ഡി.ജി.സി.എ താക്കീത് നൽകിയത്
അഹമ്മദാബാദ് ദുരന്തത്തിന് മുമ്പ്
കാലഹരണപ്പെട്ട ഉപകരണങ്ങളുമായി
രാജ്യാന്തര സർവീസുകൾ നടത്തി
ന്യൂഡൽഹി : മൂന്ന് എയർബസ് വിമാനങ്ങളുടെ സുരക്ഷാ പരിശോധനയിൽ എയർ ഇന്ത്യ കടുത്ത വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിന് തുടർന്ന് ഡി.ജി.സി.എ താക്കീത് ചെയ്തതായി റിപ്പോർട്ടുകൾ.
അഹമ്മദാബാദ് ദുരന്തത്തിന് മുൻപായിരുന്നു ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ താക്കീത്. എമർജൻസി ഉപകരണങ്ങൾ പ്രവർത്തന ക്ഷമമാണെന്ന് ഉറപ്പാക്കേണ്ടതാണ്. ഇതിനായി നിർബന്ധമായും നടത്തേണ്ട പരിശോധനകൾ യഥാസമയം നടത്തിയില്ലെന്ന് ഡി.ജി.സി.എ കണ്ടെത്തി. കാലഹരണപ്പെട്ട ഉപകരണങ്ങളുമായി രാജ്യാന്തര സർവീസ് ഉൾപ്പെടെ നടത്തുകയും ചെയ്‌തു. കഴിഞ്ഞ മാസം നടത്തിയ സ്‌പോട്ട് ഇൻസ്‌പെക്ഷനിലാണ് വീഴ്ച കണ്ടെത്തിയത്. എയർബസ് എ-320ന്റെ പരിശോധന ഒരു മാസത്തിലേറെ വൈകി. ആ കാലയളവിൽ ദുബായ്, റിയാദ്, ജിദ്ദ എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തി. ആഭ്യന്തര സർവീസ് നടത്തുന്ന എയർബസ് എ-319ന്റെ സുരക്ഷാ പരിശോധന മൂന്ന് മാസവും മറ്റൊരു വിമാനത്തിന്റെ പരിശോധന രണ്ടു ദിവസവും വൈകി.
ബോയിംഗ് തകരാർ
അറിയിച്ചതിന് പിരിച്ചുവിട്ടു
ബോയിംഗ് 787 ഡ്രീം ലൈനർ വിമാനത്തിന്റെ സാങ്കേതിക പ്രശ്‌നം ചൂണ്ടിക്കാട്ടിയതിന് പിരിച്ചുവിട്ടുവെന്ന് എയർ ഇന്ത്യയുടെ രണ്ട് മുൻ ജീവനക്കാരുടെ വെളിപ്പെടുത്തൽ. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തിലാണ് ആരോപണം. 2024 മേയിൽ മുംബയ് - ലണ്ടൻ ഡ്രീംലൈനർ വിമാനത്തിന്റെ വാതിലിലെ സാങ്കേതിക പ്രശ്‌നം ചൂണ്ടിക്കാട്ടിയിരുന്നു. എയർ ഇന്ത്യയും ഡി.ജി.സി.എയും ഗൗനിച്ചില്ല. ഡി.ജി.സി.എ പേരിനൊരു അന്വേഷണം നടത്തി. മൊഴിയിൽ നിന്ന് പിന്മാറാൻ സമ്മർദ്ദമുണ്ടായെങ്കിലും വഴങ്ങിയില്ലെന്നും കത്തിൽ പറയുന്നു. ആരോപണങ്ങൾ എയർ ഇന്ത്യ നിഷേധിച്ചു. പെരുമാറ്റദൂഷ്യം കാരണമാണ് പിരിച്ചുവിട്ടതെന്ന് പ്രതികരിച്ചു.
ബുക്കിംഗുകളിൽ
35% കുറവ്
അഹമ്മദാബാദ് ദുരന്തത്തിന് പിന്നാലെ എയർ ഇന്ത്യ ബുക്കിംഗുകളിൽ 30 മുതൽ 35 ശതമാനം വരെ കുറവുണ്ടായതായി ബ്ലൂ സ്റ്റാർ എയർ ട്രാവൽ സർവീസസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് വെളിപ്പെടുത്തി .ടിക്കറ്റ് നിരക്കും ഇടിഞ്ഞു. രാജ്യാന്തര റൂട്ടുകളിൽ 16%വും ആഭ്യന്തര റൂട്ടുകളിൽ 24% വരെയും കുറവുണ്ടായി.
സർവീസുകൾ റദ്ദാക്കി
ഇന്നലെ ഒൻപത് സർവീസുകളാണ് എയർ ഇന്ത്യ റദ്ദാക്കിയത്. ദുബായ് - ചെന്നൈ, ഡൽഹി - മെൽബൺ, മെൽബൺ - ഡൽഹി , ദുബായ് - ഹൈദരാബാദ് എന്നീ രാജ്യാന്തര സർവീസുകളും ഇതിൽപ്പെടും. പുനെ - ഡൽഹി വിമാനത്തിൽ പക്ഷിയിടച്ചതിനെ തുടർന്ന് റദ്ദാക്കി. ജൂലായ് 15 വരെയുള്ള 38ൽപ്പരം രാജ്യാന്തര സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. സുരക്ഷാ പരിശോധന തുടരുന്നതിനാലും , ഇറാൻ - മിഡിൽ ഈസ്റ്റ് വ്യോമപാത അടച്ചതിനാലും 15%ൽപ്പരം സർവീസുകൾ വെട്ടികുറയ്‌ക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.
``ടേക്ക് ഓഫിന് മുൻപുള്ള സാധാരണ പരിശോധനയ്‌ക്ക് പുറമെ കൂടുതൽ സുരക്ഷാ പരിശോധന തുടരും. നേരിയ സംശയം ഉണ്ടായാൽപ്പോലും സർവീസുകൾ നടത്തില്ല. ഡ്രീംലൈനർ വിമാനങ്ങൾ ഉൾപ്പെടെ സുരക്ഷിതമാണ്.``
-കാംപ്ബെൽ വിൽസൺ
എയർ ഇന്ത്യ സി.ഇ.ഒ
5വർഷം മുമ്പത്തെ അടിയന്തര
ലാൻഡിംഗും അന്വേഷിക്കുന്നു
ന്യൂഡൽഹി : എയർ ഇന്ത്യയുടെ എയർബസ് എ 321 വിമാനം 2020 ഫെബ്രുവരിയിൽ ലണ്ടനിലെ ഗാറ്റ്വിക് വിമാനത്താവളത്തിൽ തിരിച്ചിറക്കിയ സംഭവത്തിലും അന്വേഷണം നടത്തും. രണ്ട് എൻജിനുകളും പ്രവർത്തനരഹിതമായതിനെ തുടർന്നായിരുന്നു ലാൻഡിംഗ്.
അഹമ്മദാബാദ് വിമാനാപകടത്തിന്റെ പശ്ചാത്തലത്തിലാണിത്. അന്നും മേയ് ഡേ കോൾ പൈലറ്റ് നൽകി. ടേക്ക് ഓഫിന് തൊട്ടു പിന്നാലെയാണ് എൻജിനുകൾ കേടായത്. ഇന്ധന സംവിധാനത്തിൽ മാലിന്യം കലർന്നിരുന്നുവെന്ന് യു.കെ. എയർ ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ച് കണ്ടെത്തിയിരുന്നു. അത്തരത്തിൽ എന്തെങ്കിലും അഹമ്മദാബാദിലുണ്ടായോ എന്നതും അന്വേഷിക്കുന്നുണ്ട്. ദുരന്തത്തിൽ ഇതുവരെ 223 പേരുടെ മൃതദേഹം ഡി.എൻ.എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. 204 പേരുടെ മൃതദേഹങ്ങൾ കുടുംബങ്ങൾക്ക് കൈമാറി. പത്തനംതിട്ട സ്വദേശിനി രഞ്ജിത ആർ. നായരുടെ മൃതദേഹം തിരിച്ചറിയാനുള്ള ശ്രമം നടന്നുവരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |