തൃശൂർ: മറ്റുള്ളവരുടെയും കൂടിയാണ് ലോകമെന്ന ചിന്ത ഉണ്ടായാൽ സ്വാർത്ഥത ഒഴിവാകുമെന്നും ആ ചിന്തയിലേക്ക് നയിക്കാൻ വായനയ്ക്കാകുമെന്നും കവയിത്രിയും സംസ്‌കൃത സർവ്വകലാശാല അദ്ധ്യാപികയുമായ ഡോ. ശ്രീലതാ വർമ്മ പറഞ്ഞു. കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ജില്ലയിൽ സംഘടിപ്പിക്കുന്ന അക്ഷരയാത്രയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു ഡോ. ശ്രീലത. ബാലസാഹിത്യ ഇൻസ്റ്റ്യൂട്ട് ഭരണസമിതി അംഗം സി.ആർ ദാസ് അദ്ധ്യക്ഷനായി. അദ്ധ്യാപിക സി.ജെ. വത്സയെ ആദരിച്ചു.
വായനാ മത്സരത്തിലും കാവ്യാലാപന മത്സരത്തിലും വിജയികളായ കുട്ടികൾക്കുള്ള സമ്മാനങ്ങളും സർട്ടിഫിക്കറ്റും സമ്മാനിച്ചു. കാൽഡിയൻ സിറിയൻ ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ഡോ. അബി പോൾ, പ്രധാന അദ്ധ്യാപിക റെമി ചുങ്കത്ത്, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് എഡിറ്റോറിയൽ അസിസ്റ്റന്റ് നവനീത് കൃഷ്ണൻ എന്നിവർ സംസാരിച്ചു.
കുട്ടികൾക്ക് ബാലസാഹിത്യ പുസ്തകങ്ങൾ പകുതിവിലയ്ക്ക് ലഭ്യമാക്കുന്ന പുസ്തകമേളയും അക്ഷരാത്രയുടെ ഭാഗമാണ്. അക്ഷരയാത്ര നടക്കുന്ന സ്‌കൂളുകളിൽ നിന്ന് പുസ്തകങ്ങൾ വാങ്ങാം. ഒരു സ്‌കൂളിൽ രണ്ടു ദിവസമാണ് പുസ്തകപ്രദർശനം. തൃശൂർ കേന്ദ്രീയ വിദ്യാലയത്തിലെ അക്ഷരയാത്ര 11 ന് തുടങ്ങും. സാഹിത്യകാരൻ എം.എൻ. വിനയകുമാർ ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |