ബേപ്പൂർ: മത്സ്യബന്ധന ഹാർബറിന് മുൻവശം ചാലിയാർ ആഴം കൂട്ടുന്ന പ്രവൃത്തി ആരംഭിച്ചിട്ട് ഒരു വർഷം തികഞ്ഞിട്ടും വേണ്ടത്ര മണൽ നീക്കിയില്ലെന്ന് ആക്ഷേപം. 2025 ഏപ്രിൽ 23 നാണ് മണൽ നീക്കം ആരംഭിച്ചത് . ലോ ലെവൽ ജട്ടി മുതൽ കപ്പൽ പൊളിശാല വരെ 450 മീറ്റർ നീളത്തിലും 100 മീറ്റർ വീതിയിലും വാർഫിന്റെ അടിത്തട്ടിൽ നിന്ന് 2.5 മീറ്റർ താഴ്ചയിൽ 65000 ക്യൂബിക്ക് മീറ്റർ മണലാണ് നീക്കം ചെയ്യേണ്ടത്. എന്നാൽ ഒരു വർഷമായിട്ടും പകുതിയോളം മാത്രമേ നീക്കം ചെയ്യാൻ സാധിച്ചിട്ടുള്ളൂ. പുതിയ ലേലപ്പുരയ്ക്ക് മുന്നിലെ ചെങ്കൽ പാറകൾ പൊട്ടിക്കുന്ന പ്രവൃത്തിയാണ് നിലവിൽ നടക്കുന്നത്. തുടക്കത്തിൽ ഒരേ സമയം 400 ക്യൂബിക്ക് മീറ്റർ മണൽ നിറക്കാൻ ശേഷിയുള്ള ബാർജാണ് ഉപയോഗിച്ചതെങ്കിൽ 100 ക്യൂബിക്ക് മീറ്റർ മണൽ നിറക്കാൻ മാത്രം ശേഷിയുള്ള ബാർജാണ് ഇപ്പോൾ ഉപയോഗിക്കുന്നത് . ട്രോളിംഗ് നിരോധന കാലയളവിലും പ്രതികൂല കാലാവസ്ഥയിലും ഡ്രഡ്ജിംഗ് നിറുത്തി വെച്ചിരുന്നു. ഡ്രഡ്ജിംഗ് നടക്കുമ്പോൾ യഥാസമയം ചില ബോട്ടുകൾ മാറ്റി നങ്കുരമിടാത്തതും പ്രവർത്തനത്തെ സാരമായി ബാധിച്ചിരുന്നു. കേന്ദ്ര സംസ്ഥാന സഹായത്തോടെ 5. 94 കോടി വകയിരുത്തി ഗോവ ആസ്ഥാനമായി പ്രവർത്തിക്കുന്ന വെസ്റ്റേൺ ഡ്രഡ്ജിംഗ് കമ്പനിക്കാണ് കരാർ. ഹാർബർ എൻജിനിയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ഡ്രെഡ്ജിംഗ് . കരാറുകാരന് യഥാസമയം തുക ലഭിക്കുന്നില്ലെന്ന ആരോപണവുമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |