
നമ്മളിൽ അധികം പേർക്കും ഇന്ന് ഭക്തി എന്നാൽ ക്ഷേത്രത്തിൽ ചെന്ന് ഒരു നിമിഷം ദേവന്റെ അല്ലെങ്കിൽ ദേവിയുടെ മുമ്പിൽ തൊഴുതു നിൽക്കുക എന്നതിൽ ഒതുങ്ങുന്നു. ചിലർ ആഗ്രഹസാഫല്യത്തിനു വേണ്ടി വഴിപാടുകൾ നടത്തി എന്നുവരും. എന്നാൽ നമ്മുടെ ഈശ്വരാരാധന ഇത്രയുമായാൽ പോരാ. ക്ഷേത്രത്തിലെ പവിത്രമായ അന്തരീക്ഷത്തിൽ കുറച്ച് സമയമെങ്കിലും ഏകാഗ്രമായ ഈശ്വരചിന്തയോടെ കഴിയണം. കഴിയുമെങ്കിൽ മന്ത്രജപം, കീർത്തനം, സഹസ്രനാമ അർച്ചന, ധ്യാനം എന്നിവയാകാം. ലോകകാര്യങ്ങളും വീട്ടുകാര്യങ്ങളും ചിന്തിക്കുന്നത് ഒഴിവാക്കണം. മൗനമായി മന്ത്രജപത്തോടെ വേണം പ്രദക്ഷിണം ചെയ്യുവാൻ. വീട്ടിലിരുന്നും ഈശ്വരനെ ഭജിക്കാം. ദിവസവും കുറഞ്ഞത് പത്തു മിനിറ്റെങ്കിലും മനസ്സിനെ പൂർണമായും ഈശ്വരസ്മരണയിൽ നിർത്തണം. അതിന് കീർത്തനമോ അർച്ചനയോ മന്ത്രജപമോ ധ്യാനമോ ഏത് ആയാലും നല്ലത് തന്നെ. നമുക്ക് ഏറ്റവും ഇഷ്ടമുള്ള ഈശ്വരരൂപത്തെ പരമാത്മാവായി സങ്കൽപ്പിച്ച് ആരാധിക്കണം. ഇഷ്ടദേവത എന്ന് പറയുന്നത് അതാണ്. മറ്റെല്ലാ ദൈവങ്ങളും ഇഷ്ടദേവതയിൽ അടങ്ങുന്നു എന്ന ബോധം വളർത്തണം. നിഷ്കാമമായി ആരാധിക്കണം, ധ്യാനിക്കണം. അതിലൂടെ മനസ്സിൻ്റെ ഏകാഗ്രത വളർത്തിയെടുക്കാൻ കഴിയും. മനസ്സിനു വല്ലാത്ത ഭാരമുണ്ടെങ്കിൽ ദുഃഖങ്ങൾ ഈശ്വരനോടു പറയുന്നതിൽ തെറ്റില്ല. ഹൃദയം ഈശ്വരനുമായി പങ്കുവയ്ക്കാം. നമ്മുടെ ഭാരം അവിടുത്തെ മുന്നിൽ ഇറക്കിവയ്ക്കാം. ഈശ്വരനോട് ഒരു ബന്ധം വളർത്താൻ ആ ഭാവം സഹായിക്കും. എന്നാൽ ഒരു കാര്യം മനസ്സിലാക്കണം. ഡോക്ടറോടും വക്കീലിനോടും എല്ലാം തുറന്നുപറഞ്ഞാൽ മാത്രമേ അവർക്ക് ശരിയാംവണ്ണം രോഗമറിഞ്ഞു ചികിത്സിക്കാനോ ശരിയാംവണ്ണം കേസ് വാദിക്കാനോ കഴിയൂ. എന്നാൽ ഈശ്വരൻ അന്തര്യാമിയാണ്. അവിടുന്ന് നമ്മുടെ ഹൃദയത്തിൽ വസിക്കുന്നു. നമ്മൾ പറഞ്ഞില്ലെങ്കിലും നമ്മുടെ വേദനകളും ദുഃഖങ്ങളും ചിന്തകളും എല്ലാം അവിടുന്ന് സദാ അറിയുന്നുണ്ട്. അതിനാൽ നമ്മുടെ ആഗ്രഹങ്ങളും ദുഃഖങ്ങളും എണ്ണിയെണ്ണി പറയേണ്ട ആവശ്യമില്ല. നമ്മുടെ പ്രാർത്ഥന, ഈശ്വരനോട് ഒന്നായിത്തീരാൻ വേണ്ടി ആയിരിക്കണം. തത്വത്തിലെ ഭക്തിയാണ് വേണ്ടത്. അനേകം ദൈവങ്ങൾ ഉണ്ടെന്നു കരുതാതെ എല്ലാം ഒരേ ഈശ്വരൻ്റെ വിവിധ രൂപങ്ങളായി കാണണം.ഈശ്വരൻ ക്ഷേത്രത്തിൽ മാത്രം ഒതുങ്ങുന്നു എന്ന് ചിന്തിക്കാതെ അവിടുന്ന് സർവ്വവ്യാപിയാണെന്ന് അറിയണം. സർവ്വരിലും അവിടുത്തെ ദർശിച്ച് സമത്വഭാവം വളർത്തണം. സകാമമായ ഭക്തി ഒരു തെറ്റല്ല. പക്ഷേ അതൊരു തുടക്കം മാത്രമാണെന്നു മനസ്സിലാക്കണം. ക്രമേണ നിഷ്കാമമായി ഈശ്വരനെ ആരാധിക്കാൻ പഠിക്കണം. നിഷ്കളങ്കമായ ഭക്തിക്കുവേണ്ടിയുള്ള ഭക്തിയാണ് ഏറ്റവും ഉത്തമം. അതിലൂടെ നമ്മുടെ മനസ്സ് വേഗം ശുദ്ധമായിത്തീരും. നമ്മൾ റാണിയീച്ചയെ പിടിച്ചാൽ മറ്റെല്ലാ ഈച്ചകളും നമ്മുടെ കൂടെ വരും. അതുപോലെ ഈശ്വരപ്രേമത്തിനു വേണ്ടി ഈശ്വരനെ ആശ്രയിച്ചാൽ ചോദിക്കാതെ തന്നെ നമ്മുടെ അത്യാവശ്യകാര്യങ്ങൾ എല്ലാം ഈശ്വരൻ നിറവേറ്റിത്തരും. ഒപ്പം അവിടുത്തെ കൃപ നമ്മളിലേക്ക് ഒഴുകും, ഈശ്വരീയമായ ഗുണങ്ങൾ നമ്മളിൽ നിറയും. ഭൗതികമായ നേട്ടങ്ങളും ആദ്ധ്യാത്മികമായ ഉന്നതിയും ഉണ്ടാകും. നിഷ്ക്കളങ്കമായ പ്രേമഭക്തിയിലൂടെ മാത്രമാണു നമുക്ക് ഈശ്വരനെ സാക്ഷാത്ക്കരിക്കാൻ കഴിയുന്നത്.
-ശ്രീ മാതാ അമൃതാനന്ദമയി ദേവി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |