ദേശം നൽകി. എന്നാൽ സർക്കാർ സ്ഥലം മാറ്റ നടപടി ശരിവയ്ക്കുകയായിരുന്നു. സർക്കാർ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയിട്ടും നിയമനം നൽകാതെ ഒരാഴ്ചയോളം അനിതയെ ബുദ്ധിമുട്ടിച്ചു. കോടതി ഉത്തരവ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളേജിൽ സമരം നടത്തിയ അനിതയെ അവിടെ നിയമിക്കാതിരിക്കാൻ ആരോഗ്യവകുപ്പും വകുപ്പ് മന്ത്രിയും നടത്തിയ നാടകങ്ങൾ കണ്ട് സാംസ്ക്കാരികകേരളം പുളകമണിഞ്ഞു! ഹൈക്കോടതി ഉത്തരവിനെതിരെ പുനഃപരിശോധനാ ഹർജി നൽകാൻ ഉദ്ദേശിക്കുന്നുവെന്നും പീഡനത്തെക്കുറിച്ച് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ നടത്തിയ അന്വേഷണത്തിൽ അനിതക്കും വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് വ്യക്തമാണെന്നുമായിരുന്നു ആരോഗ്യമന്ത്രി നൽകിയ മറുപടി. അനിതയും ഡ്യൂട്ടിയിൽ ഉള്ളപ്പോഴായിരുന്നു സംഭവമെന്നും വീഴ്ച കോടതിയെ അറിയിച്ച് കോടതി പറയുംപോലെ തുടർനടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. സമരം ഒരാഴ്ച പിന്നിട്ടതോടെ അനിതയ്ക്ക് പിന്തുണയുമായി അതിജീവിതയും സമരത്തിനെത്തുകയും പൊതുസമൂഹത്തിൽ നിന്ന് കടുത്ത വിമർശനം ഉയരുകയും മാദ്ധ്യമവാർത്തകൾ എതിരാകുകയും ചെയ്തതോടെ സർക്കാരും മന്ത്രിയും മലക്കം മറിഞ്ഞു. കോടതി ഉത്തരവ് നടപ്പാക്കാത്ത സർക്കാർ നിലപാടിനെതിരെ അനിത ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പ്രതികൂല നിലപാടുണ്ടായാൽ സർക്കാരിന് ക്ഷീണമാകുമെന്നും തിരിച്ചറിഞ്ഞായിരുന്നു നടപടി. തനിക്കൊപ്പം നിന്ന അനിതയുടെ നിലപാടിനൊപ്പം നിൽക്കാത്ത ആരോഗ്യമന്ത്രി ആർക്കൊപ്പമാണെന്ന അതിജീവിതയുടെ ചോദ്യവും സർക്കാരിനെ വെട്ടിലാക്കി. തുടർന്നാണ് അനിതയെ മെഡിക്കൽ കോളേജിൽ നിയമിച്ച് ഉത്തരവിറക്കിയത്. സമരം നടത്തിയ അനിതക്കെതിരെ എൻ.ജി.ഒ യൂണിയൻ നേതൃത്വത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പ്രതിഷേധ സമരവും സംഘടനയുടെ സ്ത്രീപക്ഷ നിലപാട് വെളിവാക്കുന്നു. ഈ സംഭവത്തിലൂടെ സർക്കാർ പൊതുസമൂഹത്തിന് നൽകുന്നത് എന്ത് സന്ദേസമാണെന്നതാണ് ഇവിടെ ഉയരുന്ന പ്രസക്തമായ ചോദ്യം. ആശുപത്രിയിലെ ഐ.സി യൂണിറ്റിലോ വാർഡിലോ വച്ച് രോഗിയായ സ്ത്രീ പീഡിപ്പിക്കപ്പെട്ടാൽ അതവരുടെ വിധിയെന്ന് കരുതി സഹിച്ചുകൊള്ളണം എന്നതാണോ സർക്കാരും ആരോഗ്യവകുപ്പും ഉദ്ദേശിക്കുന്നത് ? പീഡനവിവരം പുറത്തറിയിച്ച് കുറ്റവാളിക്ക് അർഹമായ ശിക്ഷ വാങ്ങി നൽകാൻ ആരെങ്കിലും ശ്രമിച്ചാൽ ഇതാകും അവരുടെ അനുഭവമെന്ന താക്കീത് നൽകാനാണോ അധികൃതർ ശ്രമിക്കുന്നത് ? ഭരണകക്ഷിക്കാരായ കുറ്റവാളികൾക്കെതിരെ പരാതിപ്പെടുന്നവർക്ക് ഇതൊക്കെയാകും നേരിടേണ്ടി വരുന്നതെന്ന സന്ദേശമാണോ ഇത് നൽകുന്നത് ?

നാവടഞ്ഞ് സ്ത്രീപക്ഷ

സംഘടനകൾ

തുല്യനീതിക്കായി പോരാടുന്ന സ്ത്രീപക്ഷ സംഘടനകൾ പോലും കോഴിക്കോട് മെഡിക്കൽ കോളേജിലെ സീനിയർ നഴ്സിംഗ് ഓഫീസർ പി.ബി അനിതയോടൊപ്പം നിന്നില്ലെന്നത് സ്ത്രീപക്ഷ നിലപാടിലെ ഇവരുടെ ഇരട്ടത്താപ്പ് വെളിവാക്കുന്നതാണ്. ഇടതുപക്ഷ സർവീസ് സംഘടനകളുടെ നേതൃത്വത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ അനിതയ്ക്കെതിരെ സമരം ചെയ്തതും ഈ നിലപാട് വ്യക്തമാക്കുന്നതാണ്. ഏതെങ്കിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ് ഇത്തരമൊരു സംഭവം നടന്നതെങ്കിൽ അതിനെതിരെ പ്രതിഷേധിക്കാൻ മുൻപന്തിയിൽ ഉണ്ടാകുമായിരുന്നു ഇത്തരം സംഘടനകളും സ്ത്രീപക്ഷ സംഘടനകളും. കോടതി ഉത്തരവുണ്ടായാൽ പോലും സർവീസ് സംഘടനകൾക്ക് ഇഷ്ടമല്ലെങ്കിൽ സർക്കാർ അവർക്കൊപ്പമേ നിൽക്കൂ എന്നതിന്റെ ഉത്തമോദാഹരണമാണ് അനിതയ്ക്ക് നേരിട്ട ദുരനുഭവം. കോടതി ഉത്തരവിന്റെ ആനുകൂല്യത്തിൽ സർവീസിൽ പ്രവേശിച്ചാലും മുന്നോട്ടുള്ള പോക്ക് അത്രശുഭകരമാകാൻ യാതൊരു സാദ്ധ്യതയും കാണാനാകില്ല. കോഴിക്കോട് മെഡിക്കൽകോളേജിൽ ഇടതുപക്ഷ സർവീസ് സംഘടനയിൽപ്പെട്ട സഹപ്രവർത്തകരിൽ നിന്നുപോലും സഹകരണം ലഭിക്കണമെന്നില്ല. സ്ത്രീ സൗഹൃദവും സ്ത്രീ പുരുഷ സമത്വവുമൊക്കെ പ്രസംഗത്തിലും എഴുത്തിലും പ്രതിഫലിക്കുമെങ്കിലും പ്രവൃത്തിയിൽ അത് കാണിക്കുന്നില്ലെന്നിടത്താണ് സ്ത്രീ സ്വാതന്ത്ര്യവും ലിംഗസമത്വ വാദവുമൊക്കെ പ്രഹസനമായി മാറുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: WOMEN, KOZHIKODEMEDICALCOLLEGE
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.