തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമന് വിട നൽകി കേരളം. പന്ത്രണ്ട് മണിയോടെ ആറ്റിങ്ങലിലെ കുടുംബവീട്ടിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. ജൂലായ് 31 തിങ്കളാഴ്‌ച തിരുവനന്തപുരത്തെ കുമാരപുരത്തുള്ള വസതിയിലായിരുന്നു അന്ത്യം. ശാരീരിക അവശതകളെ തുടർന്ന് വിശ്രമത്തിലായിരുന്നു.
മുൻ മിസോറാം, ത്രിപുര ഗവർണർ ആയിരുന്നു വക്കം പുരുഷോത്തമൻ. മൂന്ന് തവണ സംസ്ഥാന മന്ത്രിയും രണ്ട് തവണ സ്പീക്കറും രണ്ട് തവണ എം.പിയും ആയ വക്കം, ആർ.ശങ്കറിന്റെ നിർബന്ധംകൊണ്ടാണ് കോൺഗ്രസിലെത്തിയത്. അതിന് മുമ്പ് തിരുവനന്തപുരത്തെ തിരക്കുള്ള അഭിഭാഷകനായിരുന്നു. അക്കാലത്ത് കേരളകൗമുദിയും പത്രാധിപർ കെ.സുകുമാരനും നൽകിയ വലിയ പിന്തുണ അദ്ദേഹം പലപ്പോഴും അനുസ്മരിച്ചിട്ടുണ്ട്.
ഭാനുപണിക്കർ-ഭവാനി ദമ്പതികളുടെ 10 മക്കളിൽ മുതിർന്നയാളായി 1928 ഏപ്രിൽ 12ന് ആയിരുന്നു ജനനം. ഭാര്യ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് മുൻ ജോയിന്റ് ഡയറക്ടർ ഡോ.ലില്ലിപുരുഷോത്തമൻ. മൂത്ത മകൻ അന്തരിച്ച ബിജു പുരുഷോത്തമന്റെ മകൾ അഞ്ജുവിനൊപ്പമായിരുന്നു താമസം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |