
ന്യൂഡൽഹി: ജെ.എൻ.യു ക്യാമ്പസിൽ ദേശവിരുദ്ധ മുദ്രാവാക്യം മുഴങ്ങിയെന്ന് പരാതി. ഡൽഹി കലാപക്കേസിൽ ജെ.എൻ.യു മുൻ വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദിന് സുപ്രീംകോടതി ജാമ്യം നിഷേധിച്ചതിനു പിന്നാലെയാണിത്. തിങ്കളാഴ്ച രാത്രി സബർമതി ഹോസ്റ്റലിനുമുന്നിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കുമെതിരെ പ്രകോപന മുദ്രാവാക്യമുയർന്നുവെന്നാണ് ആരോപണം. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ രാഷ്ട്രീയ വിവാദവുമായി. ബി.ജെ.പിയും എ.ബി.വി.പിയും രംഗത്തെത്തി. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജെ.എൻ.യു അധികൃതർ അവിടുത്തെ സുരക്ഷാവിഭാഗം തലവൻ മുഖേന വസന്ത് കുഞ്ച് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. 2020 ജനുവരി 5ന് മുഖംമൂടിധാരികളായ 50ലേറെ പേർ ആയുധങ്ങളും ആസിഡുമായി ക്യാമ്പസിൽ കയറി വ്യാപക അതിക്രമം അഴിച്ചുവിട്ടിരുന്നു. 39 വിദ്യാർത്ഥികൾക്കും നിരവധി അദ്ധ്യാപകർക്കുമടക്കം പരിക്കേറ്റു. എ.ബി.വി.പിയും ബി.ജെ.പിയുമാണ് ആക്രമണത്തിനു പിന്നിലെന്നാണ് ഇടതുവിദ്യാർത്ഥി സംഘടനകൾ ആരോപിച്ചത്. സംഭവത്തിൽ കാര്യമായ നടപടി ഡൽഹി പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായില്ല. അതിന്റെ ആറാം വാർഷികം ആചരിക്കാനാണ് ജെ.എൻ.യു സ്റ്റുഡന്റ്സ് യൂണിയന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾ ഒത്തുകൂടിയത്. 35ൽപ്പരം വിദ്യാർത്ഥികളാണ് ആദ്യമെത്തിയതെന്നുംപിന്നീട് സമരത്തിന്റെ സ്വഭാവം മാറിയെന്നും ജെ.എൻ.യു അധികൃതർ നൽകിയ പരാതിയിൽ പറയുന്നു. മുദ്രാവാക്യങ്ങൾ കോടതിയലക്ഷ്യമാണ്. ക്യാമ്പസിലെ അന്തരീക്ഷം മോശമാക്കുന്നതും, സുരക്ഷാ സാഹചര്യത്തെ ബാധിക്കുന്നതുമാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി.
വാക്പോര്
മോദിക്കും ഷായ്‌ക്കുമെതിരെയുള്ള മുദ്രാവാക്യം നാണക്കേടെന്ന് എ.ബി.വി.പി പ്രതികരിച്ചു. കേന്ദ്രസർക്കാരിനും സുപ്രീംകോടതിക്കും എതിരായിരുന്നു മുദ്രാവാക്യം. വിഷയത്തിൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു. ദേശവിരുദ്ധ മനോഭാവത്തെയാണ് കാണിക്കുന്നതെന്ന് ബി.ജെ.പി ആരോപിച്ചു. കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും, തൃണമൂൽ കോൺഗ്രസും, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും ഗ്യാംഗിന്റെ ഭാഗമാണെന്നും പറഞ്ഞു. എന്നാൽ സുപ്രീംകോടതി വിധിയും തങ്ങളുടെ പ്രതിഷേധവുമായി ബന്ധമില്ലെന്ന് ജെ.എൻ.യു സ്റ്റുഡന്റ്സ് യൂണിയൻ വിശദീകരിച്ചു. ആറുവർഷത്തെ അനീതിക്കെതിരെ പ്രതിഷേധമുയർത്തുകയാണ് ചെയ്‌തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |