കുഞ്ഞിമംഗലം: കെ.എസ്.യു. കണ്ണൂർ ജില്ല വൈസ് പ്രസിഡന്റായിരുന്ന സജിത്ത് ലാലിന്റെ ഇരുപത്തിയാറാം രക്തസാക്ഷിത്വ ദിനത്തിന്റെ ഭാഗമായി സ്മൃതി മണ്ഡപത്തിൽ തകർക്കപ്പെട്ടിടത്ത് സ്ഥാപിക്കാൻ പുതിയ സ്തൂപവും ശില്പവും ഒരുങ്ങുന്നു.
ജൂൺ 27 ന് രാവിലെ 10 ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി പ്രതിമ അനാച്ഛാദനം ചെയ്യും.
രണ്ടര അടി ഉയരമുള്ള സജിത്ത് ലാലിന്റെ പ്രതിമയും സ്തൂപവും പ്രമുഖ ശില്പി ചിത്രൻ കുഞ്ഞിമംഗലം ആണ് നിർമ്മിക്കുന്നത് . ചെയർമാൻ കരിപ്പിരി ബാലനും സെക്രട്ടറി കെ.പി മോഹനനുമടങ്ങിയ സജിത്ത്ലാൽ മന്ദിര കമ്മിറ്റിയാണ് പ്രതിമ നിർമ്മാണത്തിന് മേൽനോട്ടം വഹിച്ചത്. നാലടി ഉയരമുള്ള ഗ്രാനൈറ്റിൽ നിർമ്മിച്ച പീഠത്തിന് മുകളിൽ രണ്ടര അടി ഉയരത്തിലാണ് ശില്പം സ്ഥാപിക്കുക .പൂർണ്ണമായും വെങ്കല നിറത്തോടു കൂടി ഫൈബറിൽ ആണ് ശില്പം പൂർത്തിയാകുന്നത്.
രണ്ട് മാസത്തോളം സമയമെടുത്തു ശില്പ നിർമ്മാണത്തിന്. പയ്യന്നൂർ സജിത്ത് ലാൽ മന്ദിര കമ്മിറ്റി അംഗങ്ങൾ നൽകിയ ഒറിജിനൽ ഫോട്ടോയാണ് നിർമ്മാണത്തിന് സഹായകമായത്.
ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി നിരവധി ശില്പങ്ങൾ നിർമ്മിച്ച് ശ്രദ്ധേയനാണ് ശില്പി ചിത്രൻ. കേരള സംസ്ഥാന ഫോക്ലോർ അക്കാഡമി അവർഡ്, സംസ്ഥാന ക്ഷേത്ര കലാ അക്കാഡമി അവാർഡ്, സി.എഫ്.എ നാഷണൽ അവാർഡ് എന്നിവ നേടിയിട്ടുണ്ട്. കെ. ചിത്ര, കെ.വി കിഷോർ, കൃഷ്ണൻ, ശശി തുടങ്ങിയവർ ശില്പ നിർമാണത്തിൽ സഹായികളായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |