
ന്യൂഡൽഹി: പാകിസ്ഥാന് രഹസ്യവിവരങ്ങൾ കൈമാറിയ സംഭവത്തിൽ പത്താൻകോട്ടിൽ 15 വയസുകാരനും അംബാലയിൽ ഒരു കരാറുകാരനും അറസ്റ്റിൽ. പാകിസ്ഥാൻ ഹാൻഡ്‌ലർമാരുമായി പ്രതിരോധ രഹസ്യങ്ങൾ കൈമാറിയതിനാണ് ഇരുവരും അറസ്റ്റിലായതെന്ന് അധികൃതർ അറിയിച്ചു. ഐസിസ് അടക്കമുള്ള തീവ്രവാദ സംഘടനകൾക്കും പാക് സൈനിക ഓഫീസർമാർക്കുമാണ് 15കാരൻ വിവരങ്ങൾ കൈമാറിയതെന്ന് പഞ്ചാബ് പൊലീസ് വ്യക്തമാക്കി.
പത്താൻകോട്ട് സ്വദേശിയായ സഞ്ജീവ് കുമാർ എന്ന കുട്ടിയാണ് പിടിയിലായത്. പാകിസ്ഥാൻ ഹാൻഡ്‌ലർമാർ സോഷ്യൽ മീഡിയയിലൂടെയാണ് കുട്ടിയുമായി ബന്ധപ്പെട്ടിരുന്നത്. അച്ഛൻ കൊല്ലപ്പെട്ടുവെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഇവർ കുട്ടിയെ മാനസികമായി ദുർബലനാക്കുകയായിരുന്നുവെന്നും പത്താൻകോട്ട് എസ്‌എസ്‌പി (സീനിയർ സൂപ്രണ്ട് ഒഫ് പൊലീസ്) ദൽജീന്ദർ സിംഗ് ധില്ലൺ പറഞ്ഞു. കുട്ടി പാക് ഏജൻസികളുടെ കെണിയിൽ വീഴുകയായിരുന്നുവെന്നും കുട്ടിയുടെ പിതാവ് മരിച്ചതായി തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിലെ നിരവധി സ്ഥലങ്ങളുടെ വീഡിയോകൾ സഞ്ജീവ് പാക് ഹാൻഡ്‌ലർമാർക്ക് അയച്ചതായി പൊലീസ് കണ്ടെത്തി. പാകിസ്ഥാൻ ആസ്ഥാനമായുള്ള തീവ്രവാദ മൊഡ്യൂളുകൾ നടത്തുന്ന ഗുണ്ടാസംഘങ്ങളുമായും കുട്ടി ബന്ധപ്പെട്ടിരുന്നു. ഒരു വർഷത്തോളമായി കുട്ടിക്ക് പാകിസ്ഥാനിലെ തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നും എസ്എസ്പി പറഞ്ഞു. അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പാക് വ്യോമസേനയ്ക്ക് രഹസ്യവിവരങ്ങൾ കൈമാറിയതിനാണ് ഹരിയാനയിലെ അംബാലയിൽ കരാറുകാരൻ പിടിയിലായത്. 2020 മുതൽ വ്യോമസേനാ സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടത്തുന്ന കോൺട്രാക്ടറാണ് സുനിൽ എന്ന സണ്ണി. വ്യോമസേനയെക്കുറിച്ചുള്ള വിവരങ്ങൾ ഇയാൾ കൈമാറുന്നുണ്ടെന്നാണ് പൊലീസിന് വിവരം ലഭിച്ചത്. ഇയാളുടെ മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തു. ഇതിൽ സംശയാസ്പദമായ നിരവധി കാര്യങ്ങൾ കണ്ടെത്തിയെന്നാണ് വിവരം. പാക് ബന്ധമുള്ള ഒരു സ്ത്രീയുമായി സുനിൽ ബന്ധപ്പെട്ടിരുന്നുവെന്നും ഉദ്യോഗസ്ഥൻ പറയുന്നു. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ് സുനിൽ. നിലവിൽ നാല് ദിവസത്തെ റിമാൻഡിലാണ് ഇയാൾ. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും പൊലീസ് വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |