SignIn
Kerala Kaumudi Online
Wednesday, 22 May 2024 8.42 PM IST

ഹിൽ ഇന്ത്യ ഇനി ഇല്ല; സംസ്ഥാനത്തെ ആദ്യ കേന്ദ്രപൊതുമേഖലാ സ്ഥാപനം പൂട്ടി

hil

കൊച്ചി: സംസ്ഥാനത്തെ ആദ്യ കേന്ദ്രപൊതുമേഖലാ സ്ഥാപനം ഓർമ്മയായി. കീടനാശിനി നിർമ്മിക്കാനായി 1958ൽ ഏലൂരിൽ തുടങ്ങിയ ഹിന്ദുസ്ഥാൻ ഇൻസെക്ടിസൈഡ്‌സ് ലിമിറ്റഡ് എന്ന ഹിൽ ഇന്ത്യ ലിമിറ്റഡ് പ്രവർത്തനം അവസാനിപ്പിച്ചു. യൂണിറ്റ് മേധാവിയുൾപ്പെടെ എല്ലാവരെയും വി.ആർ.എസ് ആനുകൂല്യങ്ങളോടെ പിരിച്ചുവിട്ടു. 44 പേർക്ക് 35 മാസത്തെ ശമ്പളം മാർച്ച് 31ന് അക്കൗണ്ടി​ലെത്തി​. 36 മാസത്തെ പി.എഫ് വിഹിതം കമ്പനി​ അടയ്ക്കും. കാന്റീനി​ലെ നാല് കരാർ ജീവനക്കാരുടെ ശമ്പളക്കുടി​ശി​കയുടെ പ്രശ്നത്തി​ൽ ഉടൻ തീരുമാനമുണ്ടാകും.

പഞ്ചാബിലെ ഭട്ടിൻഡയിലെ നിർമ്മാണയൂണിറ്റും ഇതി​നൊപ്പം പൂട്ടി. മഹാരാഷ്ട്രയിലെ രസയനി​യിലെ നി​ർമ്മാണയൂണി​റ്റ് മാത്രമാണ് ഇനി​ അവശേഷി​ക്കുന്നത്. ഏതാനും വർഷങ്ങളായി പ്രതിസന്ധിയിലായിരുന്നു സ്ഥാപനം. ഒന്നരവർഷംമുമ്പ് വൈദ്യുതി​ വി​ച്ഛേദി​ച്ചതോടെ ഉത്പാദനം പൂർണമായും നി​ലച്ചതാണ്. ഏലൂർ യൂണിറ്റിന്റെ പൂട്ടൽ നടപടികൾ പൂർത്തിയാക്കാൻ അഞ്ച് മാനേജർമാർക്ക് ചുമതല നൽകിയിട്ടുണ്ട്.

2015വരെ ലാഭത്തിൽ

380കോടിരൂപവരെ വിറ്റുവരവുണ്ടായ കമ്പനി 2015വരെ ലാഭത്തിലായിരുന്നു. കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്‌സ് മന്ത്രാലയത്തിന്റെ കീഴിലാണ് സ്ഥാപനം. ഭാവി ശോഭനമല്ലെന്നും വിറ്റൊഴിഞ്ഞാലും നേട്ടമുണ്ടാകില്ലെന്നും കാട്ടി നീതിആയോഗ് സമർപ്പിച്ച നിർദ്ദേശപ്രകാരം കമ്പനിപൂട്ടാൻ 2023 ഫെബ്രുവരിയിൽ മന്ത്രാലയം തീരുമാനിച്ചതാണ്. തുടർന്ന് 16 ജീവനക്കാരെ രസായനിയിലേക്ക് സ്ഥലംമാറ്റി. 1,300ലേറെപ്പേരുണ്ടായ ഏലൂർ പ്ളാന്റിൽ 67 പേരാണ് അവശേഷി​ച്ചി​രുന്നത്.
എൻഡോസൾഫാൻ നിരോധനം, ഡി.ഡി.ടി, ബി.എച്ച്.സി, ഡൈകോഫോൾ എന്നിവയുടെ പ്ളാന്റുകൾ അടച്ചുപൂട്ടിയതുമാണ് കമ്പനിയെ പ്രതിസന്ധിയിലാക്കി​യത്.

• ഡി​.ഡി​.ടി​യുടെ രാജാവ്

മലേറിയ നിർമ്മാർജ്ജന പരിപാടിക്കായി ഡി.ഡി.ടി നിർമ്മിക്കാൻ 1954ലാണ് ഹി​ന്ദുസ്ഥാൻ ഇൻസെക്ടി​സൈഡ്സ് സ്ഥാപി​ച്ചത്. 1958ൽ ഏലൂർയൂണി​റ്റും. ഡി.ഡി.ടിയുടെ ലോകത്തെ ഏറ്റവും വലിയനിർമ്മാതാവ് ഹിൽഇന്ത്യയായിരുന്നു. ഏലൂർ ഫാക്ടറിയിൽ എൻഡോസൾഫാൻ, ഡി.ഡി.ടി എന്നി​വയാണ് നിർമ്മിച്ചിരുന്നത്. പി​ന്നീട് ഇവ നി​റുത്തി​. രണ്ടുവർഷം മുമ്പുവരെ മാംഗോസെബ് എന്ന ജൈവകീടനാശി​നിയും ഹി​ൽ ഗോൾഡ് എന്ന വളവുമായി​രുന്നു ഉത്പാദനം. ബ്രസീൽ, സ്‌പെയിൻ, അർജന്റീന എന്നീ രാജ്യങ്ങളിലേക്ക് കയറ്റുമതിയും ചെയ്തി​രുന്നു.

മലിനീകരണവും വിഷവസ്തുക്കൾ കൈകാര്യം ചെയ്യുന്നതിലെ വീഴ്ചകളുംമൂലം ഹിൽ പൂട്ടാൻ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് 2011 മേയ് 10ന് ഉത്തരവായതാണ്.

• 48.23 ഏക്കർ

ഏലൂരി​ൽ 34.27 ഏക്കറും പാതാളത്ത് കമ്പനി ഉടമസ്ഥതയിലുള്ളതും സംസ്ഥാന സർക്കാർ വാടകയ്ക്ക് നൽകിയതും ഉൾപ്പെടെ 13.96 ഏക്കറും ഭൂമി​ ഹി​ല്ലി​നുണ്ട്. കേന്ദ്രസർക്കാർ സ്ഥാപനമായ സിപ്പെറ്റി​നും ഫയർസ്റ്റേഷനുമായി​ പാതാളത്തെ സ്ഥലത്തുനി​ന്ന് 4.5 ഏക്കർ വി​ട്ടുനൽകി​.

• പറയാൻ വാക്കുകളി​ല്ല. ഒരുപാട് പേരുടെ സ്വപ്നങ്ങൾക്കും ജീവി​തങ്ങൾക്കുമാണ് തി​രശീല വീഴുന്നത്. 16വർഷത്തെ സർവീസ് ബാക്കി​യുണ്ട്. ആനുകൂല്യങ്ങൾ കി​ട്ടി​യത് ആശ്വാസമാണ്.

രൂപേഷ്, ജനറൽ സെക്രട്ടറി (ബി.എം.എസ്).

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.