
ലണ്ടൻ: ഇംഗ്ലണ്ട് ക്രിക്കറ്റ് ഇതിഹാസവും മുൻ പേസറുമായ ജയിംസ് ആൻഡേഴ്സൺ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മികച്ച ഇന്ത്യൻ താരത്തെക്കുറിച്ച് വെളിപ്പെടുത്തിയതാണ് ക്രിക്കറ്റ് ലോകത്ത് ചർച്ചയാകുന്നത്. സച്ചിൻ ടെണ്ടുൽക്കർ, രോഹിത് ശർമ്മ തുടങ്ങിയ സൂപ്പർ താരങ്ങളെ ഒഴിവാക്കിയാണ് ആൻഡേഴ്സൺ തന്റെ ഇഷ്ട താരത്തെ തിരഞ്ഞെടുത്തത് എന്നതും ശ്രദ്ധേയമാണ്.
രണ്ട് പതിറ്റാണ്ടു നീണ്ട കരിയറിൽ സച്ചിൻ, രാഹുൽ ദ്രാവിഡ്, സൗരവ് ഗാംഗുലി, രോഹിത് ശർമ്മ, ചേതേശ്വർ പൂജാര തുടങ്ങി നിരവധി ഇന്ത്യൻ ബാറ്റിംഗ് ഇതിഹാസങ്ങളെ ആൻഡേഴ്സൺ നേരിട്ടിട്ടുണ്ട്. എന്നാൽ ഇവരിൽ നിന്നുമൊക്കെ വ്യത്യസ്തമായി കിംഗ് വിരാട് കൊഹ്‌ലിയുടെ പ്രകടനമാണ് തന്നെ ഏറ്റവുമധികം ആകർഷിച്ചതെന്ന് ആൻഡേഴ്‌സൺ വ്യക്തമാക്കി.
2012ൽ കൊൽക്കത്തയിലെ ഈഡൻഗാർഡൻസിൽ നടന്ന ടെസ്റ്റിലായിരുന്നു ഇരുവരും ആദ്യമായി ഏറ്റുമുട്ടിയത്. അന്ന് വെറും ആറ് റൺസിനാണ് ആൻഡേഴസൺ കൊഹ്ലിയെ കൂടാരം കയറ്റിയത്. അതിനു ശേഷം ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം. കൊഹ്‌ലിയുടെ കരിയറിലെ ഏറ്റവും മോശം കാലഘട്ടമായിരുന്നു അത്. അഞ്ച് ടെസ്റ്റുകളിൽ നിന്നായി വെറും 134 റൺസ് മാത്രമാണ് കൊഹ്ലി നേടിയത്. ഇതിൽ നാല് തവണയും ആൻഡേഴ്സണാണ് കൊഹ്‌ലിയെ പുറത്താക്കിയത്.

എന്നാൽ എല്ലാറ്റിനും കൊഹ്ലി കണക്കു ചോദിക്കുക തന്നെ ചെയ്തു. 2018ൽ ക്യാപ്ടനായി എത്തിയ കൊഹ്‌ലി 593 റൺസ് അടിച്ചുകൂട്ടി ആൻഡേഴ്സണ് മറുപടി നൽകി. ആ പരമ്പരയിൽ ആൻഡേഴ്സൺ 24 വിക്കറ്റുകൾ വീഴ്ത്തിയെങ്കിലും ഒരിക്കൽ പോലും കൊഹ്‌ലിയെ പുറത്താക്കാൻ സാധിച്ചിരുന്നില്ല. 2021ൽ നോട്ടിംഗ്ഹാമിൽ വച്ച് നടന്ന ടെസ്റ്റിൽ 454 പന്തുകൾക്ക് ശേഷമാണ് പിന്നീട് ആൻഡേഴ്സൺ വീണ്ടും കൊഹ്ലിയെ പുറത്താക്കിയത്. ലീഡ്സ് ടെസ്റ്റിലായിരുന്നു ഇരുവരും തമ്മിലെ അവസാന പോരാട്ടം.
2003ൽ അരങ്ങേറ്റം കുറിച്ച ആൻഡേഴ്സൺ 21വർഷത്തെ നീണ്ട കരിയറിന് ശേഷമാണ് വിരമിച്ചത്. ടെസ്റ്റ് ക്രിക്കറ്റിൽ 704 വിക്കറ്റുകൾ നേടിയ താരം 650ലധികം വിക്കറ്റുകൾ നേടുന്ന ഏക ഫാസ്റ്റ് ബൗളറാണ്. സ്റ്റുവർട്ട് ബ്രോഡാണ് (604 വിക്കറ്റ്) പേസർമാരുടെ പട്ടികയിൽ രണ്ടാമത്. കൂടാതെ 194 ഏകദിനങ്ങളിൽ നിന്നായി 269 വിക്കറ്റുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |