ഒട്ടാവ: യു എസ് ആസ്ഥാനമായ സംഘടന സിഖ് ഫോർ ജസ്റ്റിസ് (എസ് എഫ് ജെ) തലവൻ ഗുർപത്‌വന്ത് സിംഗ് പന്നൂനെതിരെ നടപടിയെടുക്കണമെന്ന് ട്രൂഡോ സർക്കാരിനോട് ആവശ്യപ്പെട്ട് കാനഡയിലെ ഹിന്ദു സമൂഹം. പാലസ്‌തീൻ തീവ്രവാദ സംഘടനയായ ഹമാസിനെ പരസ്യമായി പിന്തുണയ്ക്കുകയും കാനഡ അടക്കമുള്ള ജി7 രാജ്യങ്ങളിലെ ഇന്ത്യൻ കോൺസുലേറ്റുകൾക്കുനേരെ ഭീഷണി പുറപ്പെടുവിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് ഹിന്ദു ഫോറം ഒഫ് കാനഡ (എച്ച് എഫ് സി) കാനഡയിലെ പൊതുസുരക്ഷാ മന്ത്രി ഡൊമിനിക് ലേബ്ളാങ്കിന് ഇമെയിൽ അയച്ചു.
ഗുർപത്‌വന്ത് സിംഗ് കനേഡിയൻ പൗരൻ അല്ലെങ്കിൽ അയാൾ രാജ്യത്തേയ്ക്ക് പ്രവേശിക്കുന്നത് വിലക്കണമെന്നും പൗരൻ ആണെങ്കിൽ അയാളെക്കുറിച്ച് വിശദമായി അന്വേഷിച്ച് വിദ്വേഷ കുറ്റകൃത്യങ്ങൾ അടക്കമുള്ളവക്കെതിരെ കുറ്റം ചുമത്തണമെന്നും എച്ച് എഫ് സി ആവശ്യപ്പെട്ടു. പഞ്ചാബ് അമൃത്‌സറിലെ ഖാൻകോട്ട് ഗ്രാമത്തിലാണ് ഗുർപത്‌വന്ത് സിംഗ് ജനിച്ചതും വളർന്നതും. 2020ൽ ഇന്ത്യൻ സർക്കാർ ഇയാളെ ഭീകരനായി പ്രഖ്യാപിച്ചിരുന്നു. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരം ഇയാളുടെ കൃഷിഭൂമി സർക്കാരിലേയ്ക്ക് കൂട്ടിച്ചേർക്കുകയും ചെയ്തു. ഇന്ത്യയിൽ ഇയാൾക്കെതിരെ 22 ക്രിമിനൽ കേസുകളാണ് ചുമത്തിയിട്ടുള്ളത്. ഖാലിസ്ഥാൻ പ്രസ്ഥാനത്തിന്റെ പ്രധാന നേതാക്കളിൽ ഒരാളാണ് ഗുർപത്‌വന്ത് സിംഗ്.
ഹമാസിന് സമാനമായ രീതിയിൽ ഇന്ത്യയെ ആക്രമിക്കുമെന്ന് ഗുർപത്‌വന്ത് സിംഗ് കഴിഞ്ഞദിവസം വീഡിയോ സന്ദേശത്തിലൂടെ ഭീഷണി മുഴക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കർ എന്നിവരുടെ ചിത്രങ്ങളോടൊപ്പം അവരെ വധിക്കുമെന്ന് കാനഡയിലെ ഖാലിസ്ഥാനി സംഘനകൾ ഭീഷണി മുഴക്കിയിരുന്നു. പിന്നാലെ കേന്ദ്രം ജയ്‌ശങ്കറുടെ സുരക്ഷ വർദ്ധിപ്പിക്കുകയും ചെയ്തു. ഖാലിസ്ഥാൻ നേതാവ് ഹർദീപ് സിംഗ് നിജ്ജർ കൊല്ലപ്പെട്ട സ്ഥലത്ത് ചൊവ്വാഴ്‌ചയാണ് എസ് എഫ് ജെ പോസ്റ്ററുകൾ പതിപ്പിച്ചത്. ജൂൺ 18ന് ബ്രിട്ടീഷ് കൊളംബിയയിലെ സറേയിലെ ഗുരുനാനാക് സിഖ് ഗുരുദ്വാരയ്ക്ക് സമീപത്തായിരുന്നു നിജ്ജർ കൊല്ലപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |