ബി ഗ്രേറ്റർ ദാൻ സ്ട്രോക്ക്! ആഘാതത്തിനും മീതെയായിരിക്കുക! ലോക പക്ഷാഘാത ദിനത്തിൽ വേൾഡ് സ്ട്രോക്ക് ഓർഗനൈസേഷൻ മുന്നോട്ടുവയ്ക്കുന്ന ചിന്താവിഷയമാണിത്. ചിട്ടയായ ജീവിതശൈലിയിലൂടെ റിസ്ക് ഫാക്ടറുകൾ നിയന്ത്രിച്ച് പക്ഷാഘാതത്തെ പ്രതിരോധിക്കുക എന്നതാണ് ഇതിലെ സന്ദേശം. തെണ്ണൂറു ശതമാനം സ്ട്രോക്കുകളും ഇങ്ങനെ തടയാം!
തലച്ചോറിലെ രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കുകയോ (ഇസ്കീമിക് സ്ട്രോക്ക്), രക്തക്കുഴലുകൾ പൊട്ടുകയോ (ഹെമറാജിക് സ്ട്രോക്ക്) ചെയ്യുന്നതു മൂലം തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുകയും, മസ്തിഷ്ക കോശങ്ങൾ നശിക്കുകയും ചെയ്യുന്ന അവസ്ഥയാണ് സ്ട്രോക്ക് അഥവാ പക്ഷാഘാതം. ഇത് നേരത്തേ കണ്ടെത്തി ചികത്സിച്ചില്ലെങ്കിൽ ഗുരുതരമായ വൈകല്യത്തിനോ രോഗിയുടെ മരണത്തിനു തന്നെയോ കാരണമായേക്കാം.
റിസ്ക് ഫാക്ടറുകൾ
എന്തെല്ലാം?
ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, പുകവലി, മദ്യപാനം, വ്യായാമക്കുറവ്, അമിതവണ്ണം, മാനസിക സമ്മർദ്ദം, എന്നിവയെല്ലാം സ്ട്രോക്കിനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നു. ഇവയെയാണ് റിസ്ക് ഫാക്ടറുകൾ എന്നുപറയുന്നത്. സ്‌ട്രോക്കിന്റെ അപകടസാദ്ധ്യത കൂട്ടുന്ന ഘടകങ്ങളിൽ ഏറ്റവും പ്രധാനം ഉയർന്ന രക്തസമ്മർദ്ദമാണ്.
44 രാജ്യങ്ങളിൽ നിന്നുള്ള 10 ലക്ഷം ആളുകളിൽ നടത്തിയ ഒരു പഠനത്തിൽ, 17 ശതമാനം പേർക്ക് ആദ്യമായി ബി.പി രോഗനിർണയം നടത്തി. ഇവരിൽ 73 ശതമാനം പേർ ഒരിക്കൽപ്പോലും തങ്ങളുടെ രക്തസമ്മർദ്ദ നിരക്ക് പരിശോധിച്ചിട്ടില്ലെന്നു കണ്ടെത്തി. ബി.പി രോഗ നിർണയത്തിനു ശേഷം 30 ശതമാനം പേർ ചികിത്സ സ്വീകരിച്ചു. ചികിത്സ സ്വീകരിച്ചവരിൽ 10.3 ശതമാനം പേർ മാത്രമേ അവരുടെ രക്തസമ്മർദ്ദം നിയന്ത്രണവിധേയമാക്കിയുള്ളൂ. ആളുകളിൽ രക്തസമ്മർദ്ദത്തിന്റെ രോഗനിർണയം, നിയന്ത്രണം, ചികിത്സ എന്നിവയുടെ പ്രാധാന്യം സംബന്ധിച്ച് അവബോധം വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത സൂചിപ്പിക്കുന്നതാണ് ഈ പഠനം.
എങ്ങനെ
കണ്ടെത്താം?
ഹൈപ്പർ ടെൻഷൻ ചികിത്സാ മാർഗരേഖയനുസരിച്ച് സ്ട്രോക്ക് രോഗികളിൽ സിസ്റ്റോളിക് ബി.പിയുടെ അളവ് 130 എന്ന നിലയിൽ ആയിരിക്കണം. ബി.പി നിയന്ത്രണത്തിനായി തൊട്ടടുത്തുള്ള ഡോക്ടറുടെ സഹായത്തോടെ മാസത്തിൽ ഒരിക്കൽ ബി.പി പരിശോധിക്കുകയും രോഗാവസ്ഥയ്ക്കനുസൃതമായ അളവിൽ മരുന്നുകൾ കഴിക്കുകയും വേണം. ഇതിനൊപ്പം ആഹാരത്തിലെ ഉപ്പിന്റെ അളവ് കുറച്ചും വ്യായാമം ചെയ്തും അമിതവണ്ണം കുറയ്ക്കുകയും വേണം.
സ്‍ട്രോക്കിന്റെ ഗുരുതര സ്വഭാവവും ഉയർന്ന മരണനിരക്കും കണക്കിലെടുത്ത് ഇത് തടയുന്നതിനും അതിജീവിച്ചവർക്ക് മെച്ചപ്പെട്ട പരിചരണവും പിന്തുണയും ഉറപ്പാക്കുന്നതിനും വേണ്ടി കേന്ദ്ര- സംസ്ഥാന സർക്കാരുകൾ മുൻകൈയെടുത്ത് മെഡിക്കൽ കോളേജുകളിലും ജില്ലാ ആശുപത്രികളിലും സ്ട്രോക്ക് യൂണിറ്റുകൾ തുടങ്ങിയിട്ടുണ്ട്. രാജ്യമൊട്ടാകെ ഇത്തരം അഞ്ഞൂറോളം സ്‌ട്രോക് യൂണിറ്റുകൾ പ്രവർത്തിക്കുന്നു. എന്നാൽ ഇന്ത്യയിലെ സ്ട്രോക്ക് രോഗികളുടെ വർദ്ധനവ് പരിഗണിക്കുമ്പോൾ ഈ സംവിധാനങ്ങൾ അപര്യാപ്തമാണ്. കേരളത്തിൽ കഴിഞ്ഞ മൂന്നു വർഷമായി 10 ജില്ലാ ആശുപത്രികളിൽ സ്ട്രോക്ക് യൂണിറ്റുകൾ പ്രവർത്തിക്കുന്നു.
ആവർത്തിക്കുന്ന
ആഘാതം
ഒരിക്കൽ സ്ട്രോക്ക് വന്നതിനു ശേഷം ഒരു വർഷത്തിനുള്ളിൽ വീണ്ടും വരാനുള്ള സാദ്ധ്യത 5- 15 ശതമാനം ആണ്. മരുന്നുകൾ ക്രമമായി കഴിക്കുന്നതും റിസ്ക് ഫാക്ടറുകൾ നിയന്ത്രിക്കുന്നതും വഴി ഇത് തടയാനാവും. ശ്രീചിത്ര ആശുപത്രി അടുത്തിടെ നടത്തിയ പഠനത്തിൽ 40 ശതമാനം സ്ട്രോക്ക് രോഗികൾ മാത്രമേ സ്‌ട്രോക്ക് മരുന്നുകൾ സ്ഥിരമായി കഴിച്ചിരുന്നുള്ളൂ എന്നു കണ്ടെത്തി. കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ എന്നിവയുടെ സഹായത്തോടെ സ്ട്രോക്ക് രോഗികൾ കൃത്യമായ ഇടവേളകളിൽ ബി.പി പരിശോധന നടത്തുകയും ഡോക്ടറുടെ ഉപദേശപ്രകാരം രക്തപരിശോധന നടത്തി, നിർദ്ദിഷ്ട കാലം മരുന്നുകൾ കഴിക്കുകയും വേണം.
സ്ട്രോക്ക് അതിജീവിച്ചവരിൽ 40- 50 ശതമാനം പേരും മിതമായോ ഗുരുതരമായോ വൈകല്യമുള്ളവരാണ്. ഇതു മൂലം മിക്കവരിലും വേദന, വിഷാദം, ഉത്കണ്ഠ, പ്രചോദനക്കുറവ് എന്നിവ കാണാറുണ്ട്. സ്‌ട്രോക്കിനെ അതിജീവിച്ചവരിൽ 62 ശതമാനം പേർ സ്‌ട്രോക്കിനു മുൻപ് ജോലി ചെയ്തിരുന്നുവെങ്കിലും, 20 ശതമാനം പേർ മാത്രമാണ് സ്‌ട്രോക്കിനു ശേഷം ജോലിയിൽ തിരികെ പ്രവേശിച്ചിരുന്നത് എന്നും ശ്രീചിത്ര ആശുപത്രിയുടെ പഠനം കാണിക്കുന്നു. പക്ഷാഘാതത്തെ അതിജീവിച്ചവർ കഴിയുന്നത്ര വേഗം ജോലിയിൽ മടങ്ങിയെത്തുന്നത് വളരെ പ്രധാനമാണ്. സ്ട്രോക്ക് സപ്പോർട്ട് ഗ്രൂപ്പുകളുടെ സഹായത്തോടെ സ്ട്രോക്ക് അതിജീവിതർക്ക് ജോലിയിലേക്കും സമൂഹത്തിലേക്കും മടങ്ങിയെത്താനാവും.
(തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിലെ ന്യൂറോളജി വിഭാഗത്തിന്റെയും സ്ട്രോക്ക് കെയർ പ്രോഗ്രാമിന്റെയും മേധാവിയാണ് ലേഖിക)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |