
ന്യൂഡൽഹി: ശബരിമലയിൽ നടത്തിയിരുന്ന അന്നദാനം വിലക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ അഖില ഭാരത അയ്യപ്പ സേവാ സംഘത്തിന്റെ രണ്ട് വിഭാഗങ്ങൾ സമർപ്പിച്ച ഹർജികൾ സുപ്രീംകോടതി തള്ളി. ഇതോടെ അതിനുള്ള അവകാശം തിരുവിതാംകൂർ ദേവസ്വം ബോർഡിന് മാത്രമായി തുടരും.
സംഘടനയുടെ കൊയ്യം ജനാർദ്ദൻ, ഡി.വിജയകുമാർ വിഭാഗങ്ങൾ പ്രത്യേകം ഹർജികളാണ് സമർപ്പിച്ചത്. സംഘടനയുടെ ജനറൽ സെക്രട്ടറിയാണെന്നും തങ്ങളുടെ വിഭാഗമാണ് യഥാർത്ഥ സംഘടനയെന്നും കോടതിൽ അവകാശപ്പെടുകയും ചെയ്തു.
ആത്മീയ അധികാരപരിധി പ്രയോഗിക്കാനില്ലെന്ന കൗതുകകരമായ നിരീക്ഷണവും ജസ്റ്റിസുമാരായ അനിരുദ്ധ ബോസും ബേല എം. ത്രിവേദിയും അടങ്ങിയ ബെഞ്ചിന്റെ ഭാഗത്തു നിന്നുണ്ടായി.
ഹൈക്കോടതി അനുമതിയോടെ 2017 മുതൽ ശബരിമലയിൽ അന്നദാനം നടത്തി വന്നിരുന്ന അഖില ഭാരത അയ്യപ്പ സേവാ സംഘത്തിന് കഴിഞ്ഞ ഏപ്രിലിൽ ഹൈക്കോടതി അനുമതി നിഷേധിച്ചു. അന്നദാനത്തിന് അനുമതി തേടി ശബരിമല അയ്യപ്പ സേവ സമാജമെന്ന മറ്റൊരു സംഘടന ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയായിരുന്നു നടപടി. ബോർഡ് അന്നദാനം നടത്തുന്നതിനാൽ വേറെ ആർക്കും അനുമതി നൽകേണ്ടതില്ലെന്ന തീരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിലപാട് ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.
നാട്ടാനകൾക്ക് ദുരിതമെന്ന ഹർജി: ഇടപെടാൻ വിസമ്മതിച്ച് സുപ്രീംകോടതി
ന്യൂഡൽഹി : കേരളത്തിൽ നാട്ടാനകൾക്ക് ദുരിതമാണെന്ന ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീംകോടതി. കേരള ഹൈക്കോടതിയെ സമീപിക്കാത്തത് എന്തുകൊണ്ടാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് ചോദിച്ചു. ഹൈക്കോടതി ജഡ്ജിമാർക്കാണ് പ്രാദേശിക സാഹചര്യം മനസിലാക്കാൻ കഴിയുന്നത്. രാജ്യത്തെ ഭരിക്കാൻ സുപ്രീംകോടതിക്ക് സാധിക്കില്ല. കോടതിക്ക് പ്രവർത്തിക്കാൻ കഴിയാത്ത തരത്തിൽ എല്ലാ ഹർജികളും പരിഗണിക്കാൻ കഴിയില്ല. ഹൈക്കോടതി പിഴവ് വരുത്തിയാൽ സുപ്രീംകോടതിക്ക് പരിശോധിക്കാൻ കഴിയുമെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.
കേരളത്തിൽ 50 വയസിന് താഴെയുള്ള നാട്ടാനകൾ ചരിയുന്നതിന്റെ ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്തുവരുന്നതെന്നും 2018 മുതൽ 2022 വരെ 135 ആനകൾ ചരിഞ്ഞെന്നും ഹർജിക്കാരൻ കോടതിയെ അറിയിച്ചു. പോസ്റ്റ്മോർട്ടം നടത്താത്തതിനാൽ യഥാർത്ഥ മരണകാരണം അറിയാൻ കഴിയുന്നില്ല. എന്നാൽ സമർപ്പിച്ചിരിക്കുന്ന ഇടക്കാല ഹർജിയിൽ ഇടപെടാനാകില്ലെന്നും രാജ്യമാകമാനമുള്ള നാട്ടാനകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രധാനഹർജി ഡിസംബർ ആദ്യവാരം പരിഗണിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |