കോട്ടയം : എം.ജി സർവകലാശാല കലോത്സവത്തിന് നാളെ തിരിതെളിയും. വൈകിട്ട് നാലിന് തിരുനക്കര മൈതാനത്ത് സിനിമാതാരം മുകേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടക സമിതി ചെയർമാൻ മന്ത്രി വി.എൻ.വാസവൻ പത്രസമ്മേളനത്തിൽ പറഞ്ഞു. ഉച്ചയ്ക്ക് 2.30 ന് വിളംബര ജാഥ പൊലീസ് പരേഡ് ഗ്രൗണ്ടിൽ നിന്നാരംഭിക്കും. ഉദ്ഘാടന ചടങ്ങിൽ സിനിമാ താരങ്ങളായ അനശ്വര രാജൻ, ദുർഗ കൃഷ്ണ എന്നിവർ പങ്കെടുക്കും. നടൻ വിജയരാഘവൻ, സംവിധായകൻ എം.എ. നിഷാദ് എന്നിവരെ ചടങ്ങിൽ ആദരിക്കും. 215ലധികം കോളേജുകളിൽ നിന്നായി 7000 ത്തിധികം വിദ്യാർത്ഥികൾ കലോത്സവത്തിൽ പങ്കെടുക്കും. 9 വേദികളിലായി 74 ഇനങ്ങളിലായാണ് മത്സരങ്ങൾ. മാർച്ച് മൂന്നിന് വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപന യോഗം മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തിൽ യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ വി.ആർ. രാഹുൽ, ജനറൽ സെക്രട്ടറി അജിൻ തോമസ്, സംഘാടക സമിതി ജനറൽ കൺവീനർ മെൽബിൻ ജോസഫ്, പ്രോഗ്രാം കൺവീനർ ബി. ആഷിക് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |