തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ യുവാവിനെ വടിവാളുകൊണ്ട് തലയില്‍ വെട്ടി പരിക്കേല്‍പ്പിച്ച കേസിലെ ഒന്നാം പ്രതി അറസ്റ്റില്‍. പാപ്പാന്‍ചാണി ചരുവിള പുത്തന്‍വീട്ടില്‍ സൂരജിനെ (24) ആണ് തിരുവല്ലം പൊലീസ് അറസ്റ്റുചെയ്തത്. അയല്‍വാസിയായ ബിബിന്‍ എന്ന യുവാവിനെയാണ് സൂരജും സുഹൃത്ത് രഞ്ജിത്തും ചേര്‍ന്ന് ആക്രമിച്ചത്. മെയ് 11ന് നടന്ന സംഭവത്തില്‍ രണ്ടാം പ്രതി രഞ്ജിത്തിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സൂരജ് ഒളിവില്‍ കഴിഞ്ഞ് വരികയായിരുന്നു.
ബിബിന്റെ വീടിന് സമീപം ബൈക്ക് റേസ് നടത്തുകയും അമ്മയോട് മോശം പരാമര്‍ശം നടത്തുകയും ചെയ്തത് ചോദ്യം ചെയ്തതാണ് പകയ്ക്ക് കാരണം. ബൈക്കില്‍ വടിവാളുമായി എത്തി തലയില്‍ വെട്ടുകയും തള്ളിയിട്ട ശേഷം മര്‍ദ്ദിക്കുകയും ചെയ്തു. പരിക്കേറ്റ ബിബിനെ ആശുപത്രിയില്‍ കൊണ്ട് പോയതിന് പിന്നാലെ പ്രതികള്‍ വീടിന് നേരെ ബിയര്‍ കുപ്പിയെറിഞ്ഞ് പ്രകോപനം സൃഷ്ടിക്കുകയും ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്.
ബിബിന്‍ ചോദ്യം ചെയ്തതില്‍ പ്രകോപിതരായ യുവാക്കള്‍ ബൈക്കിലെത്തുകയും വീട്ടിലേക്ക് പോകുന്നതിനിടെ തടഞ്ഞുനിര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് സൂരജ് കൈയിലുണ്ടായിരുന്ന വാളുപയോഗിച്ച് ബിബിന്റെ തലയില്‍ വെട്ടി. തറയില്‍വീണ ബിബിനെ പ്രതികള്‍ ചവിട്ടിയും പരിക്കേല്‍പ്പിച്ചു. ബിബിന്റെ നിലവിളി കേട്ട് നാട്ടുകാര്‍ എത്തിയതോടെ പ്രതികള്‍ ബൈക്കില്‍ രക്ഷപ്പെട്ടു.
തിരുവല്ലം എസ്.എച്ച്.ഒ ജെ. പ്രദീപ്, എസ്.ഐ. സി.കെ നൗഷാദ് എന്നിവരുടെ നേതൃത്വത്തിലുളള പൊലീസ് സംഘമാണ് ഇയാളെ ഒളിസങ്കേതത്തില്‍നിന്ന് അറസ്റ്റുചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |