
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് ഒന്നാം ഘട്ട വോട്ടെടുപ്പിനിടെ വനിതാ സ്ഥാനാർത്ഥിക്ക് നേരെ ആക്രമണം. ബിജെപി സ്ഥാനാർത്ഥി അഗ്‌നിമിത്ര പോളിനുനേരെയാണ് ആക്രമണം ഉണ്ടായത്. തുടർച്ചയായ ആക്രമണങ്ങൾ കാരണം വോട്ട് രേഖപ്പെടുത്താൻ ഹെൽമറ്റ് ധരിച്ചാണ് ഇവർ പോളിംഗ് ബൂത്തിലെത്തിയത്. ആക്രമണത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസാണെന്നാണ് ആരോപണം.
ഇത് മൂന്നാം തവണയാണ് തന്നെ ലക്ഷ്യമിട്ട് ആക്രമണം നടക്കുന്നതെന്ന് അഗ്നിമിത്ര വ്യക്തമാക്കി. 'റഹ്മത്ത് നഗർ സന്ദർശിക്കുമ്പോഴെല്ലാം തനിക്ക് നേരെ ആക്രമണം ഉണ്ടാകാറുണ്ട്. 2021ൽ ആദ്യമായി മത്സരിച്ചപ്പോൾ റഹ്മത്ത് നഗറിൽ വച്ച് കല്ലേറുണ്ടായി. 2022ൽ ഉപതിരഞ്ഞെടുപ്പ് സമയത്ത് ബരാബനിയിൽ വച്ച് കാർ ആക്രമിക്കപ്പെട്ടു. ഇന്ന് വീണ്ടും റഹ്മത്ത് നഗറിൽ വച്ച് തന്നെ ആക്രമണം ആവർത്തിച്ചു'.- ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അഗ്‌നിമിത്ര ഇക്കാര്യം വ്യക്തമാക്കിയത്.
ഹിന്ദു മേഖലകളിലും തൃണമൂൽ അനുഭാവികൾ ഉണ്ടെങ്കിലും റഹ്മത്ത് നഗർ, ധരംപൂർ തുടങ്ങിയ ഇടങ്ങളിൽ മാത്രം താൻ എന്തിന് ആക്രമിക്കപ്പെടുന്നുവെന്ന് അഗ്നിമിത്ര ചോദിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം ഹെൽമെറ്റ് ധരിച്ചാണ് വൈകുന്നേരം വരെ മണ്ഡലത്തിൽ തുടർന്നത്. പോളിംഗ് ബൂത്ത് സന്ദർശിച്ചു മടങ്ങുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. പിന്നിൽ നിന്നും വലിയൊരു പാറക്കല്ല് വന്ന് കാറിന്റെ പിൻഭാഗത്തെ ചില്ല് പൂർണമായും തകർക്കുകയായിരുന്നു. കാറിന്റെ പിന്നിലിരുന്ന തന്റെ സെക്രട്ടറിക്ക് പരിക്കേറ്റതായും അഗ്നിമിത്ര അറിയിച്ചു.
വൻ സുരക്ഷാ സന്നാഹങ്ങൾക്കിടയിൽ എങ്ങനെ ആക്രമണം നടന്നുവെന്ന ചോദ്യത്തിന്, സുരക്ഷാ ഉദ്യോഗസ്ഥർ പോളിംഗ് നടക്കുന്ന സ്കൂൾ കെട്ടിടത്തിനുള്ളിലായിരുന്നുവെന്നും തന്റെ കാർ റോഡിലായിരുന്നുവെന്നുമാണ് മറുപടി നൽകിയത്. അഗ്നിമിത്രയ്ക്ക് പുറമെ കുമാർഗഞ്ചിലെ ബിജെപി സ്ഥാനാർത്ഥി സുവേന്ദു സർക്കാരിനു നേരെയും തൃണമൂൽ പ്രവർത്തകരുടെ ഭാഗത്തുനിന്നും അതിക്രമമുണ്ടായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |