എഴുപതുകളിലും എൺപതുകളിലും മലയാളി കണ്ട സിനിമകളിൽ പ്രണയനായകനായിരുന്നു രവികുമാർ. സിനിമ കുടുംബത്തിൽ നിന്നാണ് രവികുമാറിന്റെ വരവ്. അച്ഛൻ കെ.എം.കെ. മേനോൻ നിർമ്മാതാവും തിരുവനന്തപുരത്തെ രണ്ടാമത്തെ സ്റ്റുഡിയോയുമായ ശ്രീകൃഷ്ണ സ്റ്റുഡിയോയുടെ ഉടമയും ആയിരുന്നു. അമ്മ ഭാരതി മേനോൻ നടിയും ദിവ്യദർശനം ഉൾപ്പെടെ നിരവധി ചിത്രങ്ങളുടെ നിർമ്മാതാവും . 1967ൽ ഇന്ദുലേഖ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. മധുവിനെ നയകനാക്കി എം. കൃഷ്ണൻ നായർ സംവിധാനം ചെയ്ത് 1976ൽ റിലീസ് ചെയ്ത അമ്മ എന്ന ചിത്രം ആണ് രവികുമാറിനെ മലയാളത്തിൽ ശ്രദ്ധേയനാക്കുന്നത്. ഐ.വി.ശശി സിനിമയിൽ സ്ഥിരം നായകനായിരുന്നു രവികുമാർ. അവളുടെ രാവുകൾ, അങ്ങാടി, സർപ്പം, തീക്കടൽ, അനുപല്ലവി, തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങൾ.
മലയാളത്തിലും തമിഴിലുമായി നൂറിലേറെ സിനിമകളിൽ അഭിനയിച്ചു. ഇരുഭാഷകളിലും നൂറിലേറെ സീരിയലിലും അഭിനയിച്ചു. പ്രശസ്ത സംഗീതസംവിധായകനായ രവീന്ദ്രനാണ് രവികുമാറിന് തുടക്കകാലത്ത് ഡബ്ബ് ചെയ്തിരുന്നത്, ചെന്നൈ ജീവിതം കാരണം തന്റെ മലയാളം അത്ര മെച്ചമല്ലെന്ന് രവികുമാർ തമാശ രൂപേണ പറയുമായിരുന്നു.
ശ്രീനിവാസ കല്യാണം , ദശാവതാരം, എന്നീ സിനിമകളിലൂടെയാണ് തമിഴിൽ ശ്രദ്ധ നേടുന്നത്. നടൻ ജയന്റെ കടുത്ത ആരാധകനായിരുന്നു രവികുമാർ. രവികുമാർ ഫിലിംസിന്റെ ബാനറിൽ രവികുമാറിന്റെ അച്ഛൻ നിർമ്മിച്ച സിനിമയിൽ ചെറിയ വേഷത്തിൽ ജയൻ അഭിനയിച്ചിട്ടുമുണ്ട്. എന്നാൽ ഐ.വി. ശശിയുടെ അങ്ങാടി സിനിമയിൽ ജയൻ നായകും രവികുമാർ വില്ലനുമായി എത്തി. പുതിയ കാലം സിനിമ, രവികുമാറിനോട് അകലം പാലിച്ചു. മമ്മൂട്ടി നായകനായി ജോഷി സംവിധാനം ചെയ്ത സൈന്യം സിനിമയിലൂടെയാണ് തിരിച്ചു വരവ് നടത്തിയത്.
മമ്മൂട്ടിയുടെ സി ബി ഐ 5 ദ ബ്രയ്ൻ, മോഹൻലാലിന്റെ ആറാട്ട് എന്നിവയാണ് അവസാനത്തെ ചിത്രങ്ങൾ. ആറാട്ടിൽ മോഹൻലാലിന്റെ അച്ഛൻ വേഷമാണ് അവതരിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |