
ഭോപ്പാൽ: ഇൻഡോർ ജലമലിനീകരണ ദുരത്തത്തിൽ മദ്ധ്യപ്രദേശ് സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. സർക്കാരിന്റെ പ്രതികരണം 'വിവേകശൂന്യ'മാണെന്നും പറഞ്ഞു. മലിനജലം മൂലമുണ്ടായ മരണങ്ങളും രോഗങ്ങളും സംബന്ധിച്ച ഹർജികൾ ഇന്നലെ പരിഗണിക്കുകയായിരുന്നു മദ്ധ്യപ്രദേശ് ഹൈക്കോടതി. സർക്കാർ സമർപ്പിച്ച മറുപടി വിവേകശൂന്യമാണ്. സംഭവം ജനവിശ്വാസം തകർക്കുക മാത്രമല്ല, ദേശീയ തലത്തിൽ ഇൻഡോറിന്റെ പ്രതിച്ഛായയെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു. കേന്ദ്ര സർക്കാരിന്റെ വാർഷിക ശുചിത്വ സർവേയിൽ ഇൻഡോറിന് തുടർച്ചയായി ഒന്നാം സ്ഥാനം ലഭിക്കാറുണ്ട്. അങ്ങനെയൊരു നഗരത്തിൽ ഇത്തരം സംഭവങ്ങളുണ്ടാക്കുന്നത് ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നും ജസ്റ്റിസുമാരായ വിജയ് കുമാർ ശുക്ല, അലോക് അവസ്തി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. സംസ്ഥാന ചീഫ് സെക്രട്ടറിയോട് 15 ന് വീഡിയോ കോൺഫറൻസിലൂടെ ഹാജരാകാനും നിർദ്ദേശിച്ചിട്ടുണ്ട്.
മരണസംഖ്യ സംബന്ധിച്ച് ഇൻഡോർ മുനിസിപ്പൽ കോർപ്പറേഷനും ജില്ലാ ഭരണകൂടവും സമർപ്പിച്ച സ്റ്റാറ്റസ് റിപ്പോർട്ട് കോടതി പരിശോധിച്ചു.
38 പുതിയ കേസുകൾ
ഛർദ്ദിയും വയറിളക്കവുമുള്ള 38 കേസുകൾ കൂടി തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തു. ഭഗീരത്പുര പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് 38ഉം സ്ഥിരീകരിച്ചത്.
നിലവിൽ 110 പേരാണ് ചികിത്സയിൽ. ഇതിൽ 15 പേർ ഐ.സി.യുവിലാണ്. ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച് ഏഴ് പേരാണ് മരിച്ചതെന്ന് ഒരു ഉദ്യോഗസ്ഥൻ പറയുന്നു. എന്നാൽ 17 മരണം റിപ്പോർട്ട് ചെയ്തിട്ടുള്ളതായാണ് നാട്ടുകാർ പറയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |