തൃശൂർ: സി.എം.പി മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയതോടെ, കോൺഗ്രസും സി.പി.എമ്മും തമ്മിലുള്ള നേർക്കുനേർ പോരാട്ടത്തിന് കളമൊരുങ്ങുകയാണ് കുന്നംകുളത്ത്. മന്ത്രി എ.സി. മൊയ്തീൻ പ്രതിനിധാനം ചെയ്യുന്ന മണ്ഡലം പിടിച്ചെടുക്കാനുള്ള തന്ത്രങ്ങളാവും കോൺഗ്രസ് മെനയുക. രണ്ടു തവണ സി.പി. ജോൺ പരാജയപ്പെട്ടതോടെയാണ് സി.എം.പി കുന്നംകുളം വേണ്ടെന്നുവച്ചത്. പകരം, ജയ സാദ്ധ്യതയുള്ള ഏതെങ്കിലും മണ്ഡലം നൽകും.
തദ്ദേശ തിരഞ്ഞെടുപ്പിൽ മൊയ്തീനെ വടക്കാഞ്ചേരി ലൈഫ് മിഷൻ ഭവനപദ്ധതി ക്രമക്കേടിന്റെ കേന്ദ്രസ്ഥാനത്ത് നിറുത്തി പ്രചാരണം തുടങ്ങിയ കോൺഗ്രസ്, അതേ അടവുകളാവും വീണ്ടും പുറത്തെടുക്കുക. എ.സി. മൊയ്തീനാവും ഇക്കുറിയും ഇടതു സ്ഥാനാത്ഥി. നാട്ടുകാരനും ബി.ജെ.പി ജില്ലാ പ്രസിഡന്റുമായ കെ.കെ. അനീഷ് കുമാറായേക്കും എൻ.ഡി.എ സ്ഥാനാർത്ഥി. കുന്നംകുളം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റും മുൻ ജില്ലാ പഞ്ചായത്തംഗവുമായ കെ. ജയശങ്കറിനെയാണ് കോൺഗ്രസ് പരിഗണിക്കുന്നത്. മുൻ മന്ത്രി കെ.പി. വിശ്വനാഥൻ, മുൻ എം.എൽ.എ ടി.വി. ചന്ദ്രമോഹൻ ,പത്മജ വേണുഗോപാൽ, മുൻമന്ത്രി സി.എൻ. ബാലകൃഷ്ണന്റെ മകൾ സി.ബി. ഗീത എന്നിവരുടെ പേരുകളും ഉയരുന്നുണ്ട്. യു.ഡി.എഫിനെയും എൽ.ഡി.എഫിനെയും മാറി മാറി വരിച്ച പാരമ്പര്യമാണ് കുന്നംകുളത്തിനുള്ളത്. കെ.പി. വിശ്വനാഥൻ രണ്ടു തവണ തിരഞ്ഞെടുക്കപ്പെട്ടതും ഇവിടെ നിന്നാണ്.. ടി.വി. ചന്ദ്രമോഹനും രണ്ട് തവണ ഇവിടെ ജയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |