തൃശ്ശൂർ: ഛത്തീസ്ഗഢിലെ കന്യാസ്ത്രീകളുടെ അറസ്റ്റിൽ കോൺഗ്രസ് പാർട്ടിയെ ശക്തമായി വിമർശിച്ച് ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് ബി. ഗോപാലകൃഷ്ണൻ. ലോക്സഭയിൽ അവർ കാര്യം അവതരിപ്പിക്കാത്തത് എന്തുകൊണ്ടാണെന്നാണ് അദ്ദേഹം ചോദിക്കുന്നത്. കോൺഗ്രസ് ഈ വിഷയം രാഷ്ട്രീയവൽക്കരിക്കുകയാണെന്നും ഗോപാലകൃഷ്ണൻ ആരോപിച്ചു. അതേസമയം ഛത്തീസ്ഗഡിലെ കോൺഗ്രസുകാർ ജീവിച്ചിരിപ്പുണ്ടോ എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തിരക്കണമെന്നും അദ്ദേഹം തുറന്നടിച്ചു.
കന്യാസ്ത്രീകളുടെ മോചനത്തിനായി ബിജെപി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്സഭ തടസ്സപ്പെടുത്തിയവർ ഛത്തീസ്ഗഡ് സംഭവത്തെക്കുറിച്ച് ഒരു ചോദ്യം പോലും ചോദിക്കുകയോ പരസ്യ പ്രസ്താവന നടത്തുകയോ ചെയ്തിട്ടില്ല. കേരളത്തിൽ നിന്നുള്ള കോൺഗ്രസുകാരും കമ്മ്യൂണിസ്റ്റുകളും ജയിലിനു മുന്നിൽ ബഹളം വച്ച് ബജ്രംഗ്ദളിനെയും മറ്റ് ഹിന്ദു സംഘടനകളെയും അപമാനിച്ചപ്പോഴാണ് അവർ രോഷാകുലരായത്.
കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത ദിവസം അതൊരു സാധാരണ സംഭവമായിട്ടാണ് ബഹളം വയ്ക്കുന്നവർ കണ്ടത്. എന്നാൽ പിന്നീട് രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി അവർ ബഹളം വച്ചപ്പോഴാണ് സംഭവമൊരു ഗുരുതരമായ പ്രശ്നമായി മാറുന്നത്. അല്ലെങ്കിൽ കന്യാസ്ത്രീകൾ ഇപ്പോൾ ജാമ്യത്തിൽ പുറത്തിറങ്ങിയേനെ എന്നും ഗോപാലകൃഷ്ണൻ ചൂണ്ടികാണിച്ചു.
മുമ്പ് ഛത്തീസ്ഗഢിൽ കന്യാസ്ത്രീകളെയും പുരോഹിതന്മാരെയും ജയിലിലടച്ച കോൺഗ്രസിന്റെ ചരിത്രത്തെക്കുറിച്ചും ഗോപാലകൃഷ്ണൻ പരാമർശിച്ചു. 2021ലായിരുന്നു കന്യാസ്ത്രീകളേയും പാതിരിമാരേയും 10 മാസം ജയിലിലടച്ച കോൺഗ്രസുകാരെക്കുറിച്ച് അദ്ദേഹം കടന്നാക്രമിച്ചത്. കോൺഗ്രസിന്റെ പ്രവർത്തനങ്ങളിൽ പൊരുത്തക്കേടുകൾ ഉണ്ടെന്ന് സൂചിപ്പിക്കുന്നതായിരുന്നു ഗോപാലകൃഷ്ണന്റെ വാക്കുകൾ. കന്യാസ്ത്രീകൾ കൂടുതൽ കാലം ജയിലിൽ തുടരണമെന്നാണ് അവർ ആഗ്രഹിക്കുന്നതെന്നും. പ്രശ്‌നം തുടങ്ങി വച്ചത് കോൺഗ്രസുകാരാണെന്നും അദ്ദേഹം വാദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |