
ധാക്ക: ബംഗ്ലാദേശിൽ ന്യൂനപക്ഷവേട്ട തുടരുന്നതിനിടെ ഒരു ഹിന്ദു യുവാവ് കൂടി കൊല്ലപ്പെട്ടു. വ്യാപാരിയായ ശരത് ചക്രബർത്തി മാനിയാണ് (40) കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി നർസിംഗ്ഡി ജില്ലയിലാണ് സംഭവം. പലാഷ് ഉപസിലയിലെ ചാർസിന്ദൂർ ബസാറിൽ പലചരക്കുകട നടത്തുന്ന ശരതിനെ ബൈക്കിലെത്തിയ അജ്ഞാതർ ആയുധങ്ങളുപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
കുത്തേറ്റ ശരതിനെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. ജാഷോർ ജില്ലയിൽ ഫാക്ടറി ഉടമയും നരൈൽ ആസ്ഥാനമായുള്ള ദിനപത്രത്തിന്റെ ആക്ടിംഗ് എഡിറ്ററുമായിരുന്ന റാണ പ്രതാപ് ബൈരാഗിയെ (45) ആക്രമികൾ വെടിവച്ച് കൊലപ്പെടുത്തിയതിന് മണിക്കൂറുകൾക്കു ശേഷമാണ് പുതിയ അക്രമം. ഇതിനിെതിരെ ഇന്ത്യയിൽ പലയിടത്തും പ്രതിഷേധം ശക്തമാകുകയാണ്.
അന്വേഷണം നടക്കുകയാണെന്നും കുറ്റവാളികളെ ഉടൻ പിടികൂടുമെന്നുമാണ് ബംഗ്ലാദേശ് പൊലീസ് പറയുന്നത്. എന്നാൽ നടപടികളൊന്നും എടുത്തിട്ടില്ല. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ബംഗ്ലാദേശിലെ ഹിന്ദു സമൂഹത്തിന് നേരെ നിരന്തരമായ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ജോലിസ്ഥലത്തെ തർക്കങ്ങൾ, പ്രാദേശിക പ്രശ്നങ്ങൾ, ജനക്കൂട്ട ആക്രമണം എന്നിവയുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളിൽ ഹിന്ദുക്കൾ കൊല്ലപ്പെടുന്നു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അക്രമങ്ങളിൽ ഇന്ത്യ പല തവണ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്.
18 ദിവസം, 6 ഹിന്ദുക്കൾ
മൗനം പാലിച്ച് സർക്കാർ
പതിനെട്ടു ദിവസത്തിനിടെ ബംഗ്ലാദേശിൽ കൊല്ലപ്പെടുന്ന ആറാമത്തെ ഹിന്ദുവാണ് ശരത് മോനി. 35 ദിവസത്തിനിടെ 11 ഹിന്ദുക്കളെ കൊലപ്പെടുത്തിയതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പുതുവത്സരദിനത്തിനന്ന് അക്രമികൾ മർദ്ദിച്ച് തീകൊളുത്തിയ ഖോകോൻ ചന്ദ്ര ദാസ് എന്ന വ്യാപാരി ചികിത്സയിലിരിക്കെ മരിച്ചിരുന്നു. ഡിസംബർ ആദ്യ ആഴ്ച ദീപു ചന്ദ്ര ദാസ് എന്ന യുവാവിനെ ജനക്കൂട്ടം മതനിന്ദ ആരോപിച്ച് കൊലപ്പെടുത്തി. കഴിഞ്ഞ ദിവസം ഹിന്ദു സ്ത്രീയെ കൂട്ടമാനഭംഗത്തിനിരയാക്കി. മുടിമുറിച്ചു. മരത്തിൽ കെട്ടിയിട്ട് പൊള്ളലേൽപ്പിച്ചു. കൊലപാതകവും മാനഭംഗവും ഉൾപ്പെടെ ന്യൂനപക്ഷങ്ങൾക്കെതിരെ കടുത്ത കുറ്റകൃത്യങ്ങൾ തുടരുമ്പോഴും മൗനം പാലിക്കുകയാണ് മുഹമ്മദ് യൂനുസ് സർക്കാർ. അക്രമങ്ങളെ അപലപിക്കുകയല്ലാതെ ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടികളൊന്നും എടുത്തിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |