
കാരക്കസ്:വെനസ്വേലയിൽ കഴിഞ്ഞ ദിവസം വീണ്ടും ആക്രമണം ഉണ്ടായതായി റിപ്പോർട്ട് ചെയ്തു.തിങ്കളാഴ്ച്ച രാത്രി തലസ്ഥാനമായ കാരക്കസിലെ പ്രസിഡന്റിന്റെ കൊട്ടാരത്തിന് സമീപം ഡ്രോണുകൾ ഉപയോഗിച്ചതായും വെടിയൊച്ച കേട്ടതായിയും മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.അതേസമയം അക്രമണത്തിൽ തങ്ങൾക്കു പങ്കില്ലെന്ന് യു.എസ് അറിയിച്ചു.കഴിഞ്ഞ ശനിയാഴ്ചയാണ് യു.എസ് വെനസ്വേലയിൽ മിന്നലാക്രമണം നടത്തി പ്രസിഡന്റായിരുന്ന നിക്കോളാസ് മഡുറോയെയും ഭാര്യ സീലിയ ഫ്ലോറസിനെയും പിടികൂടിയത്. ഇവരെ കഴിഞ്ഞ ദിവസം ന്യൂയോർക്കിലെ മാൻഹട്ടൻ ഫെഡറൽ കോടതിയിൽ ഹാജരാക്കിയിരുന്നു.2020 ൽ റജിസ്റ്റർ ചെയ്ത ലഹരിക്കടത്തു കേസിലാണ് മഡുറോ വിചാരണ നേരിടുന്നത്.
പ്രതിരോധം ഉണ്ടാകാത്തതിൽ ദുരൂഹത
അതേസമയം വെനസ്വേലയിൽ യു.എസ് ഓപ്പറേഷനിടെ പ്രതിരോധം ഉണ്ടാകാത്തതിൽ ദുരൂഹത ഉയരുന്നുണ്ട്. അതീവ സുരക്ഷയുള്ള പ്രസിഡന്റിന്റെ വസതിയിൽ കടന്നുകയറി മഡുറോയെയും ഭാര്യയെയും യു.എസ് പിടികൂടുന്നത് പ്രതിരോധിക്കാൻ സൈന്യം നീക്കം നടത്തിയില്ലെന്നാണ് ആരോപണം.വെനസ്വേലൻ ഭരണകൂടത്തിലെ ചില ഉന്നതരും ട്രംപ് ഭരണകൂടവും തമ്മിലുണ്ടാക്കിയ രഹസ്യ ധാരണയുടെ അടിസ്ഥാനത്തിലായിരുന്നു ആക്രമണമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസാണ് സംശയനിഴലിലുള്ളത്. അറബ് സഖ്യകക്ഷികളുടെ മധ്യസ്ഥതയിൽ ഡെൽസിയും ദേശീയ അസംബ്ലിയുടെ അധ്യക്ഷനായ സഹോദരൻ ജോർജ് റോഡ്രിഗസും ട്രംപ് ഭരണകൂടവുമായി കഴിഞ്ഞ വർഷം രഹസ്യ ചർച്ചകൾ നടത്തിയതായി മാദ്ധമങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു.
യു.എസ് നടപടിക്കെതിരെ മഡൂറോയുടെ മകൻ
വെനസ്വേലയിൽ മിന്നലാക്രമണം നടത്തി പ്രസിഡന്റായിരുന്ന നിക്കോളാസ് മഡുറോയെയും ഭാര്യ സീലിയ ഫ്ലോറസിനെയും പിടികൂടിയ യു.എസ് നടപടിക്കെതിരെ മദൂറോയുടെ മകൻ നിക്കോളസ് മഡൂറോ ഗുവേര.തന്റെ പിതാവിനെ തട്ടികൊണ്ടു പോയതാണെന്നും അദ്ദേഹത്തിന്റെ തിരിച്ചുവരവ് ഉറപ്പാക്കാന്‍ അന്താരാഷ്ട്ര ഐക്യദാര്‍ഢ്യം വേണമെന്നും വെനസ്വേലൻ ദേശീയ അസംബ്ലിയിൽ മഡുറോ ഗുവേര ആവശ്യപ്പെട്ടു.യു.എസിന്റെ നടപടി വെനസ്വേലയുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണ്. ഇത് മറ്റ് രാജ്യങ്ങളിലും സംഭവിച്ചേക്കാം.ഇത്തരം പ്രവർത്തി ആഗോള സ്ഥിരതക്കും മാനവികതക്കും രാഷ്ട്രങ്ങളുടെ പരമാധികാരത്തിനും നേരെയുള്ള ഭീഷണിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |