
ചെന്നൈ: തമിഴ്നാട് മധുര തിരുപ്പരൻകുണ്ഡ്രം ദീപം തെളിക്കൽ കേസിൽ തമിഴ്നാട് സർക്കാരിന് തിരിച്ചടി. ദീപത്തൂണിൽ തന്നെ കാർത്തിക ദീപം തെളിക്കണമെന്ന ജസ്റ്റിസ് സ്വാമിനാഥന്റെ ഉത്തരവ് മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷൻ ബഞ്ച് ശരിവച്ചു. ദേവസ്ഥാനത്ത് ദീപം തെളിക്കണമെന്നും മറ്റുള്ളവർ അനുഗമിക്കരുതെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ദീപം തെളിച്ചാൽ പ്രദേശത്തെ സമാധാനം തകരുമെന്ന സർക്കാർ വാദം അസംബന്ധമാണെന്നു പറഞ്ഞ കോടതി സ്റ്റാലിൻ സർക്കാരിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. സമുദായങ്ങൾക്കിടയിൽ അവിശ്വാസം വളരാൻ സർക്കാർ പ്രേരിപ്പിക്കുന്നു. അസ്വസ്ഥത സർക്കാർ തന്നെ സ്‌പോൺസർ ചെയ്താൽ മാത്രമേ സമാധാനം തകരൂ. രാഷ്ട്രീയ അജണ്ടയ്ക്കായി ആ നിലയിലേക്ക് പോകരുത്. അത്തരം സാഹചര്യത്തിലേക്ക് സർക്കാർ തരം താഴില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു.
ഉയർന്ന സ്ഥലത്ത് ദീപം തെളിക്കുന്നത് വിശ്വാസികൾക്ക് കാണാൻ വേണ്ടിയാണ്. വിശ്വാസികളുടെ ആവശ്യം ക്ഷേത്രഭരണ സമിതി അംഗീകരിക്കാത്തതിന് ഉചിതമായ കാരണങ്ങളില്ല. ദീപത്തൂണിൽ തന്നെ ദീപം തെളിക്കണം. സർക്കാർ സാങ്കല്പിക ഭീതി പരത്തുകയാണെന്നും ജസ്റ്റിസുമാരായ ജി ജയചന്ദ്രൻ, കെ കെ രാമകൃഷ്ണൻ എന്നിവർ അടങ്ങുന്ന ഡിവിഷൻ ബെഞ്ച് കുറ്റപ്പെടുത്തി.
ദീപത്തൂണിൽ വിളക്ക് തെളിക്കണമെന്ന ജസ്റ്റിസ് ജി.ആർ സ്വാമിനാഥന്റെ ഉത്തരവ് സർക്കാർ നടപ്പിലാക്കിയിരുന്നില്ല. ദർഗയ്ക്ക് സമീപമാണ് ദീപത്തൂൺ ഉള്ളതെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു
സർക്കാർ പ്രതിരോധം. ഇതിനെതിരെ ഹിന്ദു സംഘടനകൾ പ്രതിഷേധം നടത്തി. ഡി.എം.കെ ഇന്ത്യ മുന്നണിയിലെ മറ്റ് എം.പിമാരെ കൂടി കൂട്ടി ജസ്റ്റിസ് ജി.ആർ സ്വാമിനാഥനെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്ക് നോട്ടീസ് നൽകി. ഈ നീക്കം വിവാദമായിരിക്കെയാണ് വിധി.
'ദീപത്തൂൺ ദർഗയുടേത് അല്ല'
സിംഗിൾ ജഡ്ജിയുടെ ഉത്തരവിന്റെ അതേ ദിവസം വിളക്ക് കത്തിച്ചിരുന്നുവെങ്കിൽ ഒരു പ്രശ്നവുമുണ്ടാകില്ലായിരുന്നുവെന്ന് വിധിന്യായത്തിൽ പറയുന്നു. തിരുപ്പരൻകുണ്ഡ്രം കുന്നിലെ വിളക്കുമരം ദർഗയുടേതാണെന്ന് അംഗീകരിക്കാനാകില്ലെന്ന് സർക്കാർ സമർപ്പിച്ച അപ്പീലുകൾ തള്ളിക്കൊണ്ട് രണ്ടംഗ ബെഞ്ച് വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |