ഷോർട് സ്‌കർട്ടും ബിക്കിനിയും ഇട്ട് അന്ന് ആ പതിനാറുകാരി അഭിനയിച്ചു തുടങ്ങി. ഷക്കീലയുടെ ജീവിതം സിനിമയാകുന്നു....
തൊണ്ണൂറുകളിൽ തെന്നിന്ത്യൻ സൂപ്പർതാരങ്ങളുടെ ചിത്രങ്ങൾ തിയേറ്ററുകളിൽ ആഘോഷമാക്കുമ്പോഴും ഷക്കീല ചിത്രങ്ങൾ കാണാൻ തിയേറ്ററുകളിൽ പ്രേക്ഷകർ ഇരമ്പിക്കയറിയിരുന്നു. ഒരു കാലഘട്ടത്തിൽ ചെറുപ്പക്കാരുടെ ഹരമായിരുന്നു ഷക്കീല. ബി ഗ്രേഡ് ചിത്രങ്ങളുടെ മേൽവിലാസം തന്നെ മൂന്നക്ഷരമുള്ള ഈ പേരായിരുന്നു. ഷക്കീലയുടെ ജീവിതകഥ ഒരുങ്ങുകയാണ് ബോളിവുഡിൽ. ഷക്കീലനോട്ട് എ പോൺസ്റ്റാർ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ഇന്ദ്രജിത്ത് ലങ്കേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷക്കീലയായി വേഷപ്പകർച്ച നടത്തുന്നത് റിച്ച ഛന്ദയാണ്. ബിഗ് സ്‌ക്രീനിൽ കണ്ട മാദക സുന്ദരിയുടെ ജീവിതകഥയാണ് ഇന്ദ്രജിത്ത് തന്റെ സിനിമയിലൂടെ പറയാൻ ശ്രമിക്കുന്നത്.
കടുത്ത ദാരിദ്ര്യത്തിൽ ആന്ധ്രാപ്രദേശിലെ നല്ലൊരെ എന്ന ഗ്രാമത്തിൽ മുസ്ലിം കുടുംബത്തിലാണ് ഷക്കീല ബീഗം എന്ന ഷക്കീല ജനിക്കുന്നത്. പിതാവ് ചന്ദ് ഭാഷയും മാതാവ് ചന്ദ് ബീഗവും. ആറു സഹോദങ്ങളുള്ള ഷക്കീല ചെറുപ്പം മുതൽ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും കണ്ടാണ് വളർന്നത്. ചെറുപ്പം മുതൽ അഭിനയ മോഹമുള്ള ഷക്കീല തനിക്ക് അതിനു മാത്രമുള്ള സൗന്ദര്യമില്ലെന്ന് സ്വയം ഓർത്ത് വിഷമിക്കാറുണ്ടായിരുന്നത്രെ. വെളുത്തു തുടുത്ത നായികമാരെ കാണുമ്പോൾ തന്റെ ഇരുനിറത്തിലുള്ള തൊലികൾ കൊണ്ട് ഒരിക്കലും അവിടെവരെ എത്താൻ സാധിക്കില്ലെന്ന് ഷക്കീല സ്വയം വിശ്വസിച്ചു.
പത്താം ക്ലാസ് തോറ്റത് ഷക്കീലയുടെ ജീവിതത്തിലെ വഴിത്തിരിവായി. തോറ്റ വിവരം അറിഞ്ഞ പിതാവ് ഷക്കീലയെ തല്ലിക്കൊണ്ടിരിക്കുമ്പോഴായിരുന്നു അടുത്തുള്ള സിനിമ കമ്പനിയിലെ നിർമാതാവും മേക്കപ്പ് മാനും അത് കണ്ട് വന്നത്.ശരത് കുമാർ അഭിനയിച്ച നക്ഷത്ര നായകൻ എന്ന സിനിമയുടെ പ്രവർത്തകരായിരുന്നു അവർ. തന്റെ മകളെ ഇനി എന്ത് ചെയ്യുമെന്ന ചോദ്യത്തിന് അവളെ സിനിമയിൽ അഭിനയിപ്പിക്കാമെന്നുള്ള മറുപടിയാണ് അവരിൽ നിന്ന് ഉണ്ടായത്. ആ പതിനാറുകാരിയുടെ മനസ്സിൽ ആനന്ദ പുലരി ഉദിച്ചു. അങ്ങനെയാണ് സിൽക്ക് സ്മിതയുടെ അനിയത്തിയായി പ്ലേ ഗേൾസിൽ ഷക്കീല വേഷമിടുന്നത്.ഷോർട് സ്‌കർട്ടും ബിക്കിനിയും ഇട്ട് അന്ന് ആ പതിനാറുകാരി അഭിനയിച്ചു തുടങ്ങി.
തമിഴ് ,തെലുങ്ക് ,കന്നഡ ,മലയാളം തുടങ്ങി ഭാഷകളുടെ അതിർ വരമ്പുകൾ ഭേദിച്ച് 250 ഓളം ചിത്രങ്ങളിൽ ഷക്കീല അഭിനയിച്ചു. ചെയ്തതിൽ ഭൂരിപക്ഷവും ബി ഗ്രേഡ് ചിത്രങ്ങൾ.താരരാജാക്കന്മാർ വാഴുന്ന തെന്നിന്ത്യൻ സിനിമ ലോകത്ത് തന്റെ ഇരിപ്പിടം താരം സ്വന്തമാക്കി. മലയാളത്തിൽ ഷക്കീലയുടെ കിന്നാര തുമ്പികൾ ,ഡ്രൈവിംഗ് സ്‌കൂൾ , സിസ്റ്റർ മരിയ തുടങ്ങിയ ചിത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടു. സ്വഭാവ നടിയാവാൻ ഷക്കീല ആഗ്രഹിച്ചിരുന്നു. എന്നാൽ ബി ഗ്രേഡ് ചിത്രങ്ങളിൽ മാത്രമാണ് അവസരം കിട്ടിയത്. രണ്ടായിരത്തിന്റെ തുടക്കത്തിൽ ഒരുപാട് സിനിമകൾ ചെയ്തു. ഷക്കീലയ്ക്ക് വെല്ലുവിളിയായി മറിയയും രേഷ്മയുമൊക്ക വന്നപ്പോൾ ഷക്കീല കാലത്തിന് മങ്ങൽ സംഭവിച്ചു. സ്വഭാവ നടിയായി അഭിനയിക്കാൻ താത്പര്യം കാണിച്ചെങ്കിലും അത്തരത്തിലൊരു വേഷം വരാൻ ഷക്കീലയ്ക്ക് വർഷങ്ങളോളം കാത്തിരിക്കേണ്ടി വന്നു. മോഹൻലാൽ ചിത്രം ഛോട്ടാ മുംബൈയിൽ കാമിയോ റോളിൽ താരം എത്തിയിരുന്നു. അന്ന് മോഹൻലാൽ തന്റെ കിന്നാര തുമ്പികൾ കണ്ടിട്ടുണ്ടെന്നും തന്റെ ആരാധകനാണെന്നും പറഞ്ഞത് ഷക്കീല ഒരിക്കൽ തുറന്നു പറഞ്ഞിട്ടുണ്ട്. വർഷങ്ങൾക്ക് ശേഷം ഒട്ടേറെ ചിത്രങ്ങളിൽ സ്വഭാവ നടിയായി ഷക്കീല എത്തി. മലയാളത്തിൽ തേജ ഭായ് ആൻഡ് ദി ഫാമിലിയിൽ അഭിനയിച്ചു.
നടിയെന്നതിലുപരി ഒരുപാട് കാരുണ്യ പ്രവർത്തനങ്ങൾ ഷക്കീല ചെയ്യുന്നുണ്ട്. ഒപ്പം ആരുമില്ലാത്ത ഒരു കൂട്ടം ട്രാൻസ്ജണ്ടേഴ്‌സിന്റെ അമ്മയും കൈത്താങ്ങുമാണ് ഇന്ന് ഷക്കീല. നടിയുടെ ജീവിതം ബിഗ് സ്‌ക്രീനിൽ കാണാൻ കാത്തിരിക്കുകയാണ് താരത്തിന്റെ ആരാധകർ....
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |