
മുഹമ്മ: മേടച്ചൂടിൽ നാട് വെന്തെരിയുന്നു. ദാഹം കൊണ്ട് തൊണ്ട വരളുന്നു. ആപ്പോൾ ഇതാ, കാവുങ്കൽ -പൊന്നാട് റോഡിലെ യാത്രക്കാർക്കായി ഒരു കൂജ നിറയെ തണുത്ത വെള്ളം കാത്തിരിക്കുന്നു!
നന്ദനം വീടിന്റെ (കുറുപ്പശ്ശേരി) വീട്ടുപടിക്കലാണ് റോഡിനോട് ചേർന്ന്
യാത്രക്കാർക്കായി ദാഹജലം മൺകൂജയിൽ കരുതിവച്ചിരിക്കുന്നത്.
അതും രാമച്ചത്തിന്റെ സുഗന്ധമുള്ള ശുദ്ധമായ കുടിവെള്ളം. ചോദിക്കാനോ, എടുത്തുതരാനോ ആരുമില്ല. സ്റ്റൂളിൽ വച്ചിരിക്കുന്ന
മൺകൂജയിൽ നിന്ന് ദാഹം തീരുവോളം വെള്ളമെടുത്ത് കുടിക്കാം.
ഒമാനിൽ ജോലി ചെയ്യുന്ന ബാബുവിന്റെ ഭാര്യ നിഷയാണ് വഴിയരുകിലെ ഈ ജലസംഭരണി ഒരുക്കിയിരിക്കുന്നത്. പൊന്നാട് റോഡിലൂടെ ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ ആലപ്പുഴ - തണ്ണീർമുക്കം റോഡിലെ കാവുങ്കൽ എത്താം. യാത്രക്കാരിൽ അധികവും കാൽനടക്കാരാണ്. ദിവസേന നൂറ് കണക്കിന് യാത്രക്കാർ ഇതുവഴി അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിക്കുന്നുണ്ട്. എന്നാൽ, ഈ റോഡിൽ ഒരു കടപോലുമില്ലെന്നത് വഴിവക്കിലെ ഈ കുടിവെള്ള സംഭരണിയുടെ പ്രസക്തി വർദ്ധിപ്പിക്കുന്നു.
വീട്ടമ്മയുടെ വലിയ മനസ്
വീട്ടമ്മയായ നിഷ രണ്ടാഴ്ച മുമ്പാണ് വഴിവക്കിലെ കുടിവെള്ള സംവിധാനം നടപ്പാക്കിയത്. വീട്ടിൽത്തന്നെ ബ്യൂട്ടി പാർലർ നടത്തുന്ന അവർ, എത്ര തിരക്കുണ്ടെങ്കിലും ഇടക്കിടെ വന്ന് കൂജയിൽ വെള്ളം നിറച്ച് വയ്ക്കാറുണ്ട്.
മുഴുവൻ സമയവും വീട്ടിലുണ്ടായിട്ടും, എപ്പോഴും വെള്ളം കുടിച്ചിട്ടും ദാഹം ശമിക്കുന്നില്ല. അപ്പോൾ പിന്നെ വെയിലത്ത് സഞ്ചരിക്കുന്നവരുടെ കാര്യം പറയേണ്ടതില്ലല്ലോ. അത് ഓർത്താണ് വീട്ടുപടിക്കൽ ഇത്തരമൊരു സൗകര്യമൊരുക്കിയതെന്ന് നിഷ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |