
□സർക്കാരിനെ കോടതിയിൽ നേരിടാൻ ഗവർണർ
തിരുവനന്തപുരം: നിയമസഭ പാസാക്കിയ ബില്ലുകൾ ഒപ്പിടാത്തതിന് തനിക്കെതിരെ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചാൽ ഭരണഘടനാപരമായ പരിരക്ഷ ചൂണ്ടിക്കാട്ടി കേസിനെ നേരിടാൻ ഗവർണർ. നിയമ, ഭരണഘടനാവിരുദ്ധവും സർക്കാരിന് ദുരുദ്ദേശ്യങ്ങളുള്ളതുമായ ബില്ലുകളാണ് തടഞ്ഞുവയ്ക്കുന്നതെന്നാണ് ഗവർണറുടെ വാദം.
ബില്ലുകളിൽ ഒപ്പിടാത്തതിനെതിരായ ഹർജി കഴിഞ്ഞ നവംബറിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു.
2021നവംബർ മുതലുള്ള ബില്ലുകൾ തടഞ്ഞു വച്ചത് ഭരണപ്രതിസന്ധിയുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാവും സർക്കാർ സുപ്രീംകോടതിയെ സമീപിക്കുക. ബില്ലുകളിലൊപ്പിടാത്തത് ചൂണ്ടിക്കാട്ടി തെലങ്കാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും, ഗവർണർക്ക് നോട്ടീസയയ്ക്കാൻ കോടതി വിസമ്മതിച്ചിരുന്നു. കേരളം കേസിനു പോയാലും നോട്ടീസ് അയയ്ക്കില്ലെന്നാണ് ഗവർണറുടെ വിലയിരുത്തൽ. നോട്ടീസുണ്ടായാൽ ഓരോ ബില്ലും ഒപ്പിടാത്തതിന്റെ കാര്യ കാരണം നിരത്തും. ആശുപത്രികളെയും ആരോഗ്യപ്രവർത്തകരെയും ആക്രമണത്തിൽ നിന്ന് സംരക്ഷിക്കാനുള്ള ബിൽ, ജി.എസ്.ടി നിയമത്തിൽ ഭേദഗതി വരുത്തിയുള്ള നികുതി ചുമത്തൽ നിയമങ്ങൾ(ഭേദഗതി)ബിൽ എന്നിവ കഴിഞ്ഞ 18ന് ഒപ്പിട്ടത് ചൂണ്ടിക്കാട്ടി ഭരണ സ്തംഭനമെന്ന സർക്കാർ വാദത്തെ നേരിടും.
ബില്ലുകൾ ഗവർണർക്ക് അംഗീകരിക്കുകയോ, തടഞ്ഞു വയ്ക്കുകയോ പുനഃപരിശോധനയ്ക്ക് തിരിച്ചയയ്ക്കുകയോ, രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കുകയോ ചെയ്യാം. തിരിച്ചയയ്ക്കുന്ന ബിൽ നിയമസഭ വീണ്ടും പരിഗണിച്ച് ഭേദഗതികളോടെയോ ഇല്ലാതെയോ ഗവർണർക്കയച്ചാൽ ഒപ്പിട്ടേ പറ്റൂ. അതിനാലാണ് തീരുമാനമെടുക്കാതെ രാജ്ഭവനിൽ തടഞ്ഞുവയ്ക്കുന്നത്.
ഒപ്പിടാത്ത ബില്ലുകളും
കാരണവും
1)ചാൻസലർ പദവി വെട്ടൽ (2ബിൽ)
വാഴ്സിറ്റികളിൽ രാഷ്ട്രീയ അതിപ്രസരം. സ്വയംഭരണം ഇല്ലാതാവും.
2)അഞ്ചംഗ സെർച്ച്കമ്മിറ്റി
സർക്കാരിന്റെ ഇഷ്ടക്കാർ വി.സിയാവും.
3)ലോകായുക്ത ഭേദഗതി
സ്വന്തം കേസിൽ സ്വന്തമായി വിധി പറയാൻ സർക്കാരിന് സാഹചര്യമൊരുക്കും.
4)വാഴ്സിറ്റി ട്രൈബ്യൂണൽ
ഹൈക്കോടതിയെ നോക്കുകുത്തിയാക്കി വിരമിച്ച ജില്ലാജഡ്ജിയെ സർക്കാരിന് നിയമിക്കാം
5)പൊതുജനാരോഗ്യ ബിൽ
ആയുഷ് വിഭാഗത്തിന് പരിഗണനയില്ല, അലോപ്പതി ഒഴികെയുള്ള ഡോക്ടർമാർക്ക് പ്രതിഷേധം
6)സ്വകാര്യവനങ്ങൾ നിക്ഷിപ്തമാക്കൽ ബിൽ
പട്ടയം ആധികാരിക രേഖയാണെന്ന് സുപ്രീംകോടതി ഉത്തരവ് മറികടക്കുക ലക്ഷ്യം
7)മിൽമ ഭേദഗതി ബിൽ
മിൽമ ഭരണസമിതിയിൽ നോമിനേറ്റഡ് അംഗങ്ങൾക്ക് വോട്ടവകാശം നൽകാനാവില്ല
2ബില്ലുകൾ കൂടി
എത്തിച്ചു
നിയമസഭ പാസാക്കിയ ഡെയറി ഫാർമേഴ്സ് വെൽഫയർ ഫണ്ട് ഭേദഗതി ബിൽ, ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ആന്വിറ്റി ഒരു ലക്ഷം രൂപ കൂട്ടാനുള്ള ബിൽ എന്നിവ രാജ്ഭവനിലെത്തിച്ചു. ഗുജറാത്തിലെ ആനന്ദ് മാതൃകയിൽ ക്ഷീരസംഘങ്ങളുടെ ഭരണസമിതിയിൽ സർക്കാരിന് നാമനിർദ്ദേശം അനുവദിക്കാനുള്ള ബില്ലിൽ വിശദപരിശോധന വേണമെന്നാണ് ഗവർണറുടെ നിലപാട്. മുംബയിലേക്ക് പോയ ഗവർണർ 2ന് വൈകിട്ട് തിരിച്ചെത്തിയ ശേഷമായിരിക്കും ഇവ പരിശോധിക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |