കൊല്ലം: ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഒരു സ്ഥാപനം. ലഹരിവിമുക്ത കേന്ദ്രം, സ്ത്രീകൾക്കായി സൗജന്യ സ്വയം തൊഴിൽ പരിശീലനകേന്ദ്രം. ഇതിന്റെയെല്ലാം പ്രവർത്തനത്തിന് തുക മുടക്കുന്നത് സർക്കാർ ശമ്പളത്തിൽ നിന്നുള്ള വിഹിതം. സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചിലെ ഗ്രേഡ് സബ് ഇൻസ്പെക്ടർ ഡി.ശ്രീകുമാറിന്റെ (51) ഈ സഹജീവി കരുതലിന് പിന്നിൽ വേർപാടിന്റെ വേദനയുണ്ട്, വിശപ്പിന്റെ വിളിയുണ്ട്.
പൊലീസ് ഉദ്യോഗസ്ഥനായ അച്ഛനെ പതിനൊന്നാം വയസിൽ നഷ്ടപ്പെട്ടു. അതോടെ, സബ് രജിസ്ട്രാർ ഓഫീസിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിയായ അമ്മ സീതമ്മയുടെ വരുമാനത്തിലേക്ക് മൂന്ന് മക്കൾ അടങ്ങുന്ന കുടുംബം ഒതുങ്ങി. കഷ്ടപ്പാടിന്റെ ദിനങ്ങൾ. അമ്മയുടെ ഒറ്റയാൾ പോരാട്ടം ജീവിതത്തിൽ വഴികാട്ടിയായി. അങ്ങനെ സ്വദേശമായ നീണ്ടകരയിൽ മദർഹുഡ് ചാരിറ്റി മിഷൻ എന്ന സ്ഥാപനത്തിലൂടെ ശ്രീകുമാർ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു.
2015ൽ നീണ്ടകരയിൽ സ്വന്തം കുടുംബ വസ്തുവിൽ, ശമ്പളത്തിൽ നിന്ന് മാറ്റിവച്ചും വായ്പയെടുത്തും സ്ഥാപനത്തിനായി രണ്ട് കെട്ടിടങ്ങൾ നിർമ്മിച്ചു. സബർമതി എന്നപേരിൽ ലഹരിവിമുക്ത കേന്ദ്രവും സ്ത്രീകൾക്കായി സൗജന്യ സ്വയംതൊഴിൽ പരിശീലനകേന്ദ്രവും ആരംഭിച്ചു. ആരോരുമില്ലാത്ത ചിലർക്ക് സ്വന്തം സമ്പാദ്യത്തിൽ നിന്ന് വീടും നിർമ്മിച്ചു നൽകി.
സ്ഥാപനത്തിൽ നാല് അന്തേവാസികളുണ്ട്. 18 വയസ് പൂർത്തിയായ 12 ആൺകുട്ടികളെ ചിൽഡ്രൻസ് ഫോമിൽ നിന്ന് ഏറ്റെടുത്ത് തുടർവിദ്യാഭ്യാസം നൽകി. ഡ്യൂട്ടിക്ക് പോകുംമുമ്പ് സ്ഥാപനത്തിലെത്തി കാര്യങ്ങൾ നോക്കും. തുടർന്ന് ഭാര്യ സുജ ഉത്തവാദിത്വം ഏറ്റെടുക്കും. കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ കൊല്ലം ജില്ലാ ജോയിന്റ് സെക്രട്ടറി കൂടിയാണ് ശ്രീകുമാർ.
ഓട്ടിസം സെന്റർ സ്വപ്നം
2014ലാണ് ഇളയ മകൻ ബാലാജി ജനിക്കുന്നത്. മൂന്നാം വയസിൽ മകന് ഓട്ടിസമാണെന്ന് തിരിച്ചറിഞ്ഞു. ബംഗളൂരുവിലടക്കം വിവിധ ആശുപത്രികളിൽ കയറിയിറങ്ങി. അന്നാണ് ഭിന്നശേഷി കുട്ടികൾക്കായി ഒരു സെന്റർ ആരംഭിക്കുന്നതിനെപ്പറ്റി ആലോചിക്കുന്നത്. അതിനുള്ള പരിശ്രമത്തിലാണ് ശ്രീകുമാർ. മൂത്തമകൻ ശിവജിയും അച്ഛന് കൂട്ടായി ഒപ്പമുണ്ട്.
ജീവനുള്ളിടത്തോളം കാലം സഹജീവികളെ ചേർത്തുനിറുത്തി മുന്നോട്ട് പോകണമെന്നാണ് ആഗ്രഹം
ഡി. ശ്രീകുമാർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |