
മാന്നാർ: കൊയ്ത്ത് കഴിഞ്ഞ പാടശേഖരങ്ങളിലേക്ക് തൂമ്പ് തുറന്ന് വിട്ട് വെള്ളം കയറ്റുന്നത് വൈദ്യുതി ലൈനിലെ അറ്റകുറ്റപ്പണികൾക്ക് തടസമുണ്ടാക്കുന്നതായി കെ.എസ്.ഇ.ബി അധികൃതർ. മാന്നാർ ഗ്രാമപഞ്ചായത്തിലെ വിവിധ പാടശേഖരങ്ങളിൽ കൊയ്ത്ത് പൂർണ്ണമായും അവസാനിച്ചതോടെ വൈദ്യുതി ലൈനുകളിൽ അറ്റകുറ്റപ്പണികൾ പുരോഗമിച്ച് വരുന്നതിനിടെയാണ് തൂമ്പ് തുറന്ന് പാടശേഖരങ്ങളിലേക്ക് വെള്ളം കയറ്റി വിടാൻ തുടങ്ങിയത്.
കെ.എസ്.ഇ ബിയുടെ അറിവോടെ മാത്രമേ പാടശേഖരങ്ങളിലേക്ക് വെള്ളം കയറ്റാവൂ എന്ന് മാന്നാർ ഇലക്ടിക്കൽ സെക്‌ഷൻ അസി.എൻജിനീയർ മാന്നാർ, വീയപുരം, ചെന്നിത്തല, പാണ്ടനാട് കൃഷി ഓഫീസർമാർക്കും പഞ്ചായത്ത് സെക്രട്ടറിമാർക്കും ദിവസങ്ങൾക്ക് മുമ്പേ രേഖാമൂലം അറിയിപ്പ് നൽകിയിരുന്നു. അതാത് സ്ഥലങ്ങളിലെ പാടശേഖര സമിതികളെ കൃഷി ഓഫീസർമാർ ഈ വിവരം അറിയിക്കുകയും ചെയ്തു. വെള്ളംകയറിയതോടെ വൈദ്യുതി ലൈനുകളുടെയും പോസ്റ്റുകളുടെയും സുരക്ഷ സംബന്ധിച്ച ജോലികൾ അടുത്ത മൺസൂൺ ആരംഭിക്കുന്നതിന് മുമ്പ് പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് മാന്നാർ കെ.എസ്.ഇ.ബി അധികൃതർ വ്യക്തമാക്കി.
പാടശേഖരങ്ങളിൽ വെള്ളം കയറ്റിയതോടെ വൈദ്യുതി സംബന്ധമായ ജോലികൾക്ക് തടസം നേരിട്ടതായി കെ.എസ്.ഇ.ബി
താറാവു കർഷകരും മീൻപിടുത്തക്കാരുമാണ് കൊയ്ത്ത് കഴിഞ്ഞ പാടങ്ങളിൽ വെള്ളം കയറ്റി വിടുന്നതെന്നാണ് നെൽകർഷകരുടെ ആരോപണം
ഇത്തവണ കാലാവസ്ഥ ഏറെ അനുകൂലമായതിനാൽ അടുത്ത കൃഷി കൂടുതലായി നടത്തുന്നതിനുള്ള ശ്രമത്തിലാണ് നെൽകർഷകർ
നേരത്തേ കൃഷി ഒരുക്കങ്ങൾ നടത്തുന്നതിനായാണ് വൈദ്യുതി അറ്റകുറ്റപ്പണികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ ശ്രമം നടക്കുന്നത്
മുൻകൂട്ടി അറിയിച്ചതിന് ശേഷമേ വെള്ളം കയറ്റാവൂ എന്നറിയിച്ചിട്ടും അത് പാലിക്കപ്പെടുന്നില്ല. ഇതിനെതിരെ നിയമപരമായ നടപടികൾ കൈക്കൊള്ളും
- ഹരികുമാർ പി.സി, മാന്നാർ കൃഷി ഓഫീസർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |