SignIn
Kerala Kaumudi Online
Sunday, 05 April 2026 10.53 AM IST

ക്ഷാമകാലത്തെ തട്ടിപ്പുകൾ

Increase Font Size Decrease Font Size Print Page
ss

പ്രതിസന്ധികൾ പുതിയ സാദ്ധ്യതകളിലേക്കു തുറക്കുന്ന വാതിലുകൾ കൂടിയാണ് എന്നത് ബിസിനസിന്റെ തത്വശാസ്ത്രത്തിലെ അടിസ്ഥാന വാക്യങ്ങളിലൊന്നാണ്. ലോകം മുഴുവൻ അടഞ്ഞുകിടന്ന കൊവിഡ് കാലത്ത് ഓൺലൈൻ വിദ്യാഭ്യാസത്തിന്റെയും ഓൺലൈൻ മാർക്കറ്റിംഗിന്റെയും പുതിയ സാദ്ധ്യതകൾ തളിർത്തു പൂക്കുന്നത് നമ്മൾ കണ്ടതാണ്. അതാകട്ടെ,​ പഠനത്തെയും വിപണനത്തെയും കുറിച്ച് അതുവരെയുണ്ടായിരുന്ന ധാരണകളെ അപ്പാടെ മാറ്റിമറിക്കുകയും ചെയ്തു. പക്ഷേ,​ ഇത്തരം സാദ്ധ്യതകളെക്കുറിച്ച് കൂടുതൽ ചിന്തിക്കുകയും,​ അവയെ സമർത്ഥമായ കബളിപ്പിക്കലുകൾക്ക് അവസരമാക്കുകയും ചെയ്യുന്ന തട്ടിപ്പുവീരന്മാരാണ് നേരത്തേ പറഞ്ഞ ബിസിനസ് വാക്യത്തിന്റെ അർത്ഥതലങ്ങൾ ആദ്യം കണ്ടെത്തുന്നതെന്നു മാത്രം.

പശ്ചിമേഷ്യൻ സംഘർഷങ്ങളെ തുടർന്ന് പാചക വാതകത്തിന് നിയന്ത്റണം ഏർപ്പെടുത്തുകയും,​ എൽ.പി.ജി സിലിണ്ടറുകൾ കിട്ടാൻ ബുദ്ധിമുട്ടാവുകയും ചെയ്യുന്ന പ്രതിസന്ധി ഘട്ടത്തിൽ,​ ആ അവസരം മുതലെടുത്ത് രംഗത്തിറങ്ങിയ തട്ടിപ്പുകാരുടെ ഡിജിറ്റൽ കെണികൾ കണ്ടാൽ ആരും അമ്പരക്കും. വൈദ്യുതികൊണ്ട് പ്രവർത്തിക്കുന്നതും,​ എൽ.പി.ജി സ്റ്റൗവിൽ എന്നതുപോലെ സമൃദ്ധമായ ജ്വാല നല്കുന്നതുമായ ഇലക്ട്രിക് അടുപ്പുകളുടെ പരസ്യമാണ് ഇക്കൂട്ടത്തിൽ ഏറ്റവും ഒടുവിൽ എത്തിയത്. പാചകഗ്യാസ് കിട്ടാത്ത കാലത്ത്,​ അതിനു തുല്യം വൈദ്യുതിയിൽ പ്രവർത്തിക്കുന്ന സ്റ്റൗ എന്നു കേട്ടാൽ മുന്നുംപിന്നും ആലോചിക്കാതെ ചാടിവീഴാൻ ആർക്കായാലും തോന്നും. സാഹചര്യത്തിന്റെ സമ്മർദ്ദം കനക്കുമ്പോൾ ആളുകളുടെ സാമാന്യബുദ്ധി പോലും പ്രവർത്തിക്കാതാകും എന്ന ലളിത യാഥാർത്ഥ്യം മുതലെടുത്താണ് ഈ തട്ടിപ്പ്.

എൽ.പി.ജിയോ പ്രകൃതിവാതകമോ പോലുള്ള ഇന്ധനങ്ങളൊന്നും ഇല്ലാതെ സ്വിച്ചിട്ടാലുടൻ ഇലക്ട്രിക് സ്റ്റൗവിൽ ജ്വാല പടരുന്നത് എങ്ങനെയെന്ന ചോദ്യത്തിനൊന്നും അപ്പോൾ പ്രസക്തിയില്ല.

ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും മറ്റും വീഡിയോ കണ്ട് പണമടച്ച് സാധനം ബുക്ക് ചെയ്യുമ്പോൾ കൊറിയറിൽ വരുന്നത് ഇൻഡക്ഷൻ കുക്കർ ആയിരിക്കും. വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഇൻഡക്ഷൻ കുക്കറിൽ പാത്രത്തെ ചൂടാക്കുന്നത് കാന്തികോർജ്ജമാണ്. അതല്ലാതെ,​ അതിൽ തീജ്വാല ഉണ്ടാകില്ല. ഓൺലൈൻ മാർക്കറ്റിംഗിന്റെ കാലത്ത്,​ ഉപകരണങ്ങൾ പ്രവർത്തിപ്പിച്ചുനോക്കി ബോദ്ധ്യപ്പെടുന്ന പഴയ രീതിയൊന്നും നടപ്പില്ലല്ലോ. വീഡിയോയും വിവരണവും കണ്ട് വിശ്വസിക്കുകയേ നിവൃത്തിയുള്ളൂ. ഈ പഴുതാണ് തട്ടിപ്പിനായി ഉപയോഗിക്കപ്പെടുന്നത്. സാധനങ്ങൾ ഓൺലൈനിൽ പണമടച്ച് ബുക്ക് ചെയ്യുന്നതിനു മുമ്പ് പരസ്യത്തിൽ പറയുന്ന അവകാശവാദങ്ങൾ യാഥാർത്ഥ്യമാകാനുള്ള സാദ്ധ്യത എത്രത്തോളമാണെന്ന് വിലയിരുത്തുകയാണ് ആദ്യം വേണ്ടത്. പ്രത്യേക ഓഫർ പ്രകാരം ആയിരം രൂപയ്ക്ക് ആപ്പിൾ ഐഫോൺ ലഭിക്കുമെന്നും മറ്റുമുള്ള പരസ്യങ്ങൾ ഓൺലൈൻ പ്ളാറ്റ്ഫോമുകളിൽ സാധാരണമാണ്. എന്ത് കാരണത്താലായാലും ആപ്പിൾ കമ്പനിക്ക് അങ്ങനെയൊരു ഓഫർ നല്കേണ്ട ഒരുകാര്യവുമില്ലെന്ന് ഒന്നു ചിന്തിച്ചാൽ ബോദ്ധ്യപ്പെടും!

ആവശ്യകതയുടെ സമ്മർദ്ദം എത്ര അധികമായാലും കബളിപ്പിക്കലിന് തലവച്ചുകൊടുക്കില്ല എന്ന് തീരുമാനമെടുക്കേണ്ടത് ഉപഭോക്താവാണ്. പാചകവാതക പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ പലതരം ഇൻഡക്ഷൻ കുക്കറുകളുടെയും,​ പോർട്ടബിൾ ബയോഗ്യാസ് പ്ളാന്റുകളുടെയും,​ ചൂട് പ്രസരിപ്പിക്കാത്ത വിറകടുപ്പുകളുടെയും ഒക്കെ പരസ്യങ്ങൾ ധാരാളമായി പ്രചരിക്കുന്നുണ്ട്. തങ്ങളുടെ ആവശ്യത്തിന് നൂറുശതമാനവും ഉപയോഗപ്രദമാകുന്നതാണോ എന്ന് ഉറപ്പിക്കാതെ ഒരു ഉത്പന്നത്തിനു വേണ്ടിയും മുൻകൂർ പണമടയ്ക്കരുത്. ഇത്തരം പരസ്യങ്ങൾക്കു താഴെ,​ അവ ഉപയോഗിച്ച് തൃപ്തി പ്രകടിപ്പിച്ചുള്ള കമന്റുകൾ ധാരാളമായി കാണും. ഇക്കാലത്ത് നൂറ് കമന്റുകൾ സൃഷ്ടിക്കുന്നത് എങ്ങനെയെന്ന് കൊച്ചു കുട്ടികളെപ്പോലും പഠിപ്പിക്കേണ്ടതില്ലല്ലോ. സാമാന്യബുദ്ധിക്കോ യുക്തിക്കോ നിരക്കാത്ത ഒരു അവകാശവാദത്തിലും വീണ് പണം നഷ്ടപ്പെടാൻ ഇടവരുത്തരുത്. ധനനഷ്ടത്തെക്കാൾ വലുതാണ്,​ 'തന്നെ ഇത്രവേഗം കബളിപ്പിച്ചല്ലോ" എന്ന ക്ളൈമാക്സിലെ തിരിച്ചറിവ്. നിയമനടപടികളല്ല,​ ഇക്കാര്യത്തിൽ വിവേചനബുദ്ധിയാണ് പ്രധാനം.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.