
അമരാവതി: ആന്ധ്രാപ്രദേശിൽ ഓയിൽ ആൻഡ് നാച്വറൽ ഗ്യാസ് കോർപ്പറേഷന്റെ (ഒ.എൻ.ജി.സി) എണ്ണക്കിണറിൽ വാതകച്ചോർച്ചയുണ്ടായതിനെത്തുടർന്നുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ഇന്നലെയും വാതകച്ചോർച്ച തടയാനാകാത്തത് ആശങ്ക വർദ്ധിപ്പിച്ചു. കൊണസീമ ജില്ലയിലെ ഒ.എൻ.ജി.സിയുടെ മോറി 5 കിണറിലാണ് തീപിടിത്തമുണ്ടായത്. അന്താരാഷ്ട്ര വിദഗ്ദ്ധരുമായി അധികൃതർ കൂടിക്കാഴ്ച നടത്തി. 300ഓളം കുടുംബങ്ങളെ പ്രദേശത്തുനിന്ന് മാറ്റിപ്പാർപ്പിച്ചു. കൂടുതൽ പേരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഇതുവരെ ആർക്കും പരിക്കുകളോ മറ്റ് അസ്വസ്ഥതകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഒ.എൻ.ജി.സി ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്നലെയും തീ നിയന്ത്രണവിധേയമാക്കാനായില്ലെന്നും സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.30ഓടെയാണ് കിണറിലെ ഗ്യാസ് പൈപ്പിൽ ചോർച്ചയുണ്ടായത്.
100 അടിയിലേറെ ഉയരത്തിൽ തീജ്വാലകളുയർന്നു. അന്തരീക്ഷത്ത് കറുത്തപുക നിറഞ്ഞു. നാട്ടുകാർ അറിയിച്ചതോടെ ഫയർ സർവീസുകളും പോലീസ് ഉദ്യോഗസ്ഥരും ഒ.എൻ.ജി.സി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ഡൽഹിയിൽ നിന്നുള്ള വിദഗ്ദ്ധരുടെ സംഘം നേതൃത്വം നൽകുന്നുണ്ട്.
കിണർ 30 മുതൽ 40 ദശലക്ഷം ടൺ കരുതൽ ശേഖരം അടങ്ങിയ ഒരു ഇൻസുലേറ്റഡ് പാളിയിലാണ് സ്ഥിതി ചെയ്യുന്നതെന്ന് അധികൃതർ പറയുന്നു.
കിണറിന്റെ ഉത്പാദനക്ഷമത വർദ്ധിപ്പിക്കുന്ന പ്രവർത്തനങ്ങൾക്കിടെയാണ് ആദ്യ ചോർച്ചയുണ്ടായത്. പെട്ടെന്നുണ്ടായ മർദ്ദനം കാരണം പൊട്ടിത്തെറിക്കുകയും മിനിറ്റുകൾക്കുള്ളിൽ തീ പടരുകയുമായിരുന്നു.
അഹമ്മദാബാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന ഡീപ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ കീഴിലാണ് നിലവിൽ മോറി5 എണ്ണക്കിണറുള്ളത്. 2024 ൽ 1,402 കോടി രൂപയുടെ കരാറിലൂടെയാണ് ഡീപ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ഈ എണ്ണക്കിണർ ഏറ്റെടുത്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |