ഭക്ഷണക്രമത്തിൽ വളരെ കൃത്യത പാലിക്കുന്ന താരദമ്പതികളാണ് വിരാട് കൊഹ്‌ലിയും അനുഷ്‌ക ശർമയും. ഒരു പതിറ്റാണ്ടിലേറെയായി ഇരുവരും വീഗൻ ഭക്ഷണക്രമമാണ് പാലിക്കുന്നത്. സമ്പൂർണ വെജിറ്റേറിയനുകളാണ് വീഗനുകൾ. ഇറച്ചിയും മീനും മാത്രമല്ല, മൃഗങ്ങളിൽ നിന്ന് ലഭിക്കുന്ന പാൽ ഉൾപ്പെടെയുള്ള ഉൽപന്നങ്ങൾ പോലും കഴിക്കുന്നത് ക്രൂരവും മനുഷ്യത്വരഹിതവും ആണെന്ന് കരുതുന്നവരാണ് ഇക്കൂട്ടർ. ഇപ്പോഴിതാ താരദമ്പതികൾക്ക് വേറിട്ട ഭക്ഷണം വിളമ്പിയതിലെ മറക്കാനാവാത്ത അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് സെലിബ്രിറ്റി ഷെഫ് ഹർഷ് ദിക്ഷിത്.
2019 ഡിസംബറിൽ വിരാടും അനുഷ്‌കയും വിവാഹവാർഷികം ആഘോഷിച്ച സമയം ഒരുക്കിയ വിഭവത്തെക്കുറിച്ചാണ് ഷെഫ് പങ്കുവച്ചത്. വിയറ്റ്‌നാമീസ് ആഹാരമായ 'ഫോ' ആണ് താരദമ്പതികൾക്കായി തയ്യാറാക്കിയത്. ചിക്കനും മട്ടണും ഉപയോഗിച്ചുള്ള വിഭവവും തയ്യാറാക്കിയിരുന്നു. എന്നാൽ അവർ അപ്പോൾ ഗ്ളൂട്ടൺ രഹിത ആഹാരങ്ങൾ കഴിക്കുകയായിരുന്നതിനാൽ അരികൊണ്ടുള്ള നൂഡിൽസ് ആണ് പകരമായി തയ്യാറാക്കിയത്. ഈ തരത്തിൽ ഫോയിൽ പരമ്പരാഗതമായി തയ്യാറാക്കാറുണ്ട്.
പാമ്പുകളെ ധാരാളമായി ഉൾപ്പെടുത്തുന്നതാണ് വിയറ്റ്‌നാമീസ് ഭക്ഷണങ്ങൾ. പാമ്പിൻ വൈൻ, പാമ്പിന്റെ ഇറച്ചി എന്നിവയും ഇതിൽ ഉൾപ്പെടുന്നു. എന്നാൽ വീഗന് പാമ്പിനെ എങ്ങനെ വിളമ്പും. പിന്നീടാണ് പാമ്പിന്റെ പേരുള്ള പച്ചക്കറി തന്നെ വിളമ്പിയാലോ എന്ന ആശയമുദിക്കുന്നത്. അങ്ങനെ സ്‌നേക്ക് ഗോർഡ് എന്ന മലയാളികളുടെ പടവലങ്ങ വച്ചുതന്നെ വിഭവം ഉണ്ടാക്കി. അത് വളരെ ഹിറ്റായി മാറിയെന്നും ഷെഫ് പങ്കുവച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |