SignIn
Kerala Kaumudi Online
Wednesday, 22 May 2024 10.57 AM IST

തട്ടിൻപുറത്തെ ഭീകരന്മാർ 

k

കരുത്തനായ മുഖ്യമന്ത്രിക്ക് ഭീകരന്മാരായ ശത്രുക്കൾ ഒരുപാടുണ്ടെങ്കിലും വീടിന്റെ തട്ടിൻപുറത്ത് പതുങ്ങിയിരിക്കുന്ന കൊടുംഭീകരന്മാരുണ്ടെന്ന് ഇപ്പോഴാണ് ലോകമറിഞ്ഞത്. സങ്കടം സഹിക്കവയ്യാതെ മുഖ്യമന്ത്രി തന്നെ ഇക്കാര്യം വെളിപ്പെടുത്തിയതിനാൽ വിശ്വസിക്കാതെ വയ്യ. റെഡ് കമാൻഡോകളും പൊലീസ് സഖാക്കളും രാവും പകലും ക്ലിഫ് ഹൗസിനു പുറത്ത് മസിലുപിടിച്ചു നിൽക്കുമ്പോഴാണ് ഈ അക്രമം. സംഘികളുടെ ഊരിപ്പിടിച്ച വാളുകളുടെയും സാമ്രാജ്യത്വ ഭീകരന്മാരുടെ ഒളിയമ്പുകളുടെയും ഇടയിലൂടെ നെഞ്ചുവിരിച്ചു നടന്ന ഒരു കോമ്രേഡിനെ മൂത്രമൊഴിച്ച് പേടിപ്പിക്കാനാണ് തട്ടിൻപുറം താവളമാക്കിയ മരപ്പട്ടികളുടെ നീക്കം.

കേൾക്കുമ്പോൾ നിസാരമായിട്ടു തോന്നാമെങ്കിലും രാസായുധത്തേക്കാൾ കടുകട്ടിയാണത്രേ മൂത്രപ്രയോഗം. തട്ടിൻപുറത്ത് ഓടിനടന്ന് മൂത്രമൊഴിക്കുന്നതിനാൽ അടുക്കളയിലും കിടപ്പുമുറിയിലുമെല്ലാം 'പനിനീർമഴ". അറേബ്യൻ അത്തർ എത്രയൊക്കെ തേച്ചുപിടിപ്പിച്ചാലും രക്ഷയില്ല. നൂറുകണക്കിനു പ്രശ്‌നങ്ങളുമായി മല്ലടിച്ച് രാത്രിയിലൊന്നു വിശ്രമിക്കാൻ ക്ലിഫ് ഹൗസിൽ എത്തുമ്പോൾ കിടക്കയിലും കുടിവെള്ളത്തിലുമെല്ലാം മൂക്കുകരിഞ്ഞുപോകുന്ന ഗന്ധം അനുഭവപ്പെടുന്നതായാണ് പരാതി. ഇസ്തിരിയിട്ടു വച്ച ഷർട്ടിലും മുണ്ടിലും നനവു കണ്ടപ്പോൾ ആദ്യമൊന്നും കാര്യമാക്കിയില്ല. ചുളിവുമാറ്റാൻ നന്നായി വെള്ളംതളിച്ച് ഇസ്തിരിയിട്ടതാവുമെന്നു കരുതി അതും ധരിച്ച് പുറത്തിറങ്ങുകയും ചെയ്തു. അടുത്തുവന്നവരുടെയൊക്കെ മുഖം ചുളിയുകയും മൂക്ക് പ്രത്യേക ഏക്ഷനിൽ വിടരുകയും ചെയ്തപ്പോഴാണ് എന്തോ പന്തികേടു തോന്നിയത്. പാർട്ടിയിലെ മൂക്കന്മാരുടെ സൂക്ഷ്മപരിശോധനയിൽ കാര്യംപിടികിട്ടി. തട്ടിൻപുറത്തേക്ക് ഗൺമാൻമാരെ അയച്ച് 'രക്ഷാപ്രവർത്തനത്തിലൂടെ" മരപ്പട്ടികളെ താഴെയിറക്കാമെന്നു വച്ചാലും രക്ഷയില്ല. മരപ്പട്ടികളെ നേരിടാനുള്ള ടെക്‌നിക് പൊലീസ് അക്കാഡമിയിൽ പഠിപ്പിച്ചിട്ടില്ല. പഠിപ്പിച്ചെടുക്കുമ്പോഴേക്കും മന്ത്രിസഭയുടെ കാലാവധി തീരുകയും ചെയ്യും.

പണ്ടൊക്കെ പെട്ടിക്കെണിയിൽ വീഴ്ത്തി ഫ്രൈയാക്കാമായിരുന്നെങ്കിലും ഇപ്പോൾ, കടികിട്ടുന്ന കേസാണ്. മൂന്നുവർഷത്തിനിടെ ഒന്നരക്കോടിയിലേറെ രൂപ മുടക്കി ക്ലിഫ് ഹൗസ് നവീകരിച്ചിട്ടും തട്ടിൻമുകളിൽ പാട്ടുംപാടി പാടി നടക്കുന്ന മരപ്പട്ടികൾ കൊടുംഭീകരന്മാരാണ്. കേന്ദ്രത്തിലെ ഫാസിസ്റ്റ് സർക്കാർ കേരളത്തിന്റെ വരുമാനം മുഴുവൻ പിടിച്ചുവച്ചിട്ടും മരപ്പട്ടി വേട്ടയ്ക്കുള്ള ഫണ്ട് ബക്കറ്റ് പരിവിലൂടെ സഖാക്കൾ സമാഹരിക്കുകയായിരുന്നു. മരപ്പട്ടിയുടെ ഉറ്റസുഹൃത്തായ ഈനാംപേച്ചിയെ ഇതുവരെ കണ്ടെത്താത്തതിനാൽ ആ വകയിലൊരു പിരിവ് ഒഴിവാക്കാൻ കഴിഞ്ഞു.

മരപ്പട്ടികൾ ഉത്തരേന്ത്യയിൽ നിന്നെത്തിയതാണോയെന്ന് സഖാക്കൾ ആദ്യമൊന്ന് ആശങ്കപ്പെട്ടെങ്കിലും അല്ലെന്ന് വ്യക്തമായി. ഗവർണറും പൊറുതിമുട്ടുകയാണത്രേ. പിണങ്ങിയിട്ടോ ബഹളം വച്ചിട്ടോ കാര്യമില്ലാത്തതിനാൽ മൂപ്പര് കുറേക്കാലം വീടുമാറി താമസിക്കുകയായിരുന്നു. രാജഭരണകാലത്ത് പണിത മന്ത്രിമന്ദിരങ്ങൾ പൊളിച്ചുകളഞ്ഞ് മരപ്പട്ടി കയറാത്ത കൊച്ചുകൂരകൾ പണിയണമെന്ന് മന്ത്രിമാർക്ക് ആഗ്രഹമുണ്ടെങ്കിലും അസൂയാലുക്കളുടെ പാരവയ്പ് പേടിച്ച് മിണ്ടാൻ വയ്യ. കോടികൾ വിഴുങ്ങാനുള്ള പണിയാണെന്ന് സകലവന്മാരും വിളിച്ചുകൂവും. സംഘികളാണ് മുന്നിൽ. ക്ലിഫ് ഹൗസിലോ കന്റോൺമെന്റ് ഹൗസിലോ താമസിക്കേണ്ടി വരുമല്ലോയെന്ന ആശങ്ക ഒട്ടുമില്ലാത്തതിനാൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് എന്തും പറയാം.

കന്റോൺമെന്റ് ഹൗസിൽ

സംയുക്താക്രമണം

ഇതെല്ലാം കണ്ട് കോൺഗ്രസുകാർക്ക് സന്തോഷമാകുമെന്നാണ് സകലരും കരുതിയതെങ്കിലും ഇതിലും ഭീകരമാണ് തന്റെ അവസ്ഥയെന്ന് കന്റോൺമെന്റ് ഹൗസിൽ താമസിക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഭരണ, പ്രതിപക്ഷ വിവേചനമില്ലാതെയാണ് മരപ്പട്ടികളുടെ മാരകപ്രയോഗം. പുലർച്ചെ കൃത്യം നാലിനാണത്രേ ആക്രമണം. മൂത്രം മുഖത്ത് വീണാൽ ക്ലോക്കിൽ നോക്കാതെതന്നെ, നാലുമണിയായെന്ന് ഉറപ്പിക്കാം. തൂവെള്ള ഖദർ ഷർട്ടിൽ മൂത്രമൊഴിച്ച് ഭൂപടങ്ങൾ സൃഷ്ടിക്കാൻ മരപ്പട്ടികൾ മത്സരിക്കുകയാണെന്ന് സതീശൻജി സങ്കടപ്പെടുമ്പോൾ സംഘികളുടെ വരെ കണ്ണുനിറഞ്ഞുപോകുന്നു. ഇതിനു പുറമേ കീരിയും എലിയും ആക്രമിക്കാൻ എത്തുന്നുണ്ട്. കീരിയും എലിയും മൂത്രപ്രയോഗം നടത്തുന്നുണ്ടോയെന്ന് പ്രതിപക്ഷനേതാവ് വ്യക്തമാക്കിയിട്ടില്ല.

അടുത്ത തിരഞ്ഞെടുപ്പിനു ശേഷം കന്റോൺമെന്റ് ഹൗസിൽ നിന്ന് ക്ലിഫ് ഹൗസിൽ എത്തിയാലും മരപ്പട്ടികൾ കാത്തിരിപ്പുണ്ടാവുമെന്നത് പ്രതിപക്ഷ നേതാവിനെ ആശങ്കപ്പെടുത്തുന്നു. സഖാക്കൾ, സംഘികൾ, മരപ്പട്ടി, എലി, കീരി എന്നിവരോട് ഒരേസമയം പോരാടേണ്ട അവസ്ഥയിലാണ് കോൺഗ്രസുകാർ. തല്ലുന്നതോ കൊല്ലുന്നതോ ഗാന്ധിയൻരീതി അല്ലാത്തതിനാൽ സതീശൻജി കടുംകൈയൊന്നും ചെയ്യില്ലെന്ന് മരപ്പട്ടികൾക്ക് ഉറപ്പുണ്ട്.

വാളുകൾക്കും വെടിയുണ്ടകൾക്കും ഇടയിലൂടെ നടന്നിട്ടില്ലെങ്കിലും പാർട്ടിക്കുള്ളിൽ ഒരുപാട് പാരകൾക്കിടയിലൂടെ ചാടിമറിഞ്ഞ് പ്രതിപക്ഷ നേതാവിന്റെ കസേരയിലെത്തിയ തികഞ്ഞ ഗാന്ധിയനാണ് സതീശൻജി. ക്ഷുദ്രജീവികൾ ഒരു പ്രശ്‌നമേയല്ല. ഏതു തുരപ്പനെയും കെണിയിലാക്കാനും തുരത്താനുമുള്ള വിദ്യ സതീശൻജിയുടെ കൈയിലുണ്ടെന്ന് അടുത്തചങ്ങാതിയായ കെ.പി.സി.സി പ്രസിഡന്റ് സുധാകർജിക്ക് അറിയാം. ഇതിനെല്ലാമുള്ള പരിശീലനം നേടിയവരാണ് കോൺഗ്രസുകാർ. ശശി തരൂരിനോളം മാരകമല്ലെങ്കിലും ഇംഗ്ലീഷിൽ ആക്രമിക്കാൻ മോശക്കാരനല്ല സതീശൻ. അറ്റകൈക്ക് മരപ്പട്ടികൾക്കു നേരെ അതു പ്രയോഗിച്ച് സതീശൻ രക്ഷപ്പെടുമെന്ന് സുധാകർജിക്ക് ഉറപ്പുണ്ട്.

ഉറക്കത്തിലൊരു

നിലവിളിശബ്ദം

തിരഞ്ഞെടുപ്പ് അടുത്തതോടെ പല കോൺഗ്രസ് നേതാക്കളും ഉറക്കത്തിൽ ഞെട്ടിയെഴുന്നേറ്റ് നിലവിളിക്കുകയാണെന്ന അരമന രഹസ്യം അങ്ങാടിപ്പാട്ടായിത്തുടങ്ങി. ഉത്തരേന്ത്യയിൽ വ്യാപകമായിരുന്ന ഈ അസുഖം കേരളത്തിലുമെത്തി. ഉറപ്പാക്കി വച്ചിരുന്ന പല കസേരകളും കള്ളൻമാർ കടത്തിക്കൊണ്ടുപോവുന്നത് സ്വപ്‌നം കണ്ടാൽ എങ്ങനെ എഴുന്നേൽക്കാതിരിക്കും. ചില സത്യങ്ങൾ ഉൾക്കൊള്ളാനാവാത്തതാണ് ഇതിനു കാരണം. നെല്ലും പതിരും തിരിച്ചറിയാതെ നിലവിളിച്ചിട്ടു കാര്യമില്ല. ഇന്നത്തെ കുട്ടികൾ നാളത്തെ പൗരന്മാരും ഇന്നത്തെ കോൺഗ്രസുകാർ നാളത്തെ ബി.ജെ.പിക്കാരുമാണെന്ന വസ്തുത ഉൾക്കൊണ്ടാൽ ആശങ്കകൾ മാറി സുഖമായി ഉറങ്ങാം. കേരളത്തിലെ പല നേതാക്കൾക്കും പകൽപോലും സുഖമായി ഉറങ്ങാൻ കഴിയുന്നുണ്ട്. കസേരയുടെ നിറത്തിലല്ല, അതിൽ ഇരിക്കുന്നതിലാണ് കാര്യം. നിന്നു കാലുകഴച്ചാൽ ഇരുന്നേ പറ്റൂ. അല്ലെങ്കിൽ കിടന്നുപോകും.

ഏറ്റവുമൊടുവിൽ, ബീഹാറിലും ഹിമാചലിലും കാശ് വീശി വശീകരിച്ച് കോൺഗ്രസ് നേതാക്കളെ സംഘികൾ കടത്തിക്കൊണ്ടുപോവുകയാണ്. ബാക്കിയെല്ലായിടത്തും ഏറെക്കുറെ പൂർത്തിയായി. വശീകരണം എന്ന ആഭിചാരക്രിയയിലൂടെ ഗാന്ധിയൻ പ്രസ്ഥാനത്തെ തകർക്കാനാണ് നീക്കമെങ്കിലും അത് നടപ്പില്ല. ഇങ്ങനെ പോകുന്നവരാരും ചതിയന്മാരല്ലെന്ന സത്യം രാഷ്ട്രീയ കേരളം ഇനിയെങ്കിലും തിരിച്ചറിയണം. ഉത്തമഗാന്ധിയൻമാർക്കേ ഇങ്ങനെ ചിന്തിക്കാൻ കഴിയൂ. പ്രലോഭനങ്ങളിൽ വീഴുന്നവരല്ല കോൺഗ്രസുകാർ.

കാവി പാളയത്തിലെത്തി, അല്ലയോ സംഘികളെ നിങ്ങളീ ചെയ്യുന്നത് ശരിയാണോ, സത്യത്തിലേക്ക് മടങ്ങിവരൂ എന്നു പറയാനാണ് നേതാക്കൾ പോകുന്നത്. അതിന് ഇന്നല്ലെങ്കിൽ നാളെ ഫലമുണ്ടാകും. നന്മകൾ തിരിച്ചറിഞ്ഞ് സംഘികളെല്ലാം കോൺഗ്രസുകാരായി തിരികെയെത്തുന്ന ഒരു കാലം വിദൂരമല്ല. അന്ന് ഒരു കമ്മ്യൂണിസ്റ്റുകാരൻ പോലും ഇന്ത്യാ മഹാരാജ്യത്ത് ഉണ്ടാവില്ല. ഇതേ രീതി നടപ്പാക്കി കേരളത്തെയും ശരിപ്പെടുത്തിയെടുക്കാൻ ചില കോൺഗ്രസ് നേതാക്കൾ തകൃതിയായി ആലോചിക്കുന്നുണ്ടെന്നാണ് വിവരം. എല്ലാവരും കൂടിവന്നാൽ ഇട്ടുകൊടുക്കാനുള്ള കസേരയ്ക്ക് എവിടെപ്പോകുമെന്ന ആശങ്കയിലാണ് കേരള പരിവാറുകാർ. പായയിലാണെങ്കിലും ഇരുന്നോളാമെന്ന് ചില ഖദറുകാർ പറഞ്ഞതായാണ് സൂചന.

കെ.പി.സി.സിയെ ഡബിൾ സ്‌ട്രോംഗ് ആക്കാൻ 77 പേരെയാണ് സെക്രട്ടറിമാരാക്കിയത്. 22 ജനറൽ സെക്രട്ടറിമാർക്ക് ഇവർ ബുദ്ധി ഉപദേശിക്കുന്നതോടെ കേരളത്തിൽ ചിലതെല്ലാം സംഭവിച്ചേക്കാം. ആവശ്യത്തിന് സെക്രട്ടറിമാരില്ലാത്തത് വലിയ പ്രശ്‌നമായിരുന്നു. വലിയൊരു പ്രസ്ഥാനമായതിനാൽ ചുരുങ്ങിയത് 100 സെക്രട്ടറിമാരെങ്കിലും വേണ്ടതാണ്. സംഘികൾക്കും സഖാക്കൾക്കും ചാനൽ ചർച്ചകൾക്കിടെ ക്യാപ്‌സൂളുകൾ തയ്യാറാക്കാൻ ഒരുപാട് സെക്രട്ടറിമാരുണ്ട്. ഇക്കാര്യത്തിൽ ശ്രദ്ധിക്കാതിരുന്നത് കോൺഗ്രസിന് ഒരുപാട് നാണക്കേടുണ്ടാക്കി. പുതിയ സെക്രട്ടറിമാർ ക്യാപ്‌സൂൾ വിദഗ്ദ്ധരാണെന്നാണ് റിപ്പോർട്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: POLITICS
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.