ഭീമനടി: മലയോരത്ത് മുഴുവൻ ഇന്നലെ വൈകുന്നേരം ശക്തമായ കാറ്റും മഴയും ഉണ്ടായി. മഴയും കാറ്റിനും ഒപ്പം എത്തിയ ഇടിമിന്നൽ മലയോരത്തെ പ്രകമ്പനം കൊള്ളിച്ചു. കാറ്റിലും മഴയിലും മരങ്ങൾ പൊട്ടി വീണ് കമ്പി പൊട്ടി വിതരണ സംവിധാനം താറുമാറായതോടെ വൈദ്യുതി വിതരണവും മുടങ്ങി. തെങ്ങുകളും മരങ്ങളും കടപുഴകി വീണ് ഏതാനും വീടുകൾക്കും നാശനഷ്ടം സംഭവിച്ചു.
ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം വിരുന്നെത്തിയ മഴ മലയോരത്തെ തണുപ്പിച്ചു. ചുട്ടുപൊള്ളുന്ന വേനലിന് അല്പം ആശ്വാസമായി ഇന്നലെ വൈകുന്നേരം നാലര മുതൽ സന്ധ്യ വരെ നീണ്ടു നിന്ന കനത്ത മഴ.
എളേരിത്തട്ട്, നർക്കിലക്കാട്, ഭീമനടി, വെള്ളരിക്കുണ്ട് തുടങ്ങിയ പ്രദേശങ്ങളിൽ എല്ലാം അപ്രതീക്ഷിതമായി മഴ ലഭിച്ചു. ബളാൽ, ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പരിധികളിൽ എല്ലാം കനത്ത മഴയുണ്ടായി. നേരത്തെ മാലോം, കൊന്നക്കാട്, ചെറുപുഴ ഭാഗങ്ങളിൽ മഴ ലഭിച്ചിരുന്നെങ്കിലും ഭീമനടി, എളേരി ഭാഗങ്ങളിൽ മഴ കിട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |