
ഹൈദരാബാദ്: അമേരിക്കയിൽ കൊല്ലപ്പെട്ട ഇന്ത്യൻ യുവതി നികിത ഗോഡിശാലയും പ്രതിയെന്ന് സംശയിക്കുന്ന അർജുൻ ശർമ്മയും തമ്മിൽ പ്രണയബന്ധം ഉണ്ടായിരുന്നുവെന്ന ആരോപണം തള്ളി യുവതിയുടെ പിതാവ്. പണമിടപാട് സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെ ഹൈദരബാദിൽ മാദ്ധ്യമങ്ങൾക്ക് നൽകിയ പ്രതികരണത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞത്.
'എന്റെ മകൾ നാല് വർഷം മുമ്പ് കൊളംബിയയിലേക്ക് പോയി. അവൾ അവിടെ ജോലി ചെയ്യുകയായിരുന്നു. അവൻ അവളുടെ മുൻ റൂംമേറ്റ് ആയിരുന്നു. കാമുകനായിരുന്നു എന്നത് ശരിയല്ല' അദ്ദേഹം പറഞ്ഞു. നാലുപേർ ഒന്നിച്ചാണ് ഒരു വീട്ടിൽ താമസിച്ചിരുന്നതെന്നും ആ സമയം ചെലവായ പണം തിരികെ ആവശ്യപ്പെട്ടപ്പോഴാണ് നികിതയെ കൊലപ്പെടുത്തിയ ശേഷം അർജുൻ ഇന്ത്യയിലേക്ക് കടന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, യുവതിയെ കൊലപ്പെടുത്തി ഇന്ത്യയിലേക്ക് കടന്ന അർജുൻ ശർമ്മ തമിഴ്‌നാട്ടിൽ പിടിയിലായി. ഇന്റർപോളിന്റെ സഹായത്തോടെയാണ് പൊലീസ് ഇയാളെ കസ്‌റ്റഡിയിൽ എടുത്തത്. അമേരിക്കയിൽ ഡാറ്റാ അനലിസ്‌റ്റായി ജോലി ചെയ്‌തിരുന്ന നികിത ഗോഡിശാലയാണ് കൊല്ലപ്പെട്ടത്. മെരിലാൻഡിലെ അജുൻ ശർമ്മയുടെ അപാർട്‌മെന്റിൽ നിന്ന് ജനുവരി മൂന്നിനാണ് നികിത ഗോഡിശാലയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
യുവതിയുടെ ശരീരത്തിൽ കുത്തേറ്റതിന്റെ പാടുകൾ ഉണ്ടായിരുന്നു. ജനുവരി ഒന്നിന് യുവതിയെ കാണാനില്ലെന്ന് അർജുൻ ശർമ്മ പൊലീസിൽ പരാതിപ്പെട്ടിരുന്നു. പുതുവത്സര തലേന്ന് രാത്രി തന്റെ അപാർട്മെന്റിലാണ് യുവതിയെ അവസാനമായി കണ്ടതെന്നും ഇയാൾ മൊഴി നൽകിയിരുന്നു. എന്നാൽ യുവതിയെ കാണാനില്ലെന്ന് പരാതി നൽകിയതിന്റെ തൊട്ടടുത്ത ദിവസം ഇയാൾ ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു. ഇതിൽ സംശയം തോന്നിയ പൊലീസ് ഇയാളുടെ അപാർട്‌മെന്റിൽ നടത്തിയ തെരച്ചിലിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |